രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമായി നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താനാണ് തീരുമാനം.തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ സംസ്ഥാന വ്യാപക ലോക്ക് ഡൗൺ നീട്ടില്ല. സംസ്ഥാന വ്യാപമായി അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ മതിയെന്ന നിലപാടിലാണ് സര്ക്കാര്‍. ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകൾ ഉണ്ടാകും. രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമായി നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്തെ സ്ഥിതി സമഗ്രമായി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം പുരോഗമിക്കുകയാണ്. 

മൂന്നാം തരംഗ മുന്നറിയിപ്പും ഇളവുകൾ നൽകിയാൽ അത് ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും എല്ലാം നിലവിലുള്ളതിനാൽ ഏറെ ശ്രദ്ധിച്ചാണ് ഇളവുകൾ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാര്‍ പരിഗണിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് ധാരണ, 30%ൽ കൂടുതൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകും. അതും ട്രിപ്പിൽ ലോക് ഡൗൺ പോലുള്ള കര്‍ശന നിയന്ത്രണമാണ് ഇത്തരം മേഖലകളിൽ ഉദ്ദേശിക്കുന്നത്. 20-30 % ആണെങ്കിൽ ഭാഗിക നിയന്ത്രണം. എട്ട് ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവ് നൽകാനുള്ള തീരുമാനം ആണ് പരിഗണിക്കുന്നത്.

പൊതുഗതാഗതം അന്തര്‍ ജില്ലാ യാത്ര, ഏതൊക്കെ സ്ഥാപനങ്ങൾ തുറക്കണം എന്നതടക്കം പൊതു കാര്യങ്ങളിൽ ഇനിയും തീരുമാനം വരേണ്ടതുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona