Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഇന്ന് 32 പുതിയ കൊവിഡ് കേസുകൾ, പായിപ്പാട്ടെ സംഭവം കുബുദ്ധി: മുഖ്യമന്ത്രി

അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം, അവർക്കായി പ്രത്യേക കമ്മ്യൂണിറ്റി കിച്ചനുകളുടെ രൂപീകരണം. ഒപ്പം രോഗം ഭേദമായി ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ ആശുപത്രി വിട്ട ദിവസവുമാണ് ഇന്ന്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയവിവരങ്ങൾ. 

covid 19 lockdown new cases in kerala cm pinarayi vijayan press conference 30 march 2020
Author
Thiruvananthapuram, First Published Mar 30, 2020, 6:01 PM IST

തിരുവന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി കേസുകൾ 32 പുതിയ കേസുകള്‍ റിപ്പോ‍ർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെ വന്നതാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി. 

ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസർകോട് 17, കണ്ണൂർ 11, വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് വീതം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 1,57,253 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 156660 പേർ വീടുകളിൽ. 623 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതൽ വേഗത്തിലാക്കാനുള്ള റാപിഡ് ടെസ്റ്റ് സംവിധാനം നേരത്തെ പറഞ്ഞിരുന്നല്ലോ, ഇതിൽ നടപടികൾ പുരോഗമിക്കുകയാണ്. 

യാത്രാ പാസുകൾ നൽകുന്ന കാര്യത്തിൽ 20 നും 60 നും ഇടയിലുള്ളവർക്ക് ജില്ലാ അടിസ്ഥാനത്തിൽ യാത്രാ പാസുകൾ ആവശ്യമായി വരും. മൊബൈലിൽ വെരിഫൈ ചെയ്യാവുന്ന സൗകര്യം പൊലീസിന് വേണം. ഈ തരത്തിലുള്ള യാത്രാ പാസുകളാണ് നൽകുക.

കൊവിഡ് ആശുപത്രികളിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും അവരെല്ലാം നടത്തുന്നത് മഹത്തായ സേവനമാണ്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവർക്ക് ആശുപത്രിക്ക് അടുത്തുള്ള ഹോട്ടലുകളിൽ ആവശ്യമായ താമസ സൗകര്യം ഒരുക്കും. വീട് എടുത്ത് കൊടുക്കണം എന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. വീടുകൾ കിട്ടിയില്ലെങ്കിൽ ഹോട്ടലുകൾ ഉപയോഗിക്കാം. സംസ്ഥാനത്തെ പൊതുജന സേവന കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാനാവണം. നാട്ടിൽ വേനൽ കടുക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായേക്കും. വെള്ളം വിതരണം ചെയ്യേണ്ടി വരും. അതിനാൽ എല്ലാവരും ജല ഉപഭോഗം നിയന്ത്രിക്കാൻ നല്ല പോലെ ശ്രമിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം.

ആനകൾക്ക് പട്ട കൊണ്ടുവരാനുള്ള പ്രശ്നം വലിയ തോതിൽ അനുഭവപ്പെടുന്നുണ്ട്. അത് പരിഹരിക്കാൻ നിർദ്ദേശം നൽകി. ഈഘട്ടത്തിൽ തൊഴിലിന് പോകാനാവാതെ ആളുകൾ വീട്ടിൽ കഴിയുകയാണ്. പല ദൃശ്യമാധ്യമങ്ങളും പേ ചാനലുകളും പേ ചാനലുകളാണ്. ഈയൊരവസരത്തിൽ പേ ചാനൽ നിരക്ക് ഒഴിവാക്കി സമൂഹത്തോടുള്ള പ്രതിബദ്ധത കാണിക്കാൻ ഈയവസരം വിനിയോഗിക്കണം എന്ന് ചാനൽ മേധാവികളോട് ആവശ്യപ്പെടുന്നു.

റോഡുകളിൽ തിരക്ക് കുറഞ്ഞു. പൊലീസ് കർക്കശമായി ഇടപെടും. ഒരിടത്തും ആളുകൾ കൂടാൻ അനുവദിക്കില്ല. ബാങ്കേഴ്സ് സമിതിയുമായി ഇന്ന് ചർച്ച നടത്തി. കുടുംബശ്രീ മുഖേന നൽകേണ്ട വായ്പാ പദ്ധതി ഉടൻ പ്രാവർത്തികമാക്കും. ബാങ്കുകളിലെ രോഗ പ്രതിരോധ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കും. എടിഎമ്മുകളിൽ കൃത്യമായി പണം നിറയ്ക്കും. ബാങ്ക് ജീവനക്കാരിൽ പ്രത്യേക ആവശ്യക്കാർക്ക് സ്പെഷൽ പാസ് അനുവദിക്കും. നാട് നേരിടുന്ന ഭീഷണിയുടെ ഘട്ടത്തിൽ, എല്ലാ ശാസ്ത്രമേഖലയുടെയും വൈദ്യ മേഖലയുടെയും സഹകരണം ഉറപ്പാക്കാൻ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖരുമായി വീഡിയോ കോൺഫറൻസ് നടത്തി. ആയുർവേദരംഗം ചിക്കുൻഗുനിയ, ഡങ്കിപ്പനി എന്നിവ വന്നപ്പോൾ നല്ല പോലെ ഇടപെട്ടിരുന്നു. പ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള മരുന്നുകളും മാർഗ്ഗങ്ങളും ആയുർവേദത്തിലുണ്ട്. ഇത് ഫലപ്രദമായി ഉപയോഗിക്കുന്നത് എങ്ങിനെ എന്നാണ് ചർച്ച ചെയ്തത്. ഈ രംഗത്തെ മനുഷ്യ വിഭവം അടക്കം ഈ അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനാവണം എന്ന തരത്തിലുള്ള ചർച്ചയാണ് അവരുമായി നടത്തിയത്. പ്രായാധിക്യമുള്ളവരുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുർവേദ മരുന്ന് ഉപയോഗിക്കാനാവും. പ്രതിരോധത്തിന് ഉപയോഗിക്കുന്ന ആയുർവേദ രീതികൾ പ്രതിപ്രവർത്തനം ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്തണം. ഇതിന് ആയുർവേദ മേഖലയിലെ വിദഗ്ദ്ധരുടെ കൂടിയാലോചനക്ക് ശേഷം ആരോഗ്യവകുപ്പിന് ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശം നൽകാൻ തീരുമാനിച്ചു. മൂന്ന് ദിവസത്തിനകം അവർ നിർദ്ദേശം സമർപ്പിക്കും.

കൊവിഡിന്റെ ഘട്ടത്തിൽ ഇത് കഴിഞ്ഞ ശേഷം സാധാരണ ആലോചനകളിലേക്ക് നമുക്ക് കടക്കാം. വിദ്യാഭ്യാസ രംഗത്തെ പ്രശ്നം അടുത്ത അധ്യയന വർഷത്തെ അഡ്മിഷന് ചില വിദ്യാലയങ്ങൾ ഓൺലൈൻ അപേക്ഷ ക്ഷണിച്ചതായി കണ്ടു. അതിപ്പോൾ വേണ്ട. ഓൺലൈൻ കോഴ്സുകൾക്ക് പൊതുവേ അംഗീകാരം ഉയർന്നുവരുന്നുണ്ട്. കുട്ടികൾക്ക് ഈ സമയം നല്ല രീതിയിൽ വീട്ടിനകത്ത് ചിലവഴിക്കാനാവണം. ചിത്രം വരക്കാം, കളർ ചെയ്യാം, മറ്റ് കാര്യങ്ങളിൽ ഏർപ്പെടാം. മുതിർന്ന കുട്ടികൾക്ക് ഓൺലൈൻ കോഴ്സിലും ചേരാം. ലോകത്തിലെ പ്രശസ്തമായ ചില സ്ഥാപനങ്ങൾ സൗജന്യ കോഴ്സുകൾ നടത്തുന്നുണ്ട്. സമൂഹത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റുന്നതിന്റെ ഭാഗമായി വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഈ കോഴ്സ് ഉപയോഗിക്കാൻ ശ്രമിക്കണം. 

കാസർകോട് വെന്റിലേറ്ററിന്റെ ക്ഷാമം, മംഗലാപുരം സ്വീകരിക്കുന്ന നില എന്നിവ പരിഗണിച്ച് സിഐഐയുമായി ചർച്ച നടത്തി. വെന്റിലേറ്റർ, ഡയാലിസിസ് മെഷീനുകൾ എന്നിവ പെട്ടെന്ന് കാസർകോട് സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ഡയാലിസിസ് മെഷീൻ സ്ഥാപിക്കാമെന്ന് അറിയിച്ചു. ഉടൻ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം ചില മുൻകരുതൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വാഗതാർഹമാണ്.

യൂനിസെഫ് 35 ലക്ഷം രൂപ ജില്ലാ കളക്ടർമാർക്ക് വിനിയോഗിക്കാൻ അനുവദിച്ചു. നമ്മുടെ നാട്ടിൽ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളായവരോട് പ്രത്യേക വികാരം ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഇത് ലോകത്താകെ പടർന്ന് പിടിച്ച രോഗമാണ്. വികസിത രാജ്യങ്ങളിൽ ചിലത് നിസഹായതയോടെ ഇതിനെ നേരിടുന്ന കാഴ്ചയാണ്. ഇതിന് ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ നാട് ലോകത്താകെ വ്യാപിച്ച് കിടക്കുകയാണ്. നമ്മുടെ സഹോദരങ്ങൾ ലോകത്താകെയുണ്ട്. അവർ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ചു. അവരുടെ വിയർപ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചത്.

നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ. അവർ പോയ നാടുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായാൽ അവർ സ്വാഭാവികമായും നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കാം. തിരിച്ചുവന്നവർ ന്യായമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണ് ഉണ്ടായത്. ഇവ നമ്മുടെ നാട്ടിലെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരു തരത്തിലും അപഹസിക്കാനോ, ഈർഷ്യയോടെ കാണാനോ പാടില്ല. ഇത് എല്ലാവരും മനസിലാക്കണം. 

പ്രവാസി സഹോദരങ്ങൾക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടാകും. അത്തരത്തിൽ ആർക്കും ഉത്കണ്ഠ വേണ്ട. നിങ്ങൾ അവിടെ സുരക്ഷിതമായി കഴിയുക, സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുക. നിങ്ങളുടെ കുടുംബം സുരക്ഷിതമായിരിക്കും. ഈ നാട്  എന്നും നിങ്ങളോടൊപ്പമുണ്ടെന്ന് പ്രവാസികൾക്ക് ഉറപ്പ് നൽകുന്നു. നാടിന്റെ പ്രതിസന്ധി രൂക്ഷമായപ്പോൾ സാമ്പത്തികമായ സഹായം ആവശ്യമായി വരും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായത്തിന് അഭ്യർത്ഥിച്ചിട്ടുണ്ട്. നഴ്സുമാരുടെ സംഘടനയായ നഴ്സിങ് കൗൺസിൽ ഒരു കോടി രൂപയാണ് സംഭാവന നൽകിയത്. മറ്റ് വിധത്തിലും സഹായം ലഭിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി സംസാരിച്ച് ഒരു മാസത്തെ വേതനം നൽകണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചിരുന്നു. നേരത്തെയും മഹാഭൂരിപക്ഷം പേരും ഇതുമായി സഹകരിച്ചിരുന്നു. ഇത്തരമൊരു അഭ്യർത്ഥന എല്ലാവരോടും അഭ്യർത്ഥിച്ചു.

കേരള നഴ്സസ് ആന്റ് മിഡ്‌വൈവ്സ് അസോസിയേഷനാണ് ഒരു കോടിയുടെ ചെക്ക് നൽകിയത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ടെസ്റ്റ് നടത്താൻ അനുവാദം കിട്ടി. ദിവസം മൂവായിരം ടെസ്റ്റ് നടത്താനാവും.

പായിപ്പാട്ടെ അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം

കോട്ടയത്ത് പായിപ്പാട്ട് അതിഥിത്തൊഴിലാളികൾ തെരുവിലിറങ്ങിയതിന് പിന്നിൽ കുബുദ്ധികളുണ്ടെന്ന് മുഖ്യമന്ത്രി. ഇതിന് പിന്നിൽ ഒന്നോ അതിലധികമോ ശക്തികളുണ്ട്. അവർ ആരെന്ന് കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

''കൊവിഡിനോട് നമ്മൾ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഇന്നലെ പെട്ടെന്നൊരു പ്രശ്നം ഉയർന്നു. കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. എവിടെയും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അവരുടെ ഭക്ഷണം അവർക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് സാധിച്ച് കൊടുക്കാൻ നടപടിയെടുത്തു'' - മുഖ്യമന്ത്രി പറഞ്ഞു.

''അവർക്ക് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ആ യാത്ര ഇപ്പോൾ നടക്കില്ല. ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതവർക്ക് അറിയാം. ഇത് സംസ്ഥാന സർക്കാർ തീരുമാനിച്ച് നടപ്പാക്കേണ്ട കാര്യമല്ല. രാജ്യമാകെ നടപ്പാക്കേണ്ട രീതി പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. അറിയാവുന്ന കാര്യങ്ങളെല്ലാം മാറ്റിവച്ചുകൊണ്ടുള്ള കൂടിച്ചേരലാണ് നടന്നത്. പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്. കേരളം കൊവിഡ് പ്രതിരോധത്തിൽ നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമം അതിൽ കാണാം. അതിഥി തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമം ഉണ്ടായത്. അതിന് പിന്നിൽ ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചുവെന്ന് പ്രാഥമികമായി മനസിലാക്കുന്നു. അവരെ കണ്ടെത്താൻ നിർദ്ദേശം നൽകി'', എന്ന് മുഖ്യമന്ത്രി. 

'അതിഥിത്തൊഴിലാളികളെ മാന്യമായി പാർപ്പിക്കണം'

''അതിഥിത്തൊഴിലാളികൾ പലപ്പോഴും സാധാരണ നിലയിൽ താമസിക്കാൻ പറ്റാത്ത ഇടങ്ങളിലും താമസിച്ച് വാടക കൊടുക്കുന്ന നിലയുണ്ട്. ഇതിൽ സാധാരണ അന്തരീക്ഷത്തിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റും ഉറപ്പുവരുത്തേണ്ടത് അവരെ പ്രവർത്തിപ്പിക്കുന്ന കരാറുകാരാണ്. ഇവിടെ അതുമായി ബന്ധപ്പെട്ടും പൊതുവെ ചില പ്രശ്നങ്ങളുണ്ട്. ഇവർക്കെല്ലാവർക്കും മാന്യമായ താമസമൊരുക്കണംഎന്നാണ് സർക്കാർ നിലപാട്. പകൽ മുഴുവൻ കഠിനമായി അധ്വാനിച്ച് രാത്രി കിടന്നുറങ്ങാൻ സ്ഥലം എന്നാണ് നേരത്തെ അവർ കണ്ടിട്ടുള്ളത്. എന്നാൽ ജോലി മുടങ്ങിയ സാഹചര്യത്തിൽ മറ്റെല്ലാവരെയും പോലെ മുഴുവൻ സമയവും താമസസ്ഥലത്ത് ചിലവഴിക്കാൻ അതിഥി തൊഴിലാളികൾ നിർബന്ധിക്കപ്പെടുകയാണ്. അതുകൊണ്ട് സൗകര്യപ്രദമായ രീതിയിൽ തൊഴിലാളികളെ താമസിപ്പിക്കണം എന്നാണ് സർക്കാർ നൽകിയ നിർദ്ദേശം. അതനുസരിച്ച് നടപടി സ്വീകരിക്കുന്നു. ഭക്ഷണം കൃത്യമായി നൽകണം. വൈദ്യസഹായം ഉറപ്പാക്കണം. അവർക്ക് വേണ്ട ഭക്ഷണം എന്ന് പറഞ്ഞപ്പോൾ ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും ദാലും എല്ലാം നൽകുന്നതിന് സംവിധാനം ഒരുക്കി. ഇവിടെ ഒരു പ്രശ്നമുള്ളത്, ചില ക്യാമ്പുകളിൽ ആളുകളുടെ എണ്ണം വളരെയധികമാണ്. ഇവിടെയൊന്നും ആളുകൾ നിശ്ചിത എണ്ണത്തിൽ കവിയാൻ പാടില്ല. അതോടൊപ്പം അവർ കൂട്ടംകൂടി ഇരിക്കുന്നതിനാൽ വാർത്തയും മറ്റും കാണുന്നതിന് ടിവിയടക്കം എന്റർടെയ്ൻമെന്റ് സൗകര്യം ഉറപ്പാക്കും'', എന്ന് മുഖ്യമന്ത്രി. 

ക്യാമ്പുകളുടെ പൊതുമേൽനോട്ടം കളക്ടർക്ക്

ചില പ്രശ്നങ്ങൾ അവർ ഇന്നത്തെ സാഹചര്യത്തിൽ നേരിടുന്നുണ്ട്. ആ കാര്യങ്ങൾ അവരോട് ചർച്ച ചെയ്ത് അവരെ ബോധ്യപ്പെടുത്തി സഹകരിപ്പിക്കാനാണ് ഉദ്ദേശം. ഈ ക്യാംപുകളുടെ പൊതുമേൽനോട്ടം കളക്ടർ വഹിക്കും. ജില്ലാ പൊലീസ് മേധാവിയും ലേബർ ഓഫീസറും അടക്കമുള്ള സമിതി പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്യാംപുകൾ സന്ദർശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോം ഗാർഡുകളെ നിയമിച്ചു. സർക്കാർ നിലപാടുകൾ ഇവർ വിശദീകരിക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിൽ നൽകുന്ന സന്ദേശം അതിഥി തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കും. സംസ്ഥാനത്താകെ വിന്യസിച്ചിരിക്കുന്ന പൊലീസുകാർ കഠിന സാഹചര്യത്തിൽ ജോലി ചെയ്യുകയാണ്. കടുത്ത വെയിലിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ സായുധസേനാ എഡിജിപിയെ നിയമിച്ചു. ജോലി സമയം, ആരോഗ്യം, മാസ്ക്, കൈയ്യുറ എല്ലാം ഉറപ്പാക്കുന്നത് അദ്ദേഹമായിരിക്കും.

പായിപ്പാട് നടന്ന അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം സംസ്ഥാനസർക്കാരിനെ അമ്പരപ്പിച്ചിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്ന ആരോപണം ഉടൻ മുഖ്യമന്ത്രി തന്നെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമനും കോട്ടയം എസ്‍പിയും ഉന്നയിച്ചു. ആരാണ് അതിഥിത്തൊഴിലാളികളെ സംഘടിപ്പിച്ചതെന്നും, ഇതിന് പിന്നിലെ സന്ദേശങ്ങൾ എവിടെ നിന്ന് വന്നുവെന്നതിലും വിശദമായ അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അതിഥിത്തൊഴിലാളികൾക്കായി പ്രത്യേക കമ്മ്യൂണിറ്റി കിച്ചനുകൾ സർക്കാർ തുടങ്ങിയിരുന്നു. പെരുമ്പാവൂരിലടക്കം ഇത്തരം കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങിയതിനോട് നല്ല പ്രതികരണമായിരുന്നു. പക്ഷേ ആള് കൂടിയതിനാൽ അവിടെയും ചില പ്രതിഷേധങ്ങൾ നടന്നു.

തു‍ടർന്ന് പൊലീസ് ഇടപെട്ട് അതിഥിത്തൊഴിലാളികളെ അനുനയിപ്പിച്ചു. നിലവിൽ പെരുമ്പാവൂരടക്കം ഭക്ഷണവിതരണം സുഗമമായിത്തന്നെ നടക്കുന്നുണ്ട്. അതേസമയം നിലമ്പൂരിൽ അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സന്ദേശം അയച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

കമ്മ്യൂണിറ്റി കിച്ചനുകൾ സുഗമമായി പോകുന്നു

1031 തദ്ദേശ സ്ഥാപനങ്ങളിൽ 1213 കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങി. 1.54 ലക്ഷം പേർക്ക് കഴിഞ്ഞ ദിവസം ഇതുവഴി ഭക്ഷണം നൽകാനായി. 1.30 ലക്ഷം പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. ''നിരാലംബർക്കും അത്യാവശ്യക്കാർക്കും ഭക്ഷണം നൽകാനാണ് ഉദ്ദേശിച്ചത്. ഇതിൽ കൃത്യതയുണ്ടാകണം. ഇത്തരത്തിൽ അർഹതയുള്ളവർക്ക് ഭക്ഷണം സ്വന്തമായി പാകം ചെയ്യാനാവില്ല എന്നുള്ളവർക്ക് ഭക്ഷണം ഉറപ്പുവരുത്തലാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഇതിനകത്ത് കാശ് കൊടുത്ത് ഭക്ഷണം വാങ്ങാൻ തയ്യാറാകുന്നവരുണ്ട്. അവർക്ക് പാചകം ചില കാരണങ്ങളാൽ ഒഴിവാക്കലാണ് താത്പര്യം. അവർക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകാനല്ല തീരുമാനിച്ചത്. സംസ്ഥാനത്ത് ആകെ തുടങ്ങാൻ തീരുമാനിച്ച ആയിരം ഹോട്ടലുകളിൽ, ഇവ സ്ഥാപിതമായ പ്രദേശങ്ങളിൽ ഈ പറയുന്ന ആളുകൾക്കും കുടുംബങ്ങൾക്കും ഭക്ഷണം എത്തിക്കാൻ പ്രയാസമുണ്ടാകില്ല. എവിടെയൊക്കെ ആവശ്യം വരുന്നോ അത്തരം സ്ഥലങ്ങളിൽ പ്രത്യേകമായ ക്രമീകരണത്തോടെ ഹോട്ടൽ തുറക്കേണ്ടി വരും. ഇവിടെ നിന്ന് സാധാരണ നിലയ്ക്കുള്ള ഭക്ഷണ വിതരണം നടക്കില്ല, പകരം ഹോം ഡെലിവറി നടക്കും. അതുണ്ടാക്കാനാണ് ശ്രമിക്കുന്നത്'', എന്ന് മുഖ്യമന്ത്രി. 

ഒപ്പം, ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് റാന്നി സ്വദേശികളും ബന്ധുക്കളായ രണ്ട് പേരും കൊവിഡ് രോഗബാധ ഭേദമായി ആശുപത്രി വിട്ട ദിവസം കൂടിയാണ് ഇന്ന്. ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും അടക്കം ഇവരെ യാത്രയയക്കാനെത്തിയിരുന്നു. 

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം:

Follow Us:
Download App:
  • android
  • ios