തിരുവനന്തപുരം: ജില്ലയിൽ ചൊവ്വാഴ്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാദർ കെ ജി വർഗീസിന്‍റെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയാകുന്നു. കടുത്ത ന്യൂമോണിയയുണ്ടായിരുന്ന ഇദ്ദേഹത്തിന് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 77 വയസ്സായിരുന്നു. വാഹനാപകടം പറ്റി ആശുപത്രിയിലാക്കുകയും തിരികെ കൊണ്ടുവരികയും പിന്നീട് വീണ്ടും ആശുപത്രിയിലാക്കുകയും ചെയ്തതിനിടയിൽ വൈദികനെ കാണാനെത്തിയവരിൽ നിന്നാണോ, അതോ, ആശുപത്രിയിൽ നിന്നാണോ രോഗം പകർന്നത് എന്നതിൽ ഒരു ധാരണയും ആരോഗ്യവകുപ്പിനില്ല.

മുൻകരുതലിന്‍റെ ഭാഗമായി പേരൂർക്കട ആശുപത്രിയിൽ വൈദികനെ പ്രവേശിപ്പിച്ചതും അതിന് തൊട്ടടുത്തുള്ളതുമായ രണ്ട് വാർഡുകൾ അടച്ചിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇദ്ദേഹത്തെ ചികിത്സിച്ച 19 ഡോക്ടർമാർ അടക്കം 23 ജീവനക്കാരോടും പേരൂർക്കട ജനറൽ ആശുപത്രിയിൽ ഇദ്ദേഹത്തെ ചികിത്സിച്ച ഒമ്പത് ഡോക്ടർമാരോടും ക്വാറന്‍റീനിൽ പോകാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഏപ്രിൽ 20-നാണ് ഇദ്ദേഹത്തെ വാഹനാപകടത്തിൽ പരിക്ക് പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്ന് തന്നെ അദ്ദേഹത്തിന് പല തരം ശാരീരിക അവശതകളുണ്ടായിരുന്നു. ഇതിന് ശേഷം, രോഗം ഭേദമായ ശേഷമാണ് ഇദ്ദേഹത്തെ പേരൂർക്കട മാതൃകാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. അവിടെ വച്ച് വീണ്ടും കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന്, ഇദ്ദേഹത്തെ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സ്വാബ് ടെസ്റ്റ് എടുത്തെങ്കിലും പിറ്റേന്ന് രാവിലെയോടെ, അതായത് ചൊവ്വാഴ്ച രാവിലെയോടെ ഇദ്ദേഹം മരിക്കുകയാണുണ്ടായത്. 

ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതിനിടെ അപകടം

വൈദികന് അപകടത്തിൽ പരിക്കേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. ഇരുചക്ര വാഹനത്തിന്‍റെ പുറകിലിരുന്ന് യാത്ര ചെയ്ത വർഗീസ് തലയിടിച്ച് താഴെ വീണാണ് പരിക്കേറ്റത്. അപകടത്തിന് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലും, പിന്നീട് പേരൂർക്കട ആശുപത്രിയിലുമാണ് ചികിത്സിച്ചത്. ഇദ്ദേഹം യാത്ര ചെയ്ത ബൈക്ക് നിർത്താതെ പോയി. ബൈക്ക് ഓടിച്ചിരുന്നയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാൾക്കായി അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.

ഫാദർ വർഗീസ് ഇയാളുടെ ബൈക്കിൽ വഴിയിൽ വച്ച് കൈ കാണിച്ച് കയറുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലെത്തിയെങ്കിലും ഇതേപ്പറ്റി പൊലീസിനെ വിവരമറിയിക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ഉണ്ടായില്ലെന്നാണ് വിവരം. അതിനാൽ തന്നെ മണ്ണന്തല പൊലീസ് അപകട വിവരം അറിഞ്ഞതുമില്ല. ഇതിന് പിന്നാലെ ആശുപത്രിയിൽ നിരവധി പേരാണ് വൈദികനെ സന്ദർശിച്ചത്.

ഇതുകൊണ്ട് തന്നെയാണ് ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് മുന്നിൽ വലിയ വെല്ലുവിളിയാകുന്നത്. ഉറവിടം കണ്ടെത്താത്ത കേസിൽ, രണ്ട് ആശുപത്രികളിലായി ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞു എന്നത് കൂടി കണക്കിലെടുത്താൽ അതീവ ജാഗ്രതയിലേക്ക് പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.