കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച കാസർകോട് ജില്ലയിലും ഏറ്റവുമധികം പേർ നിരീക്ഷണത്തിലുള്ള ജില്ലകളിലൊന്നായ കോഴിക്കോട്ടും കർശന നടപടികൾ തുടരുമ്പോഴും ബെവ്കോ ഔട്ട് ലെറ്റുകൾക്ക് മുന്നിൽ സ്ഥിതി പഴയത് പോലെത്തന്നെ. നിരോധനാജ്ഞ സമ്പൂർണ ലോക്ഡൌണായിട്ടും കാര്യമൊന്നുമുണ്ടായില്ല. വടകരയിലെ ബിവറേജ് കടയിലെ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു.

അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകൾക്ക് മുന്നിലും സൂപ്പർ മാർക്കറ്റുകളിലും പോലും അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുതെന്ന് സർക്കാർ നിർദേശം നിലവിലുള്ളപ്പോഴാണ് ബിവറേജസ് കടകൾക്ക് മുന്നിൽ നൂറും ഇരുന്നൂറും പേർ തിക്കിത്തിരക്കുന്നത്. മുഖത്ത് ഒരു ടവ്വൽ കെട്ടി നിൽക്കുന്നുണ്ട് എന്നതൊഴിച്ചാൽ, മദ്യപാനികൾക്ക് വേറെ സുരക്ഷാ ആവരണമൊന്നും മുഖത്തില്ല. വടകരയിൽ ആളുകളോട് പിരിഞ്ഞ് പോരാൻ പറഞ്ഞിട്ടും കേൾക്കാതിരുന്നതുകൊണ്ടാണ് പൊലീസിന് മദ്യപാനികൾക്ക് നേരെ ലാത്തി വീശേണ്ടി വന്നത്. 

'ഓട്രാ' എന്ന് പറയലേ ഉണ്ടായുള്ളൂ. തൽക്കാലം ഒരു വശത്തേക്ക് ഒതുങ്ങിയ മദ്യപാനികൾ പിന്നെയും വന്ന് വരിയിൽ നിന്നു. 

ഗുരുതരമായ സ്ഥിതി കാസർകോട്ടായിരുന്നു. രാവിലെ മുതൽ ബിവറേജസ് കടകൾക്ക് മുമ്പിൽ പൊലീസ് കാവലുണ്ട്. ക്യൂവിലധികം പേർ നിൽക്കരുതെന്ന് പല തവണ പൊലീസ് പറഞ്ഞു. പക്ഷേ മദ്യം വാങ്ങാതെ പോകാൻ ആരും തയ്യാറല്ല. സാധാരണ പലചരക്കുകടകളുടെ മുന്നിൽ എങ്ങനെ തിരക്കുണ്ടായിരുന്നോ അത്ര തന്നെ തിരക്ക് ബിവറേജസ് കടകൾക്ക് മുന്നിലുമുണ്ടായിരുന്നു.

കോഴിക്കോട്ടെ സരോവരം പാർക്കിന് മുന്നിലുള്ള ബിവറേജസ് കടകൾക്ക് മുന്നിൽ വലിയ ക്യൂവാണ് രാവിലെ മുതൽ. ചാനൽ ക്യാമറ കണ്ടപ്പോൾ പലരും മുഖം മറച്ചു. അത് വൈറസിനെ പേടിച്ചിട്ടായിരുന്നില്ലെന്ന് മാത്രം. പക്ഷേ, മദ്യപാനികളുടെ മുഖം മറച്ച് മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത സംപ്രേഷണം ചെയ്യുന്നത്.

കോഴിക്കോട്ട് 144 പ്രഖ്യാപിച്ചതാണ്. എന്നിട്ടും വൻ തിരക്ക് തന്നെയാണ് ബിവറേജസിന് മുന്നിൽ. നാളെ മുതൽ ബിവറേജസ് അടയ്ക്കുമെന്നും അല്ലെങ്കിൽ 10 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നുമുള്ള പ്രചാരണം മൂലമാണ് ഈ തിക്കിത്തിരക്കൽ.

''അല്ലാ കൊവിഡിനെ പേടിയില്ലേ'', എന്ന് ഞങ്ങളുടെ പ്രതിനിധി മദ്യം വാങ്ങാനെത്തിയ ഒരാളോട് ചോദിച്ചപ്പോൾ മറുപടി, ''പിന്നേ, അതുകൊണ്ടല്ലേ തൂവാല കെട്ടിയിരിക്കുന്നത്?'', 

മദ്യം വാങ്ങാനെത്തുന്നവർക്കെല്ലാം ഗേറ്റിൽ വച്ച് തന്നെ സെക്യൂരിറ്റി സാനിറ്റൈസർ കൊടുക്കുന്നുണ്ട്. കൈ കഴുകിയിട്ടേ കയറാവൂ എന്ന് പറയുന്നുണ്ട്. കൂട്ടം കൂടി നിൽക്കരുതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നിട്ടും കാര്യമൊന്നുമില്ല. 

കണ്ണൂരിലും തലശ്ശേരിയിലും പയ്യന്നൂരിലും പൊലീസ് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും പുറത്ത് വലിയ ക്യൂ ഉണ്ടായിരുന്നു. പയ്യന്നൂരിലും പൊലീസിന് ക്യൂ ഒഴിവാക്കാൻ ബലം പ്രയോഗിക്കേണ്ടി വന്നു. അതേ സമയം, അടച്ചിടാൻ തീരുമാനിച്ചെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ പല ബാറുകളിലും ഉച്ചയോടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.

ഇതിനിടെ, ചില ബാറുകൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിടുന്നതായും കോഴിക്കോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിട്ടാൽ നാട്ടിൽ വ്യാജമദ്യം ഒഴുകുന്നതിന്റെ ഭീഷണിയും സർക്കാരിന് മുന്നിലുണ്ട്. അത് ഒഴിവാക്കാൻ കൂടിയാണ് ബെവ്കോ അടയ്ക്കാത്തതെന്ന് സർക്കാർ വിശദീകരിക്കുന്നുമുണ്ട്.