തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം നിശ്ചയിച്ച രീതിയിൽത്തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 8729000 പേരിൽ 86 ലക്ഷത്തോളം പേർക്ക് സൗജന്യ റേഷൻ നൽകി. ഇന്ന് വരെ 20,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും വിതരണം ചെയ്തു. അടുത്ത മാസത്തേക്കുള്ള റേഷൻ തയ്യാറാണ്. അന്ത്യോദയ അന്നയോജന മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് സൗജന്യ റേഷൻ വിതരണം ഇന്നലെ തുടങ്ങിയതായും ഏപ്രിൽ 26-ന് പൂര്‍ത്തിയാക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

22 മുതൽ 26 വരെയുള്ള തീയതികളിൽ റേഷന്‍ വിതരണം (കാര്‍ഡിന്‍റെ അവസാന അക്ക നമ്പ‍ര്‍ ക്രമത്തില്‍)

22- 1, 2
23- 3, 4
24- 5, 6
25- 7, 8
26- 9, 0 

ഏപ്രില്‍ 27 മുതൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും. തിരക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങളൊരുക്കും. താമസിക്കുന്നയിടത്തെ റേഷന്‍ കടയിൽ നിന്ന് കിറ്റുകൾ വാങ്ങാം. ഹോട്ട്സ്പോട്ടുകളിൽ കിറ്റുകൾ വീടുകളിലെത്തിക്കാൻ റജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുടെ സഹായം തേടാം. 

അതിഥിത്തൊഴിലാളികൾക്ക് 742 മെട്രിക് ടൺ അരിയും 234000 കിലോ ആട്ടയും വിതരണം ചെയ്തു. റേഷൻ കാർഡില്ലാത്ത 25,906 കുടുംബങ്ങൾക്ക് സൗജന്യ റേഷനും 316 മെട്രിക് ടൺ അരിയും എത്തിച്ചു. കമ്മ്യൂണിറ്റി കിച്ചനുകളിലേക്ക് 105 മെട്രിക് ടണും ധർമസ്ഥാപനങ്ങൾക്ക് 66 മെട്രിക് ടൺ അരിയും കൈമാറി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.