തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. 22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 

പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് കൊവിഡ് . പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 128 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്പോട്ടുകൾ ഉണ്ടായിട്ടുണ്ട്. 

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 177033 പേരാണ് സംസ്ഥാനത്ത് എത്തിയത്. 30363 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,46670 പേര്‍ വന്നു. ഇവരില്‍ 93783 പേര്‍ തീവ്രരോഗവ്യാപന മുള്ള മേഖലയില്‍ നിന്ന് എത്തിയവരാണ്. റോഡ് വഴി 79 ശതമാനവും റെയില്‍ വഴി 10.81, വിമാനം വഴി 9.41 ശതമാനം പേരും വന്നു. തമിഴ്‍നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍ വന്നത്, 37 ശതമാനം. കര്‍ണാടക 26.9, മഹാരാഷ്ട്ര 14 ശതമാനം. വിദേശത്തുള്ളവരില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയത്, 47.8 ശതമാനം. ഒമാന്‍ 11 .6 , കുവൈറ്റ് 7.6 ശതമാനം.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് മഹാരാഷ്ട്രയില്‍ നിന്നാണ്.

ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനം ആയി. പതിനാലായിരം പരിശോധന കിറ്റുകൾ ഐസിഎംഐര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകൾ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരിൽ ഏറ്റവും അധികം വൈറസ് ബാധ ഉണ്ടായത് മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരിലാണ്. ഏറ്റവും കൂടിയ കൊവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോൾ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാൻ തീരുമാനിക്കുന്നത്. ഇത് അസാധാരണമായ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഉണ്ടാക്കുന്നത്. 

ചാര്‍ട്ടേഡ് വിമാനങ്ങൾ കൂടി എത്തിത്തുടങ്ങുന്നതോടെ ഒരു ലക്ഷം പേരെങ്കിലും കേരളത്തിലേക്ക് എത്തും. പൊതു ഗതാഗതം തുറന്ന് കൊടുക്കുന്നതിലൂടെ വലിയ ശ്രദ്ധ വേണ്ട തരത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ സമൂഹത്തിന്‍റെ ആകെ ജാഗ്രത അത്യാവശ്യമാണെന്നും അപകടാവസ്ഥ അതിന്‍റെ ഗൗരവത്തിൽ മനസിലാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം പ്രോട്ടോകോൾ ഉണ്ടാക്കും. രോഗവ്യാപനം തീവ്രമായ മേഖലകളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നവരെ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കും. സുരക്ഷാ മുൻകരുതലുകൾ കര്‍ശനമായും പാലിക്കണം. വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലും അതിന് ഉപേക്ഷ ആരും കരുതരുത്. കേരളീയരുടെ ശുചിത്വ ബോധം കൂടുതൽ നന്നായി ഉൾക്കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജൂൺ എട്ട് മുതൽ കൂടുതൽ ഇളവുകൾ വരികയാണ്. കേന്ദ്രം ഇതിനായി നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നത് സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. 65 വയസിന് മുകളിലുള്ലവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നാണ് കേന്ദ്രനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെഎത്തുന്നവര്‍ മാസ്ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. 

ചുമക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനലായങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്ര്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകളുണ്ടാവണം. കേന്ദ്രം മുന്നോട്ട് വച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പിലാക്കണം. എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡ്രിഗ്രി സെല്‍ഷസ്യില്‍ താപനില ക്രമീകരിക്കണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകള്‍ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം.

വെള്ളമെടുക്കാൻ ടാപ്പുകൾ തന്നെ ഉപയോഗിക്കണം. പൊതു സ്ഥലത്ത് തുപ്പുന്നത് അടക്കമുള്ള കാര്യങ്ങൾ കര്‍ശനമായി നടപ്പാക്കണം. കൊവിഡ് മുൻകരുതൽ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തിൽ പ്രദര്‍ശിപ്പിക്കുകയും ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തി വക്കുകയും ചെയ്യണം. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. പായ വിരിപ്പ് എന്നിവ പ്രാര്‍ത്ഥനക്ക്  എത്തുന്നവര്‍ കൊണ്ടുവരണം. ഭക്തിഗാനങ്ങൾ പാടുന്നതിന് പകരം റെക്കോര്‍ഡ് ചെയ്ത് കേൾപ്പിക്കണം. അസുഖമുള്ള വ്യക്തി ആരാധനാലയത്തിലെത്തിയാൽ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കാര്യത്തിൽ കേന്ദ്ര നിര്‍ദ്ദേശം അതേപടി നടപ്പാക്കും.

രോഗപ്പകര്‍ച്ചയുടെ സാധ്യത തടയണം. പ്രസാദവും തീര്‍ത്ഥ ജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര ദ്രാവക വസ്‍തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്‍റെയും നിലപാട്. അസുഖബാധിതനായ വ്യക്തി ആരാധനാലയത്തില്‍ എത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കേന്ദ്ര മാനദണ്ഡം സംസ്ഥാനത്ത് നടപ്പിലാക്കും. ഹോട്ടല്‍, ഹോസ്‍പിറ്റാലിറ്റി യൂണിറ്റുകള്‍, റെസ്റ്റോറന്‍റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഫീസുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ ഇവയ്ക്കെല്ലാം പ്രത്യേക മാനദണ്ഡങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

ഹോട്ടൽ ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകൾക്കും ഷോപ്പിംഗ് മാളുകൾക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കും. താമസിക്കാനുള്ള ഹോട്ടലുകളില്‍ സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനം ഉണ്ടാവണം. ഹാജരാകുന്ന സ്റ്റാഫിനും ഗസ്റ്റിനും രോഗലക്ഷണം ഉണ്ടാവരുത്. സ്റ്റാഫും ഗസ്റ്റും ഹോട്ടലിലുള്ള മുഴുവന്‍ സമയവും മുഖാവരണം ധരിക്കണം. അകത്തേക്കും പുറത്തേക്കും പ്രത്യേക സംവിധാനം ഉണ്ടാകണം.

ലിഫ്റ്റില്‍ കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം, അകലം പാലിക്കണം. എക്സലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം. അതിഥിയുടെ യാത്രാചരിത്രം, ആരോഗ്യസ്ഥിതി ഇവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനില്‍ നല്‍കണം. പേയ്മെന്‍റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ വാങ്ങണം. ലഗേജ് അണുവിമുക്തമാക്കണം. കണ്ടെയ്‍ന്‍മെന്‍റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം. റൂം സര്‍വ്വീസ് പ്രോത്സാഹിപ്പിക്കണം. റൂമിന്‍റെ വാതില്‍ക്കല്‍ ആഹാര സാധനം വെക്കണം. താമസക്കാരുടെ കയ്യില്‍ നേരിട്ട് നല്‍കരുത്. പരിസരവും ശൗചലായങ്ങളും അണുമുക്തമാക്കണം .

റെസ്റ്റോറന്‍റുകള്‍ തുറന്ന് ആളുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മെനുകാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ച ശേഷം നശിപ്പക്കുന്നതിനായി ഡിസ്പോസിബിള്‍ വസ്തുക്കള്‍ കൊണ്ടി നിര്‍മ്മിക്കമം. തുണികള്‍ കൊണ്ടുള്ള നാപ്കിനി പകരം പേപ്പര്‍ കൊണ്ടുള്ള നാപ്‍കിനികുള്‍ ആക്കണം. ഫുഡ് കോര്‍ട്ടുകളിലും റെസ്റ്റോറന്‍റുകളിലും സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനമേ പാടുള്ളു. ജീവനക്കാര്‍ മാസ്ക്കും കയ്യുറയും ധരിക്കണം. ഷോപ്പിംഗ് മാളിലാണ് ഈ നിബന്ധന. ഡിജിറ്റല്‍ മോഡിലൂടെയുള്ള പണം പ്രോത്സാഹിപ്പിക്കണം. എല്ലാ ടേബിളുകളും ഉപഭോക്താവ് പോയതിന് ശേഷം അണുവിമുക്തമാക്കണം. മാളുകള്‍ക്ക് ഉള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം.

ഓഫീസുകളിലും തൊഴില്‍ സ്ഥലങ്ങളിലും സന്ദര്‍ശകര്‍ക്ക് സാധാരണ ഗതിയിലുള്ള പാസുകള്‍ നല്‍കുന്നത് അനുവദനീയമല്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ മതിയായ സ്ക്രീനിംഗിന് ശേഷം മതിയായി പാസ് നല്‍കാം. കണ്ടെയ്ന്‍മെന്‍റ് സോണില്‍ താമസിക്കുന്ന ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുത്. വഹാനം അണുമുക്തമാക്കണം. പ്രായമുള്ള ജീവനക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അധികം മുന്‍കരുതല്‌‍ സ്വീകരിക്കണം. ഇത്തരക്കാര്‍ക്ക് കഴിയുന്നത്ര വര്‍ക്ക് ഫ്രം ഹോം ഒരുക്കണം. യോഗങ്ങള്‍ കഴിയുന്നത്ര വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണം. വ്യത്യസ്ഥ ഓഫീസുകളുടെ സമയവും, ഉച്ചഭക്ഷണവും, കോഫീ എന്നിവയുടെ സമയവും പരമാവധി വ്യത്യസ്ഥമാക്കണം. ക്യാന്‍റീനില്‍ ജീവനക്കാര്‍ കയ്യറുകളും മാസ്ക്കും ധരിക്കണം. അടുക്കളയില്‍ സ്റ്റാഫ് സാമൂഹ്യ അകലം പാലിക്കണം. ഓഫീസില്‍ ആരെങ്കിലും കൊവിഡ് ലക്ഷണം കാണിച്ചാല്‍ പ്രത്യേക സ്ഥലത്തേക്ക് മാറ്റണം. 

ഹൈറിസ്‍ക്ക് സമ്പര്‍ക്കമുള്ളവരെ പതിനാല് ദിവസം ക്വാറന്‍റീന്‍ ചെയ്യും, ലോ റിസ്ക്ക് സമ്പര്‍ക്കമാണെങ്കില്‍ ആരോഗ്യസ്ഥിതി 14 ദിവസം നിരീക്ഷിക്കും. ഈ സമയം ഓഫീസില്‍ വരാന്‍ സാധിക്കാത്തവര്‍   അതത് ജില്ലകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. വകുപ്പ് തലവന്മാര്‍ ഇത് ഉറപ്പുവരുത്തണം.

ആരാധനാലയങ്ങളില്‍ ആഹാര സാധനങ്ങളും നൈവേദ്യങ്ങളും വിതരണം ചെയ്യുന്നതും ഒഴിവാക്കണം. ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മമവും നല്‍കരുത്. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഒരുസമയം എത്രപേര്‍ വരണമെന്നതില്‍ ക്രമീകരണം വരുത്തും. നൂറ് ചതുരശ്രമീറ്ററിന് 15 പേര്‍ എന്ന തോത് അവലംബിക്കും. എന്നാല്‍ ഒരുസമയംഎത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളില്‍ വരുന്നവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കും. പേന വരുന്നവര്‍ തന്നെ കൊണ്ടുവരണം. 

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് വരുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം. ഗോവണിപ്പടികളില്‍ പിടിക്കാതെ കയറണം. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് ഗോവണിപ്പടികള്‍ പിടിക്കേണ്ടി വരും, കയ്യുറകള്‍ ധരിക്കണം.  പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ പരാതികള്‍ക്ക് കൃത്യമായി മറുപടി പറയുന്ന സംവിധാനം ഉണ്ടാവണം. മാളുകളില്‍ ആരാധനാലയങ്ങലിലേത് പോലെ തന്നെ വിസ്തീര്‍ണ്ണം അനുസരിച്ച് ഒരുസമയം പരമാവധി എത്രപേര്‍ എന്നത് നിശ്ചയിക്കണം. അവിടെയും വരുന്നവരുടെ പേരുവിവരവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. ഹോട്ടലുകളിലെ പാത്രങ്ങള്‍ നല്ല ചൂടുവെളളത്തില്‍ കഴുകണം.

ശബരിമല ദര്‍ശനം വെര്‍ച്ച്വല്‍ ക്യൂ മുഖേന നിയന്ത്രിക്കും. ഒരുസമയം ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം 50 ല്‍ കൂടാന്‍ പാടില്ല. നിലക്കലിലും പമ്പയിലും സന്നിധാനത്തും തെര്‍മ്മല്‍ സ്‍കാനര്‍ ഏര്‍പ്പെടുത്തും. മാസ്ക്ക് നിര്‍ബന്ധമാക്കും. നെയ്യഭിക്ഷേകത്തിന് ഭക്തര്‍ പ്രത്യേക സ്ഥലത്ത് നെയ്യ് കയ്യ് മാറുന്ന രീതി ഉണ്ടാവണം. ദേവസം ജീവനക്കാര്‍ക്കും കയ്യറുയും മാസ്ക്കും നിര്‍ബന്ധം. 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടുതലുള്ളവരെയും അനുവദിക്കില്ല. ശാന്തിക്കാര്‍ പ്രസാദം വിതരണം ചെയ്യരുത്. കൊടിയേറ്റവും ആറാട്ടും പരിമിതമായ രീതിയിലാണ് നടത്തുക. 

റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് വീട്ടിലേക്ക് പോകാനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡിന് പുറമേ മറ്റ് രോഗങ്ങള്‍ മഴക്കാലത്ത് വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ ഭാഗഭാക്കാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെലി മെഡിസിന്‍ സൌകര്യം വ്യാപകമായി ഏര്‍പ്പെടുത്തും. കൊവിഡ് ഇതര രോഗങ്ങളെ വേര്‍തിരിച്ച് കണ്ടുള്ള ചികിത്സയാണ് ഒരുക്കുന്നത്. 

സംസ്ഥാനത്ത് ഇതുവരെ 167355 അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇവിടെയും നിരവധിപേര്‍ കഴിയുന്നുണ്ട്. ജോലികള്‍ തുടങ്ങിയ സാഹചര്യത്തില്‍ അവരെ പ്രത്യേകം പരിഗണിക്കണം