Asianet News MalayalamAsianet News Malayalam

പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കും; പ്രതിരോധം ശക്തമാക്കാൻ കേരളം

പ്രാഥമിക സമ്പർക്കത്തിൽ വന്നവർ, രോഗികളെ ചികിത്സിക്കുന്നവർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മുൻഗണന. സെക്കണ്ടറി കോണ്ടാക്റ്റുകൾ, പ്രായമായവർ, ഗർഭിണികൾ, മറ്റസുഖമുള്ളവർ, പൊലീസ്, 28 ദിവസത്തിനകം സംസ്ഥാനത്തിനകത്ത് ജില്ലകൾ കടന്ന് യാത്ര ചെയ്തവർ എന്നിവരെയും പരിശോധിക്കും.

Covid 19 Kerala Government to increase testing numbers to combat noval corona virus
Author
Thiruvananthapuram, First Published Apr 26, 2020, 1:24 PM IST

തിരുവനന്തപുരം: കൊവിഡിന്‍റെ അടുത്ത ഘട്ടം മുന്നിൽക്കണ്ട് പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ കേരളം മാർഗ നിർദ്ദേശം പുറത്തിറക്കി. ആരോഗ്യ പ്രവർത്തകരും രോഗമുള്ളവരുമായി പ്രാഥിക സമ്പർക്കത്തിൽ വന്നവർക്കും മുൻഗണന നിശ്ചയിച്ചാണ് സാംപിൾ ശേഖരിക്കുക. സമ്പർക്കവും, നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണവും കുറഞ്ഞതിനാൽ സംസ്ഥാനത്ത്  നിലവിൽ പരിശോധനകളുടെ തോത് കുറവാണ്.

14 ജില്ലകളിലായി 20 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുക. ഓരോ ജില്ലകളൾക്കും ശേഖരിക്കേണ്ട സാംപിൾ എണ്ണം നിശ്ചയിച്ചു നൽകി.  പ്രാഥമിക സമ്പർക്കത്തിൽ വന്നവർ, രോഗികളെ ചികിത്സിക്കുന്നവർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മുൻഗണന. സെക്കണ്ടറി കോണ്ടാക്റ്റുകൾ, പ്രായമായവർ, ഗർഭിണികൾ, മറ്റസുഖമുള്ളവർ, പൊലീസ്, 28 ദിവസത്തിനകം സംസ്ഥാനത്തിനകത്ത് ജില്ലകൾ കടന്ന് യാത്ര ചെയ്തവർ എന്നിവരെയും പരിശോധിക്കും. 

സമൂഹവ്യാപന സൂചനകൾ കണ്ടെത്തലിന്റെ ഭാഗമായി കൂടിയാണ് പരിശോധന വർധിപ്പിക്കുന്നത്. റാൻഡം പിസിആർ വഴി സ്രവ പരിശോധനയാണ് നടത്തുക. പ്രവാസികളടക്കം തിരികെ വരുന്നത് കണക്കാക്കിയുള്ള മുന്നൊരുക്കം കൂടിയാണിത്. നിലവിൽ പ്രതിദിനം 4000 ടെസ്റ്റുകൾക്ക് കേരളത്തിന് ശേഷിയുണ്ട്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും സമ്പർക്കവും കുറഞ്ഞതോടെ പ്രതിദിനം ശരാശരി 460 എന്ന തോതിൽ പത്ത് ദിവസം കൊണ്ട് 4960 ടെസ്റ്റുകളാണ് നടത്തിയത്. ആദ്യഘട്ടത്തിൽ ടെസ്റ്റുകളിൽ മുന്നിലായിരുന്ന കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് പിറകിലായിരുന്നു. ദശലക്ഷം പേരിൽ എത്രപേരുടെപരിശോധന നടത്തിയെന്ന കണക്കിലും കേരളം തമിഴ്നാട്, ആന്ധ്രാപ്രദേശടക്കം  6 സംസ്ഥാനങ്ങൾക്ക് താഴെയായി. 

അതേസമയം  കഴിഞ്ഞ 20 ദിവസം കണ്ട് നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം ഒന്നരലക്ഷത്തിൽ നിന്ന് വെറും 21000ത്തിലേക്ക് താഴ്ന്നു. കേരളം പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുമ്പോഴും നൂറു ശതമാനം കൃത്യതയവകാശപ്പെട്ട ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആർ.ടി ലാമ്പ് കിറ്റിനും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാ കിറ്റിനും ഇതുവരെ അനുമതിയായിട്ടില്ല.  

വൈകിട്ട് പ്രഖ്യാപനം വരുന്നത് വരെ രോഗവിവരം ആരോഗ്യപ്രവർത്തകർക്ക് പോലും കൈമാറുന്നില്ലെന്ന വാദവും ആരോഗ്യവകുപ്പ് തള്ളുന്നു.  ടെസ്റ്റ് പോസിറ്റീവാവുന്നയുടൻ രോഗിയെ മാറ്റുന്നതടക്കമുള്ള നടപടികൾ ചെയ്യുന്നുണ്ടെന്നാണ് വിശദീകരണം. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുന്നു എന്ന് മാത്രമാണുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. 

Follow Us:
Download App:
  • android
  • ios