തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിന് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് കൊവിഡിന്റെ സമൂഹവ്യാപന ഭീതിയാണ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്കായി കേരളത്തിലുള്ളത് ആകെ 314 വെന്‍റിലേറ്ററുകളും പതിനായിരം കിടക്കകളും മാത്രമാണ്. സമൂഹ വ്യാപനമുണ്ടായാൽ അത്രയും രോഗികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ് ആരോഗ്യരംഗത്തെ ഇപ്പോൾ ആശങ്കയിലാക്കുന്നത്.

അതേസമയം കൂടുതൽ സൗകര്യങ്ങളൊരുക്കി സര്‍ക്കാരിനൊപ്പം ചേരാൻ സ്വകാര്യ ആശുപത്രികളും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. അത്യാഹിത സാഹചര്യം നേരിടാൻ സംസ്ഥാനത്തെമ്പാടും കൂടുതൽ കിടക്കകൾ കൊവിഡ് ബാധിതര്‍ക്കായി ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.

അവശ്യ സർ‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസർകോട് ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനഫലങ്ങൾ ഇന്ന് കിട്ടും.

ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ ആവർത്തിച്ചു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങൾ കിട്ടും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ,പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക