തിരുവനന്തപുരം: ഉറവിടം വ്യക്തമല്ലാത്ത കേസുകൾ കൂടി വരുന്നതോടെ സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനവുമായി വിദഗ്ധർ. കഴിഞ്ഞ 10 ദിവസത്തിനിടെ ഉറവിടം വ്യക്തമല്ലാത്ത 1647 കേസുകളാണ് ഉണ്ടായത്. രോഗവ്യാപനം ഇനിയും ഉയരുമെന്നു കണക്കാക്കിയിരിക്കെ മരണനിരക്ക് പിടിച്ചു നിർത്താനാകും ഊന്നൽ.

പത്തു ദിവസത്തിനിടെ എല്ലാ ദിവസവും 100ന് മുകളിലാണ് ഉറവിടം ഇല്ലാത്ത കേസുകൾ. അഞ്ചാം തിയതി ഉറവിടം ഇല്ലാത്ത 220 കേസുകൾ. ഓണ അവധികളിൽ പരിശോധനകളും കേസുകളും കുറഞ്ഞിരുന്നപ്പോഴും ഉറവിടമില്ലാത്ത കേസുകൾ കുറഞ്ഞില്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇതാണ് സ്ഥിതി. രോഗം വരുന്നവരിൽ 60 ശതമാനം പേർക്കും ലക്ഷണങ്ങളും ഇല്ല. സംസ്ഥാനത്ത് സമ്പർക്ക വ്യാപന തോത് എല്ലാ ദിവസവും 90ശതമാനത്തിനും മുകളിൽ. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇടങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനം. മലപ്പുറത്തു ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് 17ശതമാനത്തിനും മുകളിൽ എത്തിയിരുന്നു.

നിയന്ത്രണങ്ങൾ പരമാവധി നീക്കിയ ഓണ ദിവസങ്ങളിൽ വ്യാപനം കൂടുമെന്ന് സർക്കാർ കണക്കാക്കിയിരുന്നതാണ്.സംസ്ഥാനങ്ങൾ കടന്നുള്ള യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ അടക്കം പിൻവലിച്ചതും വ്യാപനം കൂട്ടും. സമൂഹ വ്യാപനം എന്ന സാങ്കേതികത കാര്യമാക്കാതെ നിലവിലെ ക്ലസ്റ്റർ,  കണ്ടെയ്ൻമെന്‍റ് നിയന്ത്രണങ്ങൾ സർക്കാർ തുടരും. വ്യാപന വേഗത കുറയ്ക്കാനാണ് ഇവ.

കേസുകൾ കുത്തനെ കൂടുന്നത് കണക്കാക്കി മരണനിരക്ക് പിടിച്ചു നിർത്തുന്നതിലേക്ക് ശ്രദ്ധ ഊന്നുകയാണ്. മരണ നിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞാൽ കുത്തനെ കൂടുന്ന കേസുകളിൽ അമിത ആശങ്ക വേണ്ടി വരില്ലെന്നാണ് വിദഗ്ധ സമിതിയുടെ അടക്കം നിഗമനം. നിലവിൽ ഐസിയുവിൽ 207 രോഗികളും വെന്റിലേറ്ററിൽ 55 രോഗികളും ആണ് ഉള്ളത്.