കൊച്ചി: തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവർ കൊവിഡ് ബാധിച്ച് മരിച്ച കന്യാസത്രീയുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്. സിസ്റ്റർ ക്ലെയറിൽ നിന്നാകാം ഇവർക്കും രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.

ഇതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററാക്കി, വൃദ്ധരടക്കം 140 അന്തേവാസികൾ കരുണാലയത്തിൽ താമസിക്കുന്നുണ്ട്. കരുണാലയം ഉൾപ്പെടെ ജില്ലയിലെ വയോജനങ്ങൾ താമസിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ നിരീക്ഷണം കർശനമാക്കും. 

മരിച്ച കന്യാസ്ത്രീയുമായി സമ്പർക്കത്തിലേർപ്പെട്ട ആലുവ ചുണങ്ങംവേലി സെന്റ് മേരീസ്‌ പ്രൊവിൻസിലെ 18 കന്യാസ്ത്രീകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീരിച്ചിരുന്നു. 

ഈ മാസം 15നാണ് എറണാകുളം കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്‍റിലെ സിസ്റ്റർ ക്ലെയ‍ർ മരിച്ചത്. മരണ ശേഷം ജൂലൈ 17നാണ് ഇവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സിസ്റ്റർ ക്ലെയറിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. പനിയെ തുടർന്ന് 15ന് ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി ഒമ്പത് മണിയോടെ മരണം സംഭവിച്ചു. 73 വയസായിരുന്നു.