തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെ രോഗം ഭേദമായി. തമിഴ്നാട്ടിൽ നിന്ന് വന്നയാൾക്കാണ് എറണാകുളത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. വൃക്ക രോഗത്തിന് ചികിത്സ തേടുന്ന ആൾക്കാണ് കൊവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്‍റെ വിശദാംശങ്ങൾ: 

503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ ഗ്രൂപ്പുകളിൽ 3380 സാമ്പിളുകളിൽ 2939 എണ്ണത്തിൽ നെഗറ്റീവ് ഫലം. സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് നിലവിൽ. കണ്ണൂരിൽ അഞ്ച്, വയനാട് നാല്, കൊല്ലം മൂന്ന്, എറണാകുളം, ഇടുക്കി കാസർകോട് പാലക്കാട് ഒന്ന് വീതം എന്നിങ്ങനെ രോഗികൾ ചികിത്സയിൽ.

ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറ് ദിവസം. ജനുവരി 30 ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ തന്നെ രോഗം പടരാതിരിക്കാൻ സാധിച്ചു. മാർച്ച് ആദ്യവാരമാണ് കൊവിഡിന്റെ രണ്ടാം വരവ്. രണ്ട് മാസങ്ങൾക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞു.

നൂറ് ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതുമായ ഘട്ടത്തിൽ കേരളത്തിനു പുറത്തും വിദേശത്ത് നിനനുമുള്ള പ്രവാസികളെ നാട്ടിലേക്ക് സ്വീകരിക്കുന്നു. ഇവരെ പരിചരിക്കാനുള്ള സന്നാഹം ഒരുക്കി. മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുന്നു. ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജമാണ്.

ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തിൽ നിന്ന് വർധിച്ച തോതിൽ ഉണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇതുവരെ 1886 മരണങ്ങൾ ഉണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താൻ വലിയ തോതിൽ വിജയിച്ചു. അതുകൊണ്ട് ഒന്നും ചെയ്യാനില്ലെന്നല്ല. ഇനിയുള്ള നാളുകൾ പ്രധാനം. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണം.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സാധ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കി. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ ഒരുക്കങ്ങൾ വിലയിരുത്തി ചീഫ് സെക്രട്ടറി കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി അഭിനന്ദനം അറിയിച്ചു. ഇന്നലെ 181 പ്രവാസികളുമായി അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലെത്തി.ഇവരിൽ നാല് കൈക്കുഞ്ഞുങ്ങളും 49 ഗർഭിണികളെല്ലാം ഉൾപ്പെടുന്നുണ്ട്. ഇവരിൽ അഞ്ച് പേരെ കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

ദുബൈയിൽ നിന്നുള്ള വിമാനത്തിൽ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 177 പേർ മുതിർന്നവരും അഞ്ച് പേർ കുട്ടികളുമായിരുന്നു. റിയാദിൽ നിന്ന് 149 പ്രവാസികളുമായി ഇന്ന് പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണ്ണാടക തമിഴ്നാട് സ്വദേശികളായ പത്ത് പേരും ഇതിലുണ്ട്. യാത്രക്കാരിൽ 84 പേർ ഗർഭിണികളും 22 പേർ കുട്ടികളുമാണ്. അടിയന്തിര ചികിത്സയ്ക്ക് എത്തുന്ന അഞ്ച് പേരും 70 ലേറെ പ്രായമുള്ള മൂന്ന് പേരുമുണ്ട്.

ദോഹയിൽ നിന്നുള്ള വിമാനം ഞായറാഴ്ച തിരുവനന്തപുരത്തെത്തി. വിമാനത്താവളം പൂർണ്ണ സജ്ജം. ക്വാറന്റൈനിൽ കഴിയുന്നവരും വീട്ടിലേക്ക് പോകുന്നവരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന രീതിയിലേ പ്രവർത്തിക്കാവൂ. ശാരീരിക അകലം പ്രധാനം. വീട്ടിലായാലും ക്വാറന്റീൻ കേന്ദ്രത്തിലും പ്രത്യേക ശ്രദ്ധ വേണം. വീട്ടുകാരും ശ്രദ്ധിക്കണം. അശ്രദ്ധയുടെ ചില ദോഷഫലങ്ങൾ മുൻപ് അനുഭവിച്ചതാണ്. അവരുാമായി സമ്പർക്കം പുലർത്തരുത്. നാളുകൾക്ക് ശേഷം നാട്ടിൽ വന്നവരാണെന്ന് കരുതി സന്ദർശനം നടത്തുന്ന പതിവ് രീതിയും പാടില്ല. ഇക്കാര്യത്തി. പുലർത്തുന്ന ജാഗ്രതയാണ് സമൂഹത്തെ വരും ദിവസങ്ങളിൽ സംരക്ഷിച്ച് നിർത്തുക. ഈ ബോധം എല്ലാവർക്കും ഉണ്ടാകണം.

ദുരന്ത കാലത്ത് സജ്ജീകരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളല്ല ക്വാറന്‍റൈൻ കേന്ദ്രങ്ങൾ. ആരോഗ്യ ചികിത്സാ മാനദമണ്ഡങ്ങൾ പാലിച്ച് സൗകര്യങ്ങൾ ഒരുക്കി. യാത്രയിലുടനീളം സ്വീകരിക്കുന്ന സുരക്ഷാ കരുതൽ പോലെയാണ് അവർക്കായി ക്വാറന്‍റൈൻ കേന്ദ്രത്തിലെ സൗകര്യവും. എല്ലാവരുടെയും സഹകരണം വേണം. ഈ കേന്ദ്രങ്ങളിൽ നിശ്ചിത സുരക്ഷ ഉറപ്പാക്കുന്നുണ്ട്. അപാകടതകൾ ശ്രദ്ധയിൽ പെട്ടാൽ പരിഹരിക്കും. ഇതിൽ തദ്ദേശ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ പുലർത്തണം. ദുരിതങ്ങളോട് സമർപ്പണം കൊണ്ട് പോരാടണം. പരാതികൾ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ കേന്ദ്രത്തിൽ സർക്കാർ പ്രതിനിധി ഉണ്ടാകും.

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെ വരാൻ പ്രത്യേക രജിസ്ട്രേഷൻ നിലവിലുണ്ട്. 86679 പേർ ഇതുവരെ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. ഇതിൽ 37801 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ 45814 പേർക്ക് പാസ് നൽകി. പാസ് കിട്ടിയവരിൽ 19476 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതുവരെ 16355 പേർ എത്തിച്ചേർന്നു. അതിൽ 8912 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇന്നലെ വന്നവരിൽ 3216 പേർ ക്വാറന്‍റൈനിലേക്ക് മാറ്റി. മുൻപ് റെഡ് സോണിൽ നിന്ന് വന്നവരെ കണ്ടെത്തി സർക്കാർ ക്വാറന്‍റൈൻ സൗകര്യത്തിലേക്ക് മാറ്റുന്നു.

റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. ഈ ജില്ലകളിൽ നിന്ന് വരുന്നവ പ്രായമായവരും പത്ത് വയിൽ താഴെയുള്ളവരും വീടുകളിൽ കഴിഞ്ഞാൽ മതി. ഗർഭിണികൾക്ക് 14 ദിവസം വീടുകളിൽ ക്വാറന്‍റൈൻ. നേരത്തെ വന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റുന്നു. റെഡ് സോണിൽ നിന്ന് വന്നവരെ ചെക്പോസ്റ്റിൽ നിന്ന് ക്വാറന്റീനിലേക്ക് മാറ്റും. മറ്റുള്ളവർക്ക് പാസ് അനുവദിക്കുന്നത് തുടരും.

ഒരു ദിവസം ഇങ്ങോട്ടെത്താൻ പറ്റുന്ന അത്രയും പേർക്ക് പാസ് നൽകും. ഇവരെ കുറിച്ച് വ്യക്തമായ ധാരണ അവരെത്തുന്ന ജില്ലയ്ക്കും ഉണ്ടാകണം. പാസ് വിതരണം നിർത്തിവച്ചിട്ടില്ല. ക്രമത്തിൽ വിതരണം ചെയ്യും. ക്രമവത്കരണം മാത്രമാണ് ചെയ്തത്. റെഡ് സോൺ ജില്ലയിൽ വരുന്നുവെന്നത് കൊണ്ട് ആരെയും തടയില്ല. ഇതിനെസല്ലാം വ്യക്തമായ പ്രക്രിയ സജ്ജമായി. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല.

ചിലർ അതിർത്തിയിലെത്തി ബഹളം വയ്ക്കുന്നു. അവർ എവിടെ നിന്നാണോ വരുന്നവത് അവിടെ നിന്നും കേരളത്തിൽ എത്തേണ്ട ജില്ലയിൽ നിന്നും പാസെടുക്കണം. അത്താൻ ആവശ്യപ്പെട്ട സമയത്ത് അതിർത്തിയിൽ എത്തണം. ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. ഇവിടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കാനാണ് രജിസ്ഠ്രേഷൻ. തിരക്കിനിടയാകുന്നത് സമയം തെറ്റി വരുന്നവർ കാരണമാണ്. അല്ലെങ്കിൽ നേരത്തെ ക്രമീകരിച്ച പോലെ കാര്യങ്ങൾ പോകും. അതിർത്തി കടക്കുന്നവർ കൃത്യമായ പരിശോധന ഇല്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങൾ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിർത്തിയിൽ ശാരീരിക അകലം പാലിക്കുന്നില്ല. അത് ചെയ്യരുത്. അതിൽ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ശ്രദ്ധിക്കണം.

അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ഗർഭിണികൾക്കും വയോധികർക്കും ക്യൂ ഏര്‍പ്പെടുത്തും. ഇതര സംസ്ഥാനത്ത് കുടുങ്ങിയ വിദ്യാർത്ഥികൾക്കായി ട്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടു. ട്രെയിൻ അനുവദിക്കുമെന്ന് പ്രതീക്ഷ. ദില്ലിയിലും സമീപ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ദില്ലിയിലെത്തിച്ച് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിനിൽ കൊണ്ടുവരാനാണ് ആലോചന.

ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളുണ്ട്. അവരെ തിരിച്ചെത്തിക്കുന്ന കാര്യം ദ്വീപിലെ ഭരണാധികാരിയുമായി സംസാരിച്ചു. അവരെ കപ്പലിൽ അയക്കും. കൊച്ചിയിൽ സ്ക്രീനിങ് നടത്തി വീടുകളിലേക്ക് അയക്കും. ലക്ഷദ്വീപിൽ കൊവിഡ് കേസില്ല. കപ്പലിൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ മറ്റ് സംസ്ഥാനക്കാരുമുണ്ട്. അവർക്കിവിടെ ക്വാറന്‍റൈൻ ഏര്‍പ്പെടുത്തും. 

21 ട്രെയിനുകളിലായി. 24088 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് മടങ്ങി. ഇന്ന് ലഖ്നൗവിലേക്ക് ഒരു ട്രെയിൻ പോകും. 17017 പേർ ബിഹാറിലേക്കും 3421 പേർ ഒഡീഷയിലേക്കും 5689 പേർ ഝാർഖണ്ഡിലേക്കും പോയി. യുപിയിലേക്ക് 2293 പേരും മധ്യപ്രദേശിലേക്ക് 1143 പേരും പശ്ചിമ ബംഗാളിലേക്ക് 1103 പേരും മടങ്ങി. ചില സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ സ്വീകരിക്കാൻ സമ്മതം നൽകിയിട്ടില്ല. അവർ സമ്മതം നൽകിയാൽ ഇവിടെ നിന്നും അതിഥി തൊഴിലാളികളെ അയക്കും. അതിഥി തൊഴിലാളികളെ അയക്കാൻ എല്ലാം ചെയ്യാൻ സംസ്ഥാനം സജ്ജമാണ്.

സംസ്ഥാനത്ത് അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ട് ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയ്ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് സ്റ്റേഷനിൽ നിന്ന് നൽകും. ജില്ല വിട്ട് യാത്രക്കുള്ള പാസിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഓൺലൈനിലൂടെ പാസ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പാസ് മാതൃക പൂരിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ നിന്നും നേരിട്ട് പാസ് വാങ്ങാം

വിദേശത്ത് നിന്ന് കേരളത്തിലെത്തിവരെ വീടുകളിലും ക്വാറന്റീനിലും എത്തിക്കാൻ പൊലീസ് സുരക്ഷയൊരുക്കി. ഇത് തുടരും. ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും വിമാനത്താവളങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മറ്റാരെയും വിമാനത്താവളത്തിൽ അനുവദിക്കില്ല.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ കേരളത്തിൽ നിരീക്ഷണത്തിൽ കഴിയണം. അവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിന് പരിധി വയ്ക്ക്ണം. സ്വതന്ത്രമായി ബന്ധപ്പെടരുത്. നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കും. ക്വാറന്‍റൈൻ സൗകര്യത്തിനായി ഹോട്ടലുകൾ ഏറ്റെടുത്തു തുടങ്ങി.

ഓട്ടോ റിക്ഷകൾക്ക് ഓടാൻ അനുവാദമില്ല. എന്നാൽ ചെറിയ യാത്രക്ക് അനുവദിക്കാവുന്നതാണ്. ഇത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. തിരിച്ചെത്തിയ പ്രവാസികളെ താമസ സ്ഥലത്ത് പോയി അഭിമുഖം നടത്തി ദൃശ്യം പുറത്തുവിട്ട ദൃശ്യമാധ്യമങ്ങളുണ്ട്. അവർ നിയന്ത്രണം പാലിക്കണം. എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് ഈ അഭ്യർത്ഥന. അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യത്തിന് അന്തർ ജില്ലാ യാത്രക്ക് അനുവാദം നൽകും. കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഭിഭാഷകർക്ക് ഹാജരാകാൻ സൗകര്യം ഒരുക്കും.

മുതിർന്ന പത്രപ്രവർത്തകരുടെ പെൻഷൻ ബാങ്ക് വഴി വിതരണം ചെയ്യാൻ നടപടിയെടുക്കും. വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. വ്യവസായ വകുപ്പ് ഇടപെടുന്നുണ്ട്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പു്രവർത്തനം ശക്തമാക്കാൻ എൻഎച്ച്എം മുഖേന താത്കാലിക തസ്തിക സൃഷ്ടിക്കുന്നു. 704 ഡോക്ടർമാർ 1196 സ്റ്റാഫ് നഴ്സ്, 166 നഴ്സിങ് അസിസ്റ്റന്റ് 211 ലാബ് ടെക്നീഷ്യൻ 292 ജെഎച്ഐ, 311 ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകൾ. 1390 പേരെ ഇതിനോടകം നിയമിച്ചു. ശേഷിച്ചവ ജില്ലയിലെ ആവശ്യം അനുസരിച്ച് നിയമിക്കും.

നേരത്തെ 276 ഡോക്ടർമാരെ പിഎസ്സി വഴി അടിയന്തിരമായി നിയമിച്ചിരുന്നു. കാസർകോട് മെഡിക്കൽ കോളേജിനായി തസ്തിക സൃഷ്ടിക്കുന്നു. ഇതിനെല്ലാം പുറമെയാണ് താത്കാലിക ജീവനക്കാർ. നിലവിലെ ഒഴിവുകൾ നികത്തും. പെൻഷൻ ക്ഷേമനിധി ആനുകൂല്യം ലഭിക്കാത്തവർക്ക് ആയിരം രൂപ നൽകുമന്നത് മെയ് 14 ന് ആരംഭിക്കും. മെയ് 25 നകം വിതരണം പൂർത്തിയാക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുനുള്ള സുഭിക്ഷ കേരളം പദ്ധതി ഇന്നലെ പ്രഖ്യാപിച്ചിരുനി്നു. 3860 കോടിയുടെ പദ്ധതിയാണിത്. മൃഗസംരക്ഷണം, ക്ഷീരവികസനം മത്സ്യകൃഷി തുടങ്ങി വിവിധ മേഖലകളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഒന്നിച്ച് ഈ പദ്ധതി നടപ്പിലാക്കും. ഇത് വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണം. തരിശ് നിലങ്ങളിൽ കൃഷിയിറക്കുക, തൊഴിലവസരം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ ബൃഹത് പദ്ധതി. പ്രയാസങ്ങളെ അഥിജീവിക്കാൻ ഇതിലൂടെ സാധിക്കണം.