തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ വൻ തിരക്ക്. കേന്ദ്രം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൌൺ നിർദേശിച്ച സാഹചര്യത്തിൽ ജനം ഇന്ന് രാവിലെ മുതൽ സപ്ലൈകോ ഉൾപ്പടെയുള്ള പഴം, പച്ചക്കറി, പലചരക്ക് കടകളിൽ എത്തി സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. തിരുവനന്തപുരത്ത് ഉൾപ്പടെ സപ്ലൈകോ ഔട്ട് ലെറ്റിൽ വൻ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയിലേക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ തിക്കും തിരക്കും കൂട്ടി എത്തുകയാണ് ജനം. സമ്പൂർണ ലോക്ക് ഡൌൺ ഉണ്ടാകില്ലെന്നും, കാസർകോട് ജില്ല മാത്രമേ പൂർണമായി അടച്ചിടൂ എന്നും സർക്കാർ വ്യക്തമാക്കുമ്പോഴും പൊതുജനത്തിന് ബേജാറാണ്. 

തിരുവനന്തപുരത്തെ സപ്ലൈകോ ഔട്ട് ലെറ്റിൽ സ്ത്രീകളുൾപ്പടെ നിരവധിപ്പേർ രാവിലെ മുതൽ എത്തിയതിനെത്തുടർന്ന് പൊലീസിന് എത്തി തിരക്ക് നിയന്ത്രിക്കേണ്ടി വന്നു. നിലവിൽ സംസ്ഥാനസർക്കാരിന്റെ നിർദേശത്തെത്തുടർന്ന്, ടോക്കൺ നൽകിയാണ് ആളുകളെ കയറ്റി വിടുന്നത്. അഞ്ച് പേരിൽ കൂടുതൽ പേരെ ഔട്ട് ലെറ്റിന്റെ പരിസരത്തേക്ക് കയറ്റി വിടില്ല. ടോക്കൺ നൽകുന്നത് പൊലീസായിരിക്കും.

അനാവശ്യമായി പരിഭ്രാന്തി പാടില്ലെന്ന് നേരത്തേ ഭക്ഷ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കം വ്യക്തമാക്കിയിരുന്നതാണ്. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം കേരളം സൂക്ഷിച്ചിട്ടുണ്ടെന്നും സാധനങ്ങൾ കിട്ടാതെ വരില്ലെന്നും വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ പഴം, പച്ചക്കറി, പലചരക്ക് കടകളും, പെട്രോൾ പമ്പുകളും ഹോട്ടലുകളും ഉണ്ടാകും. എന്നാൽ, ഹോട്ടലുകളിൽ ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ പാടില്ല. എല്ലാ മേശകളും തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം. കൃത്യമായി എല്ലാ അടുക്കളകളും വ്യക്തമായി വൃത്തിയാക്കണം. പലചരക്ക്, പഴം, പച്ചക്കറി കടകളിലും കർശന ശുചീകരണം നടത്തണം.

കാസർകോട്ട് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന കാര്യം ആലോചിക്കുകയാണ് സംസ്ഥാനസർക്കാർ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി വ്യാപാരി, വ്യവസായി സംഘടനകളുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കുന്നുണ്ട്. ഇതിന് ശേഷം ഇക്കാര്യത്തിൽ ഒരു അന്തിമതീരുമാനമുണ്ടാകും. 

എന്നാൽ ജനതാ കർഫ്യൂവിനിടെ ഇത്തരത്തിലൊരു ലോക്ക് ഡൌൺ വരുമെന്ന പ്രഖ്യാപനം വന്നതോടെ ആളുകൾ പരിഭ്രാന്തിയിലായി എന്നതാണ് വാസ്തവം. സൂപ്പർ മാർക്കറ്റുകളിൽ ആളുകളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. കടകളുടെ പുറത്ത് സാനിറ്റൈസർ വയ്ക്കണം. ആളുകൾ കൈ ശുചിയാക്കി, ചെറിയ സംഘങ്ങളായി ടോക്കൺ സംവിധാനം വഴി മാത്രമേ അകത്ത് പോകാവൂ. ഒരു കുടുംബത്തിലെ എല്ലാവരെയും കൊണ്ട് സാധനങ്ങൾ വാങ്ങാൻ പോകരുത്. അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാൻ ഒരു കുടുംബത്തിലെ ഒരാൾ മാത്രമേ പുറത്ത് പോകാവൂ. 

അതേസമയം, ബെവ്കോ ഔട്ട് ലെറ്റുകൾ അടയ്ക്കില്ലെന്ന് തന്നെയാണ് സംസ്ഥാനവസർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം. അതേസമയം ബാറുകൾ അടയ്ക്കും. ബെവ് കോ ഔട്ട് ലെറ്റുകൾക്ക് മുന്നിൽ സാനിറ്റൈസറുകളുണ്ട്. ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിച്ചേ നിൽക്കാവൂ. അടിയന്തരസാഹചര്യത്തിൽ ബെവ്കോ അടച്ചിട്ടാൽ, വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാനാകില്ലെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.

ഇതിനിടെ വടകരയിൽ ഇന്ന് രാവിലെ ബെവ് കോ ഔട്ട് ലെറ്റിന് മുന്നിൽ പൊലീസിന് ലാത്തി വീശേണ്ട സാഹചര്യമുണ്ടായി. ആളുകൾ തിങ്ങിക്കൂടിയ സാഹചര്യത്തിലായിരുന്നു ഇത്.