തിരുവനന്തപുരം: ലോക്ഡൗൺ മൂലം മാറ്റിവച്ച പരീക്ഷകൾ കാര്യമായ പരാതികളില്ലാതെ രണ്ടാം ദിവസവും തുടരുന്നു. രാവിലെ പ്ലസ് ടു, വി എച്ച് എസ് സി വിഭാഗത്തിലായിരുന്നു പരീക്ഷ. എസ്എസ്എൽസി ഫിസിക്സ് പരീക്ഷ ഉച്ചതിരിഞ്ഞ് നടക്കും. നാലേമുക്കാൽ ലക്ഷം വിദ്യാർത്ഥികളാണ് ആദ്യ ദിനം പരീക്ഷയെഴുതിയതെങ്കിൽ രണ്ടാം ദിനത്തിൽ ഏഴ് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കാണ് പരീക്ഷ. പ്ലസ് വൺ-പ്ലസ് ടു, വിഎച്ച്എസ്‍സി വിഭാഗങ്ങളിലായി മൂന്ന് ലക്ഷത്തി അറുപത്തിമൂവായിരം പേരാണ് രാവിലെ പരീക്ഷ എഴുതിയത്. 

കുട്ടികൾ കോവിഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കി. ആദ്യംദിവസം പരീക്ഷ നടത്തിപ്പ് വിജയകരമായതിന്റെ ആത്മവിശ്വാസത്തിലാണ് സർക്കാർ.  99.9 ശതമാനം കുട്ടികളും ആദ്യദിനം പരീക്ഷയ്ക്ക് എത്തി. പരീക്ഷ എഴുതാനാകാത്തവർക്ക് വീണ്ടും അവസരം നൽകും

അതിർത്തി മേഖലയിലും തീവ്രബാധിത മേഖലകളിലും അതീവ ജാഗ്രതയോടെയായിരുന്നു പരീക്ഷ നടത്തിപ്പ്. 48 കുട്ടികൾക്ക് കർണാടകയിൽ നിന്നും കാസർകോട് എത്തി പരീക്ഷ എഴുതാനായില്ല.  ഇതിൽ 26 പേര്‍ കര്‍ണാടകയിൽ നിന്നുള്ളവരാണ്. അതിര്‍ത്തി ഗ്രാമങ്ങളിലെ 22 കുട്ടികള്‍ക്കും പരീക്ഷയ്ക്കെത്താനായില്ല. ഇന്നത്തെ ഹയർസെക്കൻ്ററി പരീക്ഷയിലും കുട്ടികൾ കുറവാണ്. തലപ്പാടി ചെക്ക് പോസ്റ്റ് കൂടാതെ മറ്റ് വഴികളിലൂടെ പരീക്ഷ എഴുതി പോകുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്ക് കൂട്ടൽ. ജില്ലാ ഭരണകൂടവും വിദ്യാഭ്യാസവകുപ്പും കർണാടകയിൽ നിന്നുള്ള കുട്ടികളെ പ്രത്യേകം വാഹനങ്ങളിലാക്കിയ‌ാണ് സ്കൂളുകളിലെത്തിച്ചത്

കോഴിക്കോട് ജില്ലയിൽ ഇന്ന് 45847 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. 46545 പ്ലസ് ടു പരീക്ഷയും എഴുതുന്നു. 179 കേന്ദ്രങ്ങളിലാണ് പരീക്ഷ. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെങ്കിലും രക്ഷിതാക്കൾ കുട്ടികളെ കൂട്ടാൻ ധാരാളമായി എത്തിയത് ഇന്നലെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂൾ ബസ് ഓടാത്തതിനാൽ രക്ഷിതാക്കൾ വാഹനങ്ങളുമായി കുട്ടികളെ കൊണ്ട് പോകാൻ എത്തുകയായിരുന്നു.

എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ രാവിലെ എട്ട് മണി മുതല്‍ തന്നെ കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഇന്നലെ അധ്യാപകർക്ക് മതിയായ തോതില്‍ കയ്യുറകള്‍ കിട്ടിയില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് ക്ഷാമം പരിഹരിച്ചു. ഇന്ന് കാര്യമായ പരാതികളുണ്ടായിട്ടില്ല. ഉത്തരക്കടലാസുകള്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ഒരാഴ്ച അതത് സ്കൂളുകളില്‍ തന്നെ സൂക്ഷിക്കണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിർദ്ദേശം. ഇന്നലെ ഇത് തിരുത്തി അന്നന്ന് തന്നെ  മൂല്യനിർണ്ണയത്തിനായി അയക്കണമെന്ന് നിർദ്ദേശം നല്‍കി. ഇതനുസരിച്ച് കഴിഞ്ഞ ദിവസം നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ഇന്നലെ തന്നെ സ്കൂളുകളില്‍ നിന്നും അയച്ചു.

കനത്ത ജാഗ്രത നിലനിൽക്കുന്ന  പാലക്കാട്  പരീക്ഷ നടത്തിപ്പ് സാധാരണഗതിയിൽ ആണ്. നിരോധനാജ്ഞ ഉണ്ടെങ്കിലും പരീക്ഷയെഴുതാൻ എത്തുന്ന വിദ്യാർഥികൾക്കായി കെഎസ്ആർടിസി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. 32666 വിദ്യാർത്ഥികൾ ആണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. സ്കൂളുകളിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ കുട്ടികൾക്ക് ബോധവൽക്കരണം നൽകിയ ശേഷമാണ് പരീക്ഷ തുടങ്ങിയത്. അതിർത്തി പ്രദേശങ്ങളിലെ കുട്ടികളെ പരീക്ഷാകേന്ദ്രത്തിൽ എത്തിക്കാൻ കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.

തൃശൂർ ജില്ലയിൽ രണ്ടാം ദിവസം 35319 പേരാണ് എസ്എസ്എൽസി പരീക്ഷ എഴുതുക. 289 പരീക്ഷ കേന്ദ്രങ്ങൾ ആണ് ഉള്ളത്. 3475 ഇൻവിജിലേറ്റർമാരും ഉണ്ട്. 69000 വിദ്യാർത്ഥികളാണ് പ്ലസ് വണ്‍ പ്ലസ് ടൂ  പരീക്ഷയെഴുതുന്നത്. 199 കേന്ദ്രങ്ങളിലാണ് ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നത്. 3648 ഇൻവിജിലേറ്റേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് പുതുക്കാട് സെന്റ് ആന്റണീസ് ഹയർസെക്കണ്ടറി സ്‌കൂളിലാണ്. 

വയനാട്ടിൽ ഹയർ സെക്കണ്ടറി എസ്എസ്എൽസി വിഭാഗത്തിലായി ഇന്ന് മുപ്പത്തിനായിരത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതുന്നുണ്ട്. 
കണ്ടെയ്ൻമെൻ്റ് സോണിലെ 10 സ്‌കൂളുകളിൽ ഉൾപ്പടെ നടപടികൾ സുഗമമായി നടക്കുന്നതായി ഡിഇഒ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള 3 വിദ്യാർഥികൾ നിലവിൽ ഇവിടേക്ക് വന്നു പരീക്ഷ എഴുതാൻ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. അസുഖ ബാധിതരായ രണ്ടു വിദ്യാർത്ഥികളും പരീക്ഷയ്ക്ക് എത്തിയിട്ടില്ല.