Asianet News MalayalamAsianet News Malayalam

ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി, സമ്പൂർണ അടച്ചിടലില്ല, കർശന നിയന്ത്രണം വരും

വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി. അതേ സമയം കണ്ടൈൻമെന്റ് സോണിന് പുറത്തുള്ള സാധാരണ കടകൾ 9 മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും.

covid 19 more restrictions to be implemented in kerala to control outbreak
Author
Trivandrum, First Published Apr 21, 2021, 1:32 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്നും വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി. വാക്സീൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂവിന് പിന്നാലെയാണ്  നടപടികൾ കുടുതൽ കടുപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ശനി, ഞായർ ദിവസങ്ങളിൽ കർശന പരിശോധന നടത്താനാണ് തീരുമാനം. ശനിയാഴ്ച സർക്കാർ ഓഫീസകൾക്ക് അവധിയാണ്. അത്യാവശ്യ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും ഈ ദിവസങ്ങളിൽ നിയന്ത്രണമില്ല. മറ്റ് ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം പേർ ജോലിക്കെത്തിയാൽ മതിയെന്നാണ് മറ്റൊരു നിർദ്ദേശം.

സ്വകാര്യ സ്ഥാപനങ്ങളും ഈ രീതി നടപ്പാക്കണം. വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രമേ നടത്താവൂ. കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാക്സീൻ കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് ഓൺലൈൻ രജിസ്ട്രേഷൻ കൊണ്ടുവരാൻ തീരുമാനിച്ചത്. ചെറിയ കടകൾ ഒൻപത് മണി വരെ പ്രവർത്തിക്കാമെന്നും തീരുമാനിച്ചു. ഉദ്യോഗസ്ഥർ പല ഉത്തരവിറക്കുന്നതിനെതിരെ കർശന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. പല ഉത്തരവിറക്കി ആശയക്കുഴപ്പമുണ്ടാക്കരുതെന്നാണ് നിർദ്ദേശം. ഉത്തരവുകൾക്ക് സമാന സ്വഭാവമുണ്ടാകണം.

പ്രതിരോധവും നിയന്ത്രണവും ക‍ർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ സെക്ടറൽ ഓഫീസർമാരെയും പൊലീസിനെയും വിന്യസിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആകുന്നവർ, അവരുമായി സമ്പർക്കത്തിൽ വന്നവർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സർക്കാർ നയം. കൊവിഡ് വ്യാപന തീവ്രത കുറയ്ക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാക്സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ 50 ലക്ഷം ഡോസ് വാക്‌സീൻ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചരലക്ഷം വാക്സീൻ നൽകുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്.

ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്സീൻ നൽകാനാണ് ലക്ഷ്യം. അതേസമയം നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ വാക്സീൻ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോർ കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തൽ. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios