Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഇന്നും 12 പേര്‍ക്ക്കൊവിഡ് ; 6 പേര്‍ കാസര്‍കോട്ട് , കണ്ണൂരും എറണാകുളത്തും 3 വീതം

സംസ്ഥാനത്തിന്‍റെ സ്ഥിതി അതീവ ഗുരുതരമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . കൊവിഡ് ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യര്‍ത്ഥിച്ചു

covid 19 kerala status pinarayi vijayan press meet
Author
Trivandrum, First Published Mar 21, 2020, 6:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 12 കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആറ് പേര്‍ കാസര്‍കോട്ടും മൂന്ന് പേര്‍ കണ്ണൂരും ബാക്കി കൊച്ചിയിലും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 രണ്ടായി. സംസ്ഥാനത്തിന്‍റെ സ്ഥിതി അതീവ ഗുരുതരമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . കൊവിഡ് ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യര്‍ത്ഥിച്ചു. 

രോഗം സ്ഥിരീകരിച്ചവരെല്ലാം ഗൾഫിൽ നിന്ന് വന്നവരാണ്. ആകെ 53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 52785 പേർ വീടുകളിലാണ്. 228 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകൾ പുരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

രോഗം വ്യാപിക്കുമോയെന്നത് പറയാനാവില്ല. രോഗികൾ പലരും മറ്റുള്ളവരോട് ബന്ധപ്പെട്ടവരാണ്. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്. പ്രായക്കൂടുതലുള്ള വിദേശ പൗരന്മാരുടെ കാര്യവും ഗൗരവമായി നോക്കുന്നുണ്ട്. കാസർകോട്ടെ രോഗിയുടെ കാര്യത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു. നാളെ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

"

കാസർകോട് ജില്ലയിലെ രോഗബാധിതരിൽ അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലാണ്. കണ്ണൂരിലെ രോഗികളിൽ രണ്ട് പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ രോഗികളിൽ മൂന്ന് പേരും എറണാകുളം സര്‍ക്കാര്‍  മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങളോട് ഇപ്പോഴുള്ള സഹകരണം മെച്ചപ്പെട്ടതാണ്. ഇതിന് മതനേതാക്കൾ നൽകിയ ഇടപെടലുകൾക്ക് ഫലം ഉണ്ടാകുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

സർക്കാർ നിയന്ത്രണങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ചിലരും സമൂഹത്തിലുണ്ട്. ചില ആരാധനാലയങ്ങളിൽ ധാരാളം ആളുകൾ എത്തിച്ചേർന്ന അനുഭവം ഉണ്ട്. ചിലയിടത്ത് കൂട്ട പ്രാർത്ഥനയും ഉത്സവ ആഘോഷങ്ങളും ഉണ്ടായി. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് വീണ്ടും അഭ്യർത്ഥിക്കുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

"

ഇത് പാലിക്കാതിരുന്നാൽ സർക്കാരിന് മുന്നിൽ മറ്റ് വഴികളുണ്ടാവില്ല. സമൂഹം പറയുന്നത് സർക്കാർ പറയുന്നതിലും അപ്പുറമുള്ള നിയന്ത്രണം വേണമെന്നാണ്. അങ്ങിനെയാണെങ്കിൽ നിരോധനാജ്ഞയടക്കം കൊണ്ടുവരേണ്ടി വരും. ആരാധനാലയങ്ങളായാലും കർശന നടപടി സ്വീകരിക്കും. അതിനാൽ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറാവില്ല.

ജില്ലാ ഭരണ സംവിധാനം എല്ലാവർക്കും സന്ദേശം നൽകുന്നുണ്ട്. അത് തുടരാൻ വീണ്ടും നിർദ്ദേശം നൽകി. കാസർകോട് നിരുത്തരവാദത്തിന്റെ വലിയൊരു ദൃഷ്ടാന്തം കണ്ടു. രോഗബാധിതൻ തന്റെ ഇഷ്ടാനുസരണം എല്ലായിടത്തും പോയി. കാസർകോട് ജില്ലാ ഭരണ സംവിധാനം ഇയാളുടെ യാത്രാ വിവരം ഭാഗികമായി പ്രസിദ്ധീകരിച്ചു. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തിട്ടും അവ്യക്തതയുണ്ട്. കൂടുതൽ അന്വേഷണം ആവശ്യമാണ്.

ഇത്തരക്കാർ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ഇവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ മാധ്യമങ്ങളും ജാഗ്രത പാലിക്കണം. സമൂഹത്തിന് വിപത്ത് പകരുന്നവരെ ന്യായീകരിക്കുകയോ അവർക്ക് സ്വയം ന്യായീകരിക്കാൻ അവസരം നൽകുകയോ ചെയ്യരുത്.

"

കൊവിഡ് ചൈനയിൽ ആദ്യം കണ്ടപ്പോൾ മുതൽ സർക്കാർ ബഹോധവത്കരണം നടത്തി. ഇറ്റലി ലോകത്തെ വികസിത രാജ്യങ്ങളിൽ ഒന്നാണ്. ഇവിടുത്തെ ആരോഗ്യ മേഖലയും മെച്ചപ്പെട്ടതാണ്. മികച്ച ആശുപത്രികളും ഇവിടെയുണ്ട്. ഓരോ ആയിരം പേർക്കും 3.2 ബെഡുകളുണ്ടെന്നാണ് ഇവിടുത്തെ കണക്ക്. ഇവിടെ വളരെവേഗം രോഗം പടർന്നു.

മരണസംഖ്യയിൽ ചൈനയെ മറികടക്കുന്ന ദുഖകരമായ അനുഭവം അവർക്കുണ്ടായി. മറ്റ് പല വികസിത രാജ്യങ്ങളിലും രോഗം വ്യാപിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേരളം കൊവിഡിനെതിരായ നടപടികൾ സ്വീകരിച്ചത്. ഇങ്ങിനെയൊക്കെ നാട് മുന്നോട്ട് പോകുമ്പോഴും ചിലർക്കിപ്പോഴും നേരം വെളുത്തിട്ടില്ല.അവരോട് പറയാനുള്ളത്, നിങ്ങൾക്ക് കൂടി വേണ്ടിയാണ് ഈ ക്രമീകരണങ്ങൾ. ഇത് പാലിക്കാൻ തയ്യാറായില്ലെങ്കിൽ കർശനമായ നടപടി നേരിടേണ്ടി വരും.

മുന്നറിയിപ്പ് ലംഘിക്കുന്നവരോട് ക്രമസമാധാന നില ഉറപ്പാക്കുന്ന രീതിയിൽ പൊലീസ് ഇടപെടണം. എസ്പിമാർക്ക് ഇതിന് ചുമതല. ക്രമസമാധാനത്തിന് പുറമെ മറ്റ് എസ്പിമാർക്കും ചുമതലയുണ്ടാകും. രോഗ പ്രതിരോധ രംഗത്ത് ശക്തമായി പ്രവർത്തിക്കുന്നവരും അവർക്ക് പിന്തുണ നൽകുന്ന സർക്കാരുപം സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരുമുണ്ട്. ഇവർക്കാകെ തുരങ്കം വയ്ക്കുന്ന പ്രവർത്തനം പാടില്ല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കൂടുതൽ പേരുള്ള വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പാടില്ല. അവർ പ്രത്യേക കേന്ദ്രത്തിൽ കഴിയുന്നതാണ് അഭികാമ്യം. മറ്റേതെങ്കിലും രോഗം ഉള്ള ഒരാളുള്ള വീടിലേക്ക് നിരീക്ഷണത്തിൽ കഴിയുന്നവർ പോകേണ്ടതില്ല. വീട്ടിൽ സഹായത്തിന് ആളില്ലാത്തവരും പ്രത്യേക കേന്ദ്രത്തിൽ കഴിയണം.

നമ്മുടെ പരിശോധനാ സംവിധാനത്തിൽ റാപിഡ് ടെസ്റ്റിന് വേണ്ടി ശ്രമിക്കും. സംസ്ഥാനത്തേക്കുള്ള ചരക്കുവണ്ടികൾ അതിർത്തിയിൽ തടയുന്നത് പരിഹരിക്കാൻ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വിളിച്ചിരുന്നു. ഒരു ചരക്കുവണ്ടിയും തടയില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിർത്തിയിൽ ചിലയിടത്ത് വാഹനങ്ങൾ തടഞ്ഞിരുന്നു. ഇതേക്കുറിച്ച് വലിയ ആശങ്കയുണ്ട്. അതിനാൽ തമിഴ്നാട്ടിൽ നിന്ന് അറിയിച്ച കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നു. ദുരനുഭവം ഒഴിവാക്കാൻ നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് ബസുകളിലുള്ള ദീർഘദൂര യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണം. കാസർകോട് മുതൽ തിരുവനന്തപുരത്തേക്കുള്ള യാത്ര ഒഴിവാക്കണം. ചെറിയ യാത്രകൾക്ക് തടസമില്ല. സാധാരണ ആശുപത്രിയിൽ വരുന്നവർ പരിശോധന കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. കൈക്ക് സീൽ ചെയ്യേണ്ടെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. എത്ര കരുതൽ പാലിച്ചാലും അതിൽ നിന്ന് താത്കാലികമായി രക്ഷപ്പെടാൻ നോക്കുന്നവരുണ്ട്. ചിലയിടങ്ങളിൽ അനാവശ്യമായ ചില പ്രചാരണങ്ങൾ ഉണ്ട്. അതൊന്നും വിശ്വസിക്കരുത്. സാമൂഹ്യജീവിതം തടസമില്ലാതെ മുന്നോട്ട് പോകാൻ വേണ്ട നടപടികൾ സ്വീകരിക്കും. പരിഭ്രാന്തി കാരണം പലരും ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്. അതിന്റെ ആവശ്യമില്ല. 

സാധനങ്ങൾ വീട്ടിലേക്ക് എത്തിക്കുന്നതിനുള്ള സമ്പ്രദായം ഏർപ്പാടാക്കണം. ശാരീരിക അകലം പാലിക്കൽ വളരെ പ്രധാനമാണ്. ചിലയിടത്ത് ഇത് വേണ്ടത്ര പരിശീലിക്കുന്നില്ല. കൂടുതൽ കർക്കശമായി പരിശോധിക്കും. പല ക്ലബുകളും ഇപ്പോഴും മത്സരം നടത്തുന്നുണ്ട്. അത് ഒഴിവാക്കണം.

"

ഹാർബറുകളിൽ മത്സ്യവുമായി വരുന്ന മത്സ്യത്തൊഴിലാളികൾ, അത് ലേലത്തിലൂടെയാണ് ആളുകൾ വാങ്ങുക. അതിന് ഒരു ക്രമീകരണം ഏർപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി വില നോക്കി മത്സ്യം വാങ്ങിപ്പോകാൻ സാധിക്കും. 

തദ്ദേശ സ്ഥാപനങ്ങൾ ക്രിയാത്മകമായി ഇടപെടുന്നു. നവമാധ്യമങ്ങളിൽ ഇടപെടുന്നവർ രോഗവ്യാപനം തടയാനുള്ള ശ്രമം നടത്തണം. നാടാകെ ഒറ്റക്കെട്ടായി വിപത്തിനെ നേരിടാൻ ശ്രമിക്കണം. നാളെ എല്ലാവരും വീട്ടിലിരിക്കുന്ന ദിവസമാണ്. വീടും പരിസരവും ശുചിയാക്കാനുള്ള പരിശ്രമം നടത്തണം. നവമാധ്യമങ്ങളിലൂടെ നമ്മുടെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ ശ്രമിക്കണം. സമൂഹത്തെ അഭിനന്ദിക്കാൻ ദൃശ്യമാധ്യമങ്ങൾ ചർച്ച നടത്തണം.

ക്വലാലംപൂരിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം നടത്താൻ എസ്എൻബിസിയോട് ആവശ്യപ്പെട്ടു. എടിഎമ്മുകളിൽ പണം ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എടിഎം കൗണ്ടറുകളിൽ ബ്രേക് ദ ചെയിനിന് വേണ്ടി ഇടപെടൽ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് വായിക്കാം: എട്ട് ദിവസം, മൂന്ന് ജില്ലകള്‍, മുപ്പത് സ്ഥലങ്ങള്‍: കാസര്‍കോട്ടെ കോവിഡ് രോഗിയുടെ റൂട്ട് മാപ്പിറങ്ങി...
 

Follow Us:
Download App:
  • android
  • ios