തിരുവനന്തപുരം: വീണ്ടും സാലറി ചാലഞ്ചുമായി സംസ്ഥാനസർക്കാർ. തിരുവനന്തപുരത്ത് രാവിലെ സർവീസ് സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനസർക്കാർ ജീവനക്കാർ സാലറി ചാലഞ്ചുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വീണ്ടും മോശമായതോടെയാണ് പ്രളയകാലത്തേതിന് സമാനമായി വീണ്ടും സർക്കാർ സാലറി ചാലഞ്ച് കൊണ്ടുവരാൻ തീരുമാനിച്ചത്. നേരത്തേ പ്രളയകാലത്തിന് ശേഷം സാലറി ചാലഞ്ചിനെ ശക്തമായി എതിർത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നാൽ ഇപ്പോൾ സാലറി ചാലഞ്ചുമായി സഹകരിക്കാമെന്ന നിലപാടിലാണ്. എന്നാൽ ഒരു മാസത്തെ ശമ്പളം എന്ന നിബന്ധന ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ, സർക്കാരിനുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞ സാഹചര്യത്തിലാണ് വീണ്ടും സാലറി ചാലഞ്ചുമായി സംസ്ഥാനസർക്കാർ രംഗത്ത് വരുന്നത്. ബിവറേജസ് ഔട്ട്‍ലെറ്റുകൾ കൂടി അടയ്ക്കുകയും, സർക്കാരിന്‍റെ നികുതിയടക്കമുള്ള വരുമാനങ്ങളിൽ വൻ കുറവ് വരികയും ചെയ്യുകയാണ്. എന്നാൽ സാമൂഹ്യക്ഷേമപദ്ധതികൾക്കുള്ള നീക്കിയിരിപ്പ് വലിയ രീതിയിൽ കൂട്ടേണ്ട അത്യാവശ്യം സംസ്ഥാനത്തിനുണ്ട്. റേഷൻ ഇനത്തിലും, മറ്റ് സാമൂഹ്യക്ഷേമ ഫണ്ട് വിതരണത്തിന്‍റെ കാര്യത്തിലും അടിയന്തരമായ ഇടപെടൽ സംസ്ഥാനം നടത്തേണ്ടി വരും. ഒപ്പം സംസ്ഥാനത്തെ അസംഘടിതരായ, ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് വേണ്ടിയുള്ള പദ്ധതികളുമായും മുന്നോട്ടുപോകണം.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കൊവിഡ് പ്രതിരോധപാക്കേജ് തീർത്തും അപര്യാപ്തമാണെന്നാണ് ധനമന്ത്രി തോമസ് ഐസക് തന്നെ പ്രതികരിച്ചത്. പുതുതായി സംസ്ഥാനസർക്കാരിന് എന്തെങ്കിലും തരത്തിൽ സ്വന്തം കരുതൽ നീക്കിയിരിപ്പിൽ നിന്ന് കേന്ദ്രസർക്കാർ പണമൊന്നും തരുന്നില്ല. അരിയുൾപ്പടെയുള്ള ഭക്ഷ്യധാന്യങ്ങൾ കൂടുതൽ തരുന്നുമില്ല. ലോക്ക് ഡൗൺ നീണ്ടാൽ കൂടുതൽ അരിയും ഭക്ഷ്യധാന്യങ്ങളും സംഭരിക്കാൻ സർക്കാർ നടപടി തുടങ്ങുമെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നതാണ്. ഒപ്പം ആരോഗ്യരംഗത്തും കൂടുതൽ ഉപകരണങ്ങൾ സംഭരിക്കേണ്ട ചുമതല സംസ്ഥാനങ്ങൾക്കുണ്ട്. കൂടുതൽ വെന്‍റിലേറ്ററുകൾ വാങ്ങണം, മാസ്കുകളും, കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളും മറ്റ് അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും വാങ്ങിക്കണം. കൂടുതൽ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കി മാറ്റുകയും ഐസൊലേഷൻ വാർഡുകളും തയ്യാറാക്കുകയും വേണം. ഇതിനൊക്കെ പണം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂലസമീപനമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. 

ചെന്നിത്തലയുടെ പ്രസ്താവന സ‍ർക്കാരിന് പിന്തുണ 

പുതിയ സാലറി ചാലഞ്ചുമായും സഹകരിക്കുമെന്ന് എൻജിഒ യൂണിയൻ യോഗത്തിൽത്തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു. എൻജിഒ അസോസിയേഷൻ ഉൾപ്പടെയുള്ളവർ സംഘടനാ തലത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനം പറയാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ സാലറി ചാലഞ്ചുമായി സഹകരിക്കാമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം നിർബന്ധമായും നൽകണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് മാത്രമാണ് പ്രതിപക്ഷനേതാവിന്‍റെ ആവശ്യം.

പ്രധാനമന്ത്രിയും സമാനമായ രീതിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്തുണയുമായി സിബിഐ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് പോലെ വൻകിട കമ്പനികളും സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും ഇത്തരത്തിൽ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ എം എ യൂസഫലിയും രവി പിള്ളയും അടക്കമുള്ള വ്യവസായപ്രമുഖരും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അടക്കമുള്ളവരും സംസ്ഥാന ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകുകയും ചെയ്തിട്ടുണ്ട്.