Asianet News MalayalamAsianet News Malayalam

കോട്ടയം മെഡി. കോളേജിൽ 12 ഡോക്ടർമാർക്ക് കൊവിഡ്, സർജറികൾ വെട്ടിക്കുറയ്ക്കും

മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 12 ഡോക്ടർമാർക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ ഒപിയിലടക്കം കടുത്ത നിയന്ത്രണം വരും.

covid 19 kottayam medical college doctors tested positive
Author
Kottayam, First Published Apr 19, 2021, 4:45 PM IST

കോട്ടയം: ആശങ്ക പടർത്തി കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സർജറി, പൾമനറി മെഡിസിൻ വിഭാഗങ്ങളിലാണ് രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോക്ടർമാരിൽ രോഗം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അടിയന്തരശസ്ത്രക്രിയകളൊന്നും റദ്ദാക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

12 ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ ഒപിയിലടക്കം കടുത്ത നിയന്ത്രണം വരും. ഡോക്ടർമാർക്കിടയിൽ രോഗം കൂടാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലാണ് രോഗം പടർന്ന് പിടിച്ചിരിക്കുന്നത്. 

ഇന്ന് വൈകിട്ടോടെയും, നാളെ ഉച്ചയോടെയും കൂടുതൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നടത്തിയ ടെസ്റ്റുകളുടെ ഫലം വരാനുണ്ട്. ഇത് കൂടി വന്നാൽ സ്ഥിതി അതീവഗുരുതരമാകുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. 

നേരത്തേയും കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വലിയ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് വ്യാപനം കുറഞ്ഞപ്പോൾ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. അതിപ്പോൾ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. മറ്റ് ആശുപത്രികളിൽ നിന്ന് വരുന്ന രോഗികൾക്ക് കൃത്യമായി പരിശോധന നടത്തിയ ശേഷം മാത്രം അഡ്മിഷൻ എടുത്താൽ മതിയെന്നും, അല്ലാത്തവരെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാനുമാണ് തീരുമാനം. 

ഇതിനിടെ, പാലാ പൊലീസ് സ്റ്റേഷനിലെ പത്ത് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ സബ് ഇന്‍സ്‌പെക്ടറുടെ സ്രവ പരിശോധനഫലവും വരാനുണ്ട്. ഇതോടെ സ്‌റ്റേഷനിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുമെന്ന് പൊലീസ് അറിയിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള 23 പേരുടെ സ്രവം കൂടി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവരെല്ലാം പരസ്പരം സമ്പർക്കമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios