എറണാകുളം: അതിഥിത്തൊഴിലാളികൾക്കായി അവരുടെ ഇഷ്ടപ്രകാരമുള്ള ഭക്ഷണമൊരുക്കി പെരുമ്പാവൂരിലെ കമ്മ്യൂണിറ്റി കിച്ചൻ. പൊലീസിന്‍റെ ക‍ർശനസംരക്ഷണയിൽ കൃത്യമായ അനൗൺസ്മെന്‍റോടെയാണ് ഇവിടെ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്. അതിഥിത്തൊഴിലാളികൾക്ക് ഇവിടെ നിന്ന് കേരളീയ ഭക്ഷണമല്ല, പകരം അവ‍രുടെ തന്നെ അഭ്യർത്ഥനപ്രകാരം റൊട്ടിയും സബ്ജിയുമാണ് തയ്യാറാക്കി നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഞായറാഴ്ച പായിപ്പാട്ടുണ്ടായത് പോലെ അതിഥിത്തൊഴിലാളികൾ കൂട്ടം കൂടി പ്രതിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന ക‍ർശനനിർദേശമുണ്ടായിരുന്നതിനാൽ പെരുമ്പാവൂരിൽ രാവിലെത്തന്നെ കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങിയിരുന്നു. പൊലീസ് പ്രദേശത്ത് കർശനസുരക്ഷയും ഏർപ്പെടുത്തി. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്. ആളുകള്‍ കൂട്ടം കൂടുന്നത് ഉള്‍പ്പെടെ ഒഴിവാക്കുന്നു. വാഹന പരിശോധനയും ശക്തമാണ്.

പൊലീസ് എത്തി അനൗൺസ്മെന്‍റോടെയാണ് ഇവർക്കുള്ള ഭക്ഷണം വിതരണം ചെയ്തത്. കേരളീയരീതിയിലുള്ള ഭക്ഷണം വേണ്ടെന്ന് നേരത്തേ ഇവർ ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചിരുന്നു. ഭക്ഷണം പാചകം ചെയ്ത് നൽകേണ്ട. സാധനങ്ങൾ തന്നാൽ സ്വയം പാചകം ചെയ്ത് കഴിച്ചോളാമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ ഇഷ്ടപ്രകാരം റൊട്ടിയും സബ്ജിയും തന്നെയാണ് ഇവ‍ർക്ക് നൽകുന്നത്. ആരും പുറത്തുപോകരുതെന്നും, വേണ്ടതെല്ലാം ഇവിടെ എത്തിച്ചു തരാമെന്നും പൊലീസ് അനൗൺസ്മെന്‍റ് നടത്തുന്നു.

''ആപ്കാ പസന്ദ് ഖാനാ, യഹാ മിലേംഗാ'', എന്ന് പല ഇടങ്ങളിലുമെത്തി പൊലീസ് അനൗൺസ്മെന്‍റ് ചെയ്യുന്നത് കേൾക്കാം. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള ബംഗ്ലാ കോളനിയിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ തുറന്നത്. ഈ കോളനിയില്‍ മാത്രം 4000 പേരുണ്ട്. ചപ്പാത്തി നിര്‍മ്മാണ യന്ത്രം ഇന്നലെ രാത്രി തന്നെ പൊലീസ് എത്തിച്ചിരുന്നു.

അതേസമയം, പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിൽ രാവിലെ ബംഗാൾ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സർക്കാർ ഓർഡിനനസ് ലംഘിച്ച് അന്യായമായി സംഘം ചേർന്നതിനാണ് കസ്റ്റഡിയിലെടുത്തത്. രണ്ടായിരം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കോട്ടയം പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പെട്ടന്നുണ്ടായ പ്രതിഷേധത്തിനു പിന്നിൽ ഗൂഢാലോചന നടന്നതായി ഇന്നലെ തന്നെ സംശയം ഉയർന്നിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശവും നൽകിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാത്രി തന്നെ തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ പൊലീസ് പരിശോധന നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഫോണുകൾ പരിശോധിച്ചതിൽ നിന്ന് പ്രതിഷേധമുണ്ടായ സമയത്ത് ആളുകളെ വിളിച്ചു കൂട്ടിയതിനാണ് ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തത്. സർക്കാർ നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നതിനാണ് ഇയാലെ കസ്റ്റഡിയിലെടുത്തത്. 2000 പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.

പെട്ടന്നുണ്ടായ പ്രതിഷേധത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള ചില സംഘടനകളുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. തൊഴിലാളികൾക്കിടയിൽ പ്രചരിച്ച വാട്സ് ആപ്പ് ശബ്ദ സന്ദേശത്തെപ്പറ്റിയും അന്വേഷിക്കും.

അതിഥി തൊഴിലാളികൾ സംഘടിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കോഴിക്കോട് നഗരത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. അതിനിടെ നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഏർപ്പെടുത്തിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിലായി. യൂത്ത് കോൺഗ്രസ് എടവണ്ണ മണ്ഡലം മുൻ സെക്രട്ടറിയായ ഷാക്കിറാണ് പിടിയിലായത്. 

ഇതിനിടെ അതിഥിത്തൊഴിലാളികളുടെ ക്യാമ്പിലെത്തി ബോധവത്കരണം നടത്തുന്ന ഹോംഗാർഡിന്‍റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.