തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഡിഎംകെ സഖ്യത്തിൽ കോൺഗ്രസ് ഭരണപങ്കാളിത്തവും കൂടുതൽ സീറ്റുകളും ആവശ്യപ്പെടുന്നു. നടൻ വിജയിന്റെ തമിഴക വെട്രി കഴകം കോൺഗ്രസിനെ സ്വാഭാവിക സഖ്യകക്ഷിയായി വിശേഷിപ്പിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ കടുത്ത നിലപാടിലേക്ക് കോൺഗ്രസ് നീങ്ങുന്നു. വെറുമൊരു സഖ്യകക്ഷിയായി ഒതുങ്ങാതെ, തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സർക്കാരിൽ ഭരണപങ്കാളിത്തം വേണമെന്നാണ് കോൺഗ്രസിന്‍റെ പുതിയ ആവശ്യം. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് തിങ്കളാഴ്ച ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. സീറ്റുകളുടെ എണ്ണത്തിലും ഡിഎംകെയും കോൺഗ്രസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. 40 സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെങ്കിലും ഡിഎംകെ 32 സീറ്റുകൾ മാത്രമേ നൽകാൻ തയ്യാറുള്ളൂ എന്നാണ് വിവരം. ഇതിനിടെ കോൺഗ്രസ് തങ്ങളുടെ ആവശ്യം 38 സീറ്റുകളായി കുറച്ചിട്ടുണ്ട്.
വിജയ് ഫാക്ടർ
ഡിഎംകെ സഖ്യത്തിൽ അതൃപ്തി പുകയുന്നതിനിടെ, നടൻ വിജയിന്റെ തമിഴക വെട്രി കഴകം കോൺഗ്രസിനെ സ്വാഭാവിക സഖ്യകക്ഷിയായി വിശേഷിപ്പിച്ചത് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.വിജയ്‍യും രാഹുൽ ഗാന്ധിയും അടുത്ത സുഹൃത്തുക്കളാണെന്നും കോൺഗ്രസുമായി സഖ്യമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ടിവികെ വക്താവ് ഫെലിക്സ് ജെറാൾഡ് അവകാശപ്പെട്ടിരുന്നു. സഖ്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ വിജയ് കൂടിയാലോചനകൾക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് ടിവികെ നേതാവ് നിർമ്മൽ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഇനിയും രണ്ട് മാസത്തോളം സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെ വിട്ട് വിജയിന്‍റെ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്താൻ തമിഴ്‌നാട് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഡിഎംകെ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. 'വെറും വോട്ട് പിടിക്കാനുള്ള യന്ത്രങ്ങളല്ല' എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വികാരം. എന്നാൽ വിജയിന്‍റെ പാർട്ടിയുമായി കൈകോർത്താൽ അത് ഡിഎംകെ സഖ്യത്തെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.


