Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം; മൂന്ന് മരണം ആലപ്പുഴ ജില്ലയിൽ

ആലപ്പുഴ നഗരസഭ  വാർഡ് ഹൗസിങ്ങ് കോളനി വാർഡിൽ ദാറുൽ റഹ്മാൻ മൻസിലിൽ ഫമിന (40), പുന്നപ്ര വടക്ക് സ്വദേശി പുത്തൻ വെളിയിൽ രാജൻ(67), ചേർത്തല സ്വദേശി ലീല (77) എന്നിവരാണ് ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

covid 19 more deaths reported in the state more in alappuzha
Author
Trivandrum, First Published Aug 24, 2020, 10:22 AM IST

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നാണ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ നഗരസഭ  വാർഡ് ഹൗസിങ്ങ് കോളനി വാർഡിൽ ദാറുൽ റഹ്മാൻ മൻസിലിൽ ഫമിന (40), പുന്നപ്ര വടക്ക് സ്വദേശി പുത്തൻ വെളിയിൽ രാജൻ(67), ചേർത്തല സ്വദേശി ലീല (77) എന്നിവരാണ് ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം വള്ളുമ്പ്രം സ്വദേശി അബ്ദു റഹ്മാൻ (70), വയനാട് തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) എന്നിവരുടെ മരണവും കൊവിഡ് മൂലമാണ്.
 

വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫമിന ഇന്നലെ രാത്രിയാണ് മരിച്ചത്. 40കാരിയായ ഫമിനക്ക് പ്രമേഹവും വൃക്ക സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ കഴിഞ്ഞ 21നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്

പുന്നപ്ര വടക്ക് സ്വദേശി പുത്തൻ വെളിയിൽ രാജൻ കുഴഞ്ഞ് വീണതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. 67 വയസായിരുന്നു.

ചേർത്തല നഗരസഭ  എട്ടാം വാർഡിൽ തകിടി വെളിയിൽ ലീല (77) വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല

മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാന്‍റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഏഴുപത് വയസായിരുന്നു. 

വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഫിയ ഇന്ന് പുലർച്ചെയാണ് മരിച്ചത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം ഇബ്രാഹിം ഭർത്താവാണ്.

സംസ്ഥാനത്ത് ഇത് വരെ 58,262 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,645 പേർ രോഗമുക്തി നേടി. ഇത് വരെ 223 മരണങ്ങളാണ് സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരിൽ 174 പേർ ഐസിയുവിലും, 33 പേർ വെന്‍റിലേറ്ററിലുമാണെന്ന് സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 

ഔദ്യോഗിക കണക്കിൽ  കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ചു കാണിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ സമാന്തര പട്ടികയുമായി ഒരു കൂട്ടം ഡോക്ടർമാർ രംഗത്തെത്തിയിരുന്നു. കോവിഡ് ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സർക്കാർ പട്ടികയിൽ നിന്നൊഴിവാക്കുന്നുവെന്നാണ് വിമർശനം. 

Follow Us:
Download App:
  • android
  • ios