Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കൊവിഡ്; സമൂഹ വ്യാപനത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി

ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉയര്‍ന്ന കൊവിഡ് നിരക്കാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. വലിയ ആശങ്ക നിലനിൽക്കുന്നതിനൊപ്പം കനത്ത ജാഗ്രത നിര്‍ദ്ദേശവും നിലവിലുണ്ട്. 

covid 19 kerala updates pinarayi vijayan press meet
Author
Trivandrum, First Published May 26, 2020, 5:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്. 10 പേരുടെ ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 27 പേർ വിദേശത്ത് നിന്ന് വന്നു. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കർണാടക 2, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.

963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 104333 പേർ. 103528 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 808 പേർ ആശുപത്രികളിൽ. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തിൽ രോഗബാധയില്ല. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകൾ ശേഖരിച്ചതിൽ 8174 എണ്ണം നെഗറ്റീവാണ്. 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് പുതുതായി ഒൻപത് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും

മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തിൽ പറഞ്ഞത്: 

കണ്ണൂർ ധർമ്മടം സ്വദേശി 61 കാരിയായ ആസിയ മരണമടഞ്ഞു. ഇതുവരെ ആറ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആസിയയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം സഹോദരങ്ങൾ വരാൻ തുടങ്ങിയതോടെ കേരളം കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. സർക്കാർ നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണത്തിനും എംപിമാരോടും എംഎൽഎമാരോടും വീഡിയോ കോൺഫറൻസ് നടത്തി. സർക്കാർ നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണ അറിയിച്ചു. മഹാമാരി നേരിടാൻ കേരളം തുടർന്നും ഒറ്റക്കെട്ടായി പോകണമെന്ന വികാരം എല്ലാവരും പങ്കുവച്ചു. ജാഗ്രത ശക്തിപ്പെടുത്താനുള്ള നിർദ്ദേശവും ലഭിച്ചു

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ പങ്കെടുത്തു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ്തല കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വാർഡ് തല സമിതിക്ക് മുകളിൽ പഞ്ചായത്ത് തല കമ്മിറ്റികളുണ്ട്. ഇവരുടെ പ്രവർത്തനത്തിന് പിന്തുണ ജനപ്രതിനിധികളോട് തേടി.

വിദേശത്ത് നിന്ന് വരുന്നവർക്കായി കൂടുതൽ വിമാനം കേന്ദ്രം ഏഡർപ്പെടുത്തുന്നുണ്ട്. മുൻഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. കൊവിഡ് തീവ്രമായ സ്ഥലങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അവരിങ്ങോട്ട് വരേണ്ടെന്ന സമീപനം ഉണ്ടാകില്ല

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കാം. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നു. അന്തർജില്ലാ ജല ഗതാഗതം അന്തർ ജില്ലാ ബസ് ഗതാഗതം ആരംഭിക്കുമ്പോൾ പരിശോധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തിരികെ പോകാൻ യാത്രാ സൗകര്യം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹോട്ട്സ്പോട്ടിൽ നിന്ന് വരുന്നവർക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തും.

പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ പാസിന്റെയും മറ്റ് കാര്യങ്ങളുടെയും ചെലവ് കരാറുകാർ തന്നെ വഹിക്കണം. കൊവിഡ് ടെസ്റ്റ് ചെലവടക്കം. കൊവിഡ് തടയാനുള്ള ശ്രമങ്ങൾ നല്ല ഫലം ചെയ്തു. കേരളം ഇതിനായി ഒന്നിച്ചുനിന്നു. രോഗവ്യാപനം തടയാനായി. സംസ്ഥാനത്ത് ചികിത്സയിൽ ഉണ്ടായിരുന്നവരുടെ എണ്ണം 16 ലേക്ക് ചുരുങ്ങിയിരുന്നു. തിരികെ വരാൻ ആഗ്രഹിക്കുന്നവരെ എല്ലാം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസികളാകെ ഒന്നിച്ച് എത്തിയാൽ വലിയ പ്രശ്നമുണ്ടാകും.

ലക്ഷക്കണക്കിന് ആളുകളാണ് വിദേശത്തും മറ്റ് സംസ്ഥാനഹ്ങളിലുമുള്ളത്. വിസ കാലാവധി കഴിഞ്ഞവർ, വിദ്യാർത്ഥികൾ, ഗർഭിണികൾ, വയോധികർ, അവശത അനുഭവിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകണം. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1.01 ലക്ഷം പേർ വന്നു.

വിദേശത്ത് നിന്ന് 1.34 ലക്ഷം പേർ തിരികെ വരാൻ രജിസ്റ്റർ ചെയ്തു. 11000 പേർ സംസ്ഥാനത്ത് എത്തി. പ്രവാസികൾക്കായി ചില ക്രമീകരണങ്ങൾ വേണം. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളിൽ നിന്നടക്കം ആളുകൾ വരുന്നു. മറ്റിടങ്ങളിൽ നിന്ന് ആളുകൾ വരുന്നതിന് മുൻപ് ഇവിടെ ചികിത്സയിൽ ഉമ്ടായിരുന്നത് 16 പേരാണ്. എന്നാലിന്നലെ 415 പേരായി ചികിത്സയിൽ. രോഗികളുടെ എണ്ണം സ്വാഭാവികമായി വർധിക്കും. മഹാരാഷ്ട്രയിൽ നിന്ന് വന്ന 72 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 71 പേർക്കും കർണ്ണാടകത്തിൽ നിന്നെത്തിയ 35 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 133 പേർക്ക് രോഗബാധ ഉണ്ടായി. യുഎഇയിൽ നിന്നും കുവൈറ്റിൽ നിന്നും കൂടുതൽ രോഗികൾ. തീവ്ര മേഖലയിൽ നിന്നെത്തുന്നവരെ കരുതലോടെ സ്വീകരിക്കും. ആരെയും പുറന്തള്ളില്ല.

അതിനാണ് സർക്കാറിന്രെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നത്. രജിസ്ട്രേഷൻ ചെയ്യുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിന് ഇത് ഒഴിച്ചുകൂടാനാവില്ല. മറ്റ് പോംവഴികളില്ല. കാര്യങ്ങൾ കൈവിട്ട് പോയേക്കാം. മറ്റ് സംസ്ഥാനങ്ങളിൽ രോഗം ഇപ്പോൾ തന്നെ വ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ട്രെയിനുകൾ കേരളത്തിലേക്ക് വരുന്നു. അതിൽ പ്രശ്നമില്ല. എവിടെ നിന്ന് വന്നാലും രജിസ്റ്റർ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയിൽവെ സ്റ്റേഷനിൽ പരിശോധിച്ച് ക്വാറന്റീനിൽ അയക്കുകയാണ്. അത് വീട്ടിലുമാകാം. വീട്ടിൽ സൗകര്യമുണ്ടോയെന്ന് മനസിലാക്കണം. അതിന് ട്രെയിനിൽ വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ലഭിക്കണം. എന്നാലേ തീർച്ചപ്പെടുത്താനാവൂ.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനയക്കാൻ കേന്ദ്രം കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേരളത്തിന് വിവരം ലഭിച്ചിരുന്നില്ല. ശരിയായ നിരീക്ഷണത്തിനും രോഗം തടയുന്നതിനും സർക്കാർ നടപടികളെ തകിടം മറിക്കുന്നതാണിത്. കേന്ദ്രത്തെ പ്രതിഷേദം അറിയിച്ചു. എന്നാലതിന് ശേഷവും സമാനമായ തീരുമാനമുണ്ടായി. അതിനാൽ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കും. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്നതാണിത്.

മുംബൈയിൽ നിന്നുള്ളവരും വരണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ രോഗം പടരാതിരിക്കാനുള്ള നിബന്ധനകൾ കർശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണം. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവരോട് സമ്പർക്കം പാടില്ല. ഇതുറപ്പ് വരുത്താൻ എല്ലാവരും ശ്രദ്ധിക്കണം.

ലോക്ക് ഡൗണിൽ വിവിധ ഇളവുകളിൽ വന്നു. ലോക്ക് ഡൗൺ തുടരുകയാണ്. കടകളിലും ചന്തകളിലും ആൾക്കൂട്ടം കാണുന്നു. ഇത് തുടരാനാവില്ല. ജാഗ്രതയിൽ അയവ് പാടില്ല. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ജനപ്രതിനിധികളുടെ സഹകരണം ഇക്കാര്യത്തിൽ അഭ്യർത്ഥിച്ചു.

നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ജീവനോപാധിക്ക് സൗകര്യം നൽകണം. സുരക്ഷിതമായി ഇളവ് പ്രയോജനപ്പെടുത്തണം. കൊവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങളെ എംഎൽഎമാരും എംപിമാരും ബോധവത്കരിക്കണം.

വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണമുണ്ട്. വിവാഹത്തിന് പരമാവധി 50 പേർക്കും മരണത്തിന് 20 പേർക്കുമേ പങ്കെടുക്കാവൂ. ഇത് ലംഘിക്കപ്പെടുന്നുണ്ട്.ആരോഗ്യപ്രവർത്തകർ സുരക്ഷാ മാനദണ്ഡം കർശനമായി പാലിക്കണം. അവർക്ക് വൈറസ് ബാധയുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. അവരുടെ സേവനമാണ് ഏറ്റവും വിലപ്പെട്ടത്. പിപിഇ കിറ്റ് ധരിക്കാതെ രോഗികളുമായി ബന്ധപ്പെടരുത്. പൊലീസിന്റെ കാര്യത്തിലും ഇത് ബാധകം. ബസുകളിലും ബസ് സ്റ്റാന്റിലും തിരക്കനുഭവപ്പെടുന്നു. ഓട്ടോകളിലും കൂടുതൽ പേർ സഞ്ചരിക്കുന്നു.

പലയിടത്തു നിന്നും ഇത്തരം പരാതികൾ കിട്ടുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യും. തിരക്കൊഴിവാക്കാൻ പൊലീസും കാർക്കശ്യത്തോടെ ഇടപെടും. ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചു. വരുന്നവർക്ക് ക്വാറന്റീൻ വേണ്ടിവരും. മാസ്ക് നിർബന്ധമാണെങ്കിലും ധരിക്കാതിരിക്കാനുള്ള പ്രവണതയുണ്ട്, അനുവദിക്കാനാവില്ല.എല്ലാവർക്കും പരിമിതമായ തോതിലെങ്കിലും മാസ്ക് സൗജന്യമായി ലഭ്യമാക്കും.

ജ്യൂസ് കടകളിലും ചായക്കടകളിലും കുപ്പി ഗ്ലാസ് ഉപയോഗിക്കുന്നു. ഇത് അനുവദിക്കാനാവില്ല. ആ കാര്യം ഗൗരവത്തോടെ കണ്ട് ഇടപെടണം.മലയാളികൾക്ക് തിരികെ നാട്ടിലെത്താനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്നും മറ്റും കെട്ടിട നിർമ്മാണ തൊഴിലാളികളടക്കം കേരളത്തിലേക്ക് എത്തുന്നു. കുറുക്കുവഴികളിലൂടെ ആളുകൾ എത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. വരവ് വ്യവസ്ഥാപിതമാക്കാൻ നടപടി കർശനമാക്കും. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് കനത്ത പിഴ ചുമത്തും. 28 ദിവസം നിർബന്ധിത ക്വാറന്റീൻ ഏഡർപ്പെടുത്തും.

സംസ്ഥാന അതിർത്തി കടന്ന് സ്ഥിരമായി പോയി വരുന്നവർക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നൽകും. സന്നദ്ധ പ്രവർത്തകരിൽ ഒരു വിഭാഗത്തെ പൊലീസിനൊപ്പം പൊലീസ് വളണ്ടിയർമാരായി നിയോഗിക്കും. ലോക്ക് ഡൗൺ നിയന്ത്രണം നടപ്പിലാക്കുന്നതിന് പൊലീസിനെ സഹായിക്കുക ലക്ഷ്യം. രണ്ട് പേരടങ്ങുന്ന പൊലീസ് സംഘത്തിൽ ഒരാൾ വളണ്ടിയറായിരിക്കും.

എടിഎമ്മുകളിൽ സാനിറ്റൈസർ റീഫിൽ ചെയ്യണം. 16 സർക്കാർ ലാബിലും ആറ് സ്വകാര്യ ലാബിലും കൊവിഡ് പരിശോധനക്ക് സൗകര്യം ഉണ്ട്. സർക്കാർ ലാബുകളിൽ ദിവസം മൂവായിരം പരിശോധന നടത്താനാവും. അത്യാവശ്യ ഘട്ടത്തിൽ ഇത് അയ്യായിരമാക്കും. ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കും.

കോടതികളുടെ സുരക്ഷ മാനിച്ച്, പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കും, നടപടി ആരംഭിച്ചു. കള്ളനെ പിടിക്കാൻ പോയ പൊലീസും കേസ് പരിഗണിച്ച മജിസ്ട്രേറ്റും ക്വാറന്റീനിൽ പോകുന്ന സ്ഥിതി ഗൗരവം. പിടിയിലാകുന്ന പ്രതികളെ കൊവിഡ് വ്യാപനം തടയാൻ വേണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിക്കില്ല. ഇവർക്കായി സബ് ഡിവിഷൻ തലത്തിൽ ഡിറ്റൻഷൻ കം പ്രൊഡക്ഷൻ സെന്ററാക്കും. അറസ്റ്റ് നടപടികളിൽ കുറച്ച് പൊലീസുകാരെ മാത്രമേ പങ്കെടുപ്പിക്കു.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു. കുട്ടികൾ ജാഗ്രതയോടെ പരീക്ഷക്കെത്തി. അധ്യാപകരും പിടിഎയും മികച്ച ഇടപെടൽ. നടപടികൾ തൃപ്തികരം. പൊലീസ് തികഞ്ഞ ജാഗ്രത പാലിക്കുന്നു. കുട്ടികളെ സുരക്ഷിതരായി വീടുകളിൽ എത്തിക്കുന്നതിനും പൊലീസ് മുന്നിലുണ്ട്. പരീക്ഷയെഴുതാനാവാത്തവർക്ക് ഉചിതമായ രീതിയിൽ അവസരം ഉണ്ടാകും.

പരിശോധന ശക്തമാക്കാൻ കൊവിഡ് 19 ലാബുകളിൽ എൻഎച്ച്എം മുഖേന 150 താത്കാലിക തസ്തിക സൃഷ്ടിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരുടെയും കൊവിഡ് കൂടിയ സാഹചര്യത്തിലെത്തുന്നവരുടെയും എണ്ണം വർധിച്ച സാഹചര്യത്തിലാണിത്. തൃശ്ശൂർ ജില്ലയിലെ എംപറര്‍ ഇമ്മാനുവേൽ ചർച്ച് വിശ്വാസികൾ ഒരുമിച്ച് താമസിക്കുന്ന 18 വീടുകളടങ്ങിയ ഹൗസിങ് കോളനി കൊവിഡ് പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. കുടുംബശ്രീ 50 ലക്ഷം, കല്യാണരാമൻ രണ്ട് കോടിയും നൽകി. പുതുശേരി രാമചന്ദ്രന്റെ ഓർമ്മയ്ക്കായി മകൾ ഒരു ലക്ഷം നൽകി.

കേരളത്തിലെ ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് ഇത്. സംസ്ഥാനത്തിന് പുറത്ത് ലക്ഷണക്കണക്കിന് ആളുകളുണ്ട്. എല്ലാവരും ഒരുമിച്ച് വന്നാൽ ക്രമീകരണം താളം തെറ്റും. ട്രെയിനുകളിൽ വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാവും. അങ്ങിനെ വന്നാൽ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാം. അത് പാലിക്കാതെ ട്രെയിൻ വിടുന്ന സ്ഥിതിയുണ്ടായി. ഇവിടെ വന്നിറങ്ങിയ ശേഷം ഇവർക്കെല്ലാം ക്രമീകരണം ഉറപ്പാക്കുമ്പോൾ അപാകത പറ്റും. അത് ഒഴിവാക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചത്.

കേരളത്തിലേക്ക് വരുന്നവർ കേരളത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അത് റെയിൽവെ കേരളത്തെ അറിയിക്കണം. ഇവിടെ രജിസ്റ്റർ ചെയ്ത് അറിയിച്ചാലേ കേരളത്തിന് ക്രമീകരണം നടപ്പാക്കാനാവൂ. കേന്ദ്ര റയിൽവെ മന്ത്രി ശ്രദ്ധയോടെ ചെയ്യേണ്ടതാണിത്. എന്നാൽ കേരളം കത്തയച്ച ശേഷവും മറ്റൊരു ട്രെയിൻ അയച്ചു. ഉദ്യോഗസ്ഥ തലത്തിൽ ഇടപെട്ടതിന്റെ ഭാഗമായി ആ തീരുമാനം റദ്ദാക്കി. ഈ സാഹചര്യത്തിൽ ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

സംസ്ഥാനത്തിന്റെ ഡിമാന്റ് ട്രെയിനിൽ വരുന്നവർ സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മാത്രമാണ്. കേന്ദ്ര റെയിൽവെ മന്ത്രി പറഞ്ഞത് നിർഭാഗ്യകരം, പദവിക്ക് ചേർന്നതല്ല. രാജ്യം നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവം പോലും അദ്ദേഹത്തെ പോലൊരാൾക്ക് കാണാനാവുന്നില്ല. 

എല്ലാ അംഗങ്ങൾക്കും സമയം കിട്ടിയില്ല. ഇന്ന് കക്ഷി നേതാക്കളാണ് സംസാരിച്ചത്. മറ്റൊരുപാട് പ്രമുഖരായ നേതാക്കളുണ്ട്. എല്ലാവർക്കും സംസാരിക്കാൻ സാധിച്ചില്ല.എല്ലാ അംഗങ്ങൾക്കും സമയം കിട്ടിയില്ല. ഇന്ന് കക്ഷി നേതാക്കളാണ് സംസാരിച്ചത്. മറ്റൊരുപാട് പ്രമുഖരായ നേതാക്കളുണ്ട്. എല്ലാവർക്കും സംസാരിക്കാൻ സാധിച്ചില്ല.

സംസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് എത്തിയിട്ടില്ല. എന്നാൽ എത്താവുന്ന തരത്തിലുള്ള രോഗമാണ്. ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കണം. സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് നിൽക്കുന്നത്. ഓരോ പ്രദേശത്ത് നിന്നും വരുന്നവർ പലരും തീവ്ര ബാധിത മേഖലയിൽ നിന്നാണ്. പലരും രോഗവാഹകരാവാം. ക്വാറന്റൈൻ കൃത്യമായി പാലിക്കണം.

Follow Us:
Download App:
  • android
  • ios