തൃശ്ശൂ‌‌ർ: കർണ്ണാടകയിലെ കൽബുർഗിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുമായി ബന്ധപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയെ തൃശ്ശൂരിയ ഐസൊലേഷൻ വാർഡിലാക്കി. ഇന്നലെ രാത്രിയാണ് ഇവർ തൃശ്ശൂരിൽ എത്തിയത്. നേരിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി. 

കൽബു‍ർഗിയിലെ രോഗിയുമായി ഇടപഴകിയ 11 മെഡിക്കൽ വിദ്യാർത്ഥികളാണ് ജയന്തി ജനതാ എക്സ്പ്രസിൽ തൃശ്ശൂരിലെത്തിയത്. ഇവർ എത്തുന്ന വിവരം നേരത്തെ ആരോഗ്യ വകുപ്പ് അധികൃതർക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ 2:15ന് തന്നെ സ്റ്റേഷനിലെത്തിയ ആരോഗ്യവകുപ്പ് അധികൃർ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് നേരിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.

കുട്ടിയെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ച് ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടെയുള്ള മറ്റ് പത്ത് വിദ്യാർത്ഥികളെയും ആംബുലൻസിൽ തന്നെ വീടുകളിലെത്തിച്ചു. ഇവർ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തത്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് നടപടികൾ സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. 

76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് കർണാടകത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മരണത്തിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. 

ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാർച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടർന്ന് കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

നില വഷളായതോടെ ഇദ്ദേഹത്തെ മാർച്ച് ഒൻപതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. പതിനൊന്നാം തീയതി മരണം സംഭവിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക