Asianet News MalayalamAsianet News Malayalam

മ‍ടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറൻ്റീൻ 14 ദിവസം; കേന്ദ്ര മാനദണ്ഡം തന്നെ നടപ്പാക്കും

വിദേശത്ത് നിന്നെത്തുന്നവർക്ക് സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും ക്വാറൻ്റീൻ മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്.

Covid 19 Kerala to follow central government 14 day institutional quarantine regulation
Author
Kochi, First Published May 17, 2020, 3:01 PM IST

കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്ന കേന്ദ്ര മാനദണ്ഡം കേരളവും നടപ്പാക്കുന്നു. സംസ്ഥാനത്തിന് തോന്നിയതുപോലെ മാനദണ്ഡങ്ങളിൽ നിന്ന് പിൻമാറാനാകില്ലെന്ന കേന്ദ്ര സർ‍ക്കാർ നിലപാ‍ടിനെത്തുടർന്നാണ് നടപടി. 

വിദേശത്ത് നിന്നെത്തുന്നവർക്ക് സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും ക്വാറൻ്റീൻ മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചു. മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവും തേടി. എന്നാൽ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ ഇരിക്കണമെന്ന മാനദണ്ഡം മാറ്റാനാകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് സംസ്ഥാന സർക്കാരിന്‍റെ ഈ മനംമാറ്റമെന്നാണ് സൂചന. 

സംസ്ഥാന മാനദണ്ഡം അനുസരിച്ചാണെങ്കിൽ കഴിഞ്ഞയാഴ്ച വിദേശത്തുനിന്നെത്തിയവർ ഏഴുദിവസം പൂ‍ർത്തിയാക്കിയ സ്ഥിതിക്ക് നിരീക്ഷണത്തിനായി വീട്ടിലേക്ക് പോകേണ്ടതാണ്. എന്നാൽ എറണാകുളത്തെ നിരീക്ഷണ കേന്ദ്രത്തിലുളളവർ 14 ദിവസം ഇവിടെതന്നെ തുടരുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനോട് വിശദമായ മറുപടി നൽകാനും നി‍ർദേശിച്ചിട്ടുണ്ട്. 

വിദഗ്ധോപദേശത്തെത്തുടർന്ന് തയാറാക്കിയ മാനദണ്ഡം മാറ്റാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ഹൈക്കോടതിയിൽ നിന്ന് മറിച്ചൊരുതീരുമാനത്തിന് സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സർക്കാർ നിലപാട് മാറ്റമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios