Asianet News MalayalamAsianet News Malayalam

കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉണ്ടാകില്ല: ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതിരോധം വ്യത്യസ്തമാകുന്നത് ജനത്തിന്റെയും സർക്കാരിന്റെയും ഐക്യം മൂലമാണെന്ന് ആവർത്തിച്ച മുഖ്യമന്ത്രി അത് വികൃതമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു.

covid 19 Kerala is testing enough and numbers are not being hidden clarifies cm pinarayi vijayan
Author
Trivandrum, First Published May 28, 2020, 5:41 PM IST

തിരുവനന്തപുരം: കൊവി‍ഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും നാൾ പാലിച്ച ജാഗ്രത തുടർന്നാൽ കേരളത്തിൽ സമൂഹ വ്യാപനം തട‌ഞ്ഞ് നിർത്താനാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇത് വരെ (27-05-20ന് ആരോഗ്യവകുപ്പ് ലഭ്യമാക്കിയ കണക്കനുസരിച്ച് ) 58866 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന് പുറമേ സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 9095 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

 

 

കേരളത്തിന്റെ പ്രതിരോധം വ്യത്യസ്തമാകുന്നത് ജനത്തിന്റെയും സർക്കാരിന്റെയും ഐക്യം മൂലമാണെന്ന് ആവർത്തിച്ച മുഖ്യമന്ത്രി അത് വികൃതമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. ഐസിഎംആർ നിർദ്ദേശം പൂർണ്ണമായി പാലിച്ചാണ് കേരളം കൊവിഡ് പ്രതിരോധം നടത്തുന്നുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കുകയും പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

കേരള മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തണമെന്നും പറഞ്ഞിരുന്നുതായും മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തതാണെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.

കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാ സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ സ്ഥാപനങ്ങളിൽ ഐസിഎംആർ അനുമതിയോട് കൂടി ടെസ്റ്റിങ് തുടങ്ങി. ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറിൽ നിന്ന് ലഭിച്ചിരുന്നുള്ളൂവെന്നും എന്നാൽ ഐസിഎംആർ നിർദ്ദേശ പ്രകാരമുള്ള ടെസ്റ്റിന് കുറവുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. പുറത്ത് നിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ ടെസ്റ്റ് വർധിപ്പിച്ചു. ദിവസം മൂവായിരം ടെസ്റ്റ് ഇനി ചെയ്യും. ടെസ്റ്റിന് സാധാരണ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നുണ്ട്. 

ഐസിഎംആറിന്റെ കൃത്യമായ നിർദ്ദേശമുണ്ട്. കാര്യക്ഷമതയോടെ ഇത് പാലിക്കുന്നുണ്ട്. വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. കിറ്റ് ഐസിഎംആറിൽ നിന്ന് ലഭിക്കണം. എന്നാലതിന് ഗുണനിലവാരമുണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ടെന്ന് ഐസിഎംആർ നിർദ്ദേശിച്ചു. അതിനാലാണ് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താനാകാതിരുന്നത്. മുഖ്യമന്ത്രി വിശദീകരിച്ചു. 

സമൂഹിക വ്യാപനം അറിയാനാണ് സെന്റിനൽ സർവെയ്ലൻസ് ടെസ്റ്റ്. നല്ല രീതിയിൽ പുരോഗമിക്കുന്നു. അത് നടത്തിയാണ് സർക്കാർ സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പാക്കിയത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സാമൂഹിക വ്യാപനമുണ്ടാകില്ലെന്ന് പറയാനാവില്ല. ജലദോഷ പനിയുള്ളവരെയും ടെസ്റ്റ് ചെയ്യും. ഐസിഎംആറിന്റെ നിർദ്ദേശപ്രകാരമാണിത്. സമ്പർക്കത്തിലൂടെ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.

ഇവിടെ ജനങ്ങൾ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുന്നു. രോഗം ആർക്കെങ്കിലും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ സാധിക്കില്ല. ചികിത്സിച്ചില്ലെങ്കിൽ മരിക്കും. കൊവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതിൽ ആളുകൾ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് 0.5 ആണ് മരണനിരക്ക്. ദേശീയ നിരക്ക് 2.89 ശതമാനമാണ്. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും സംസ്ഥാനം മുന്നിൽ. വ്യാജപ്രചാരണത്തിലൂടെയും കണക്ക് പൂഴ്ത്തിവെക്കുന്നുവെന്ന് ആക്ഷേപിച്ചും സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ മറച്ചുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios