കൊച്ചി: കേരളത്തിൽ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടക്കും. ഇതുവരെ 76 ശ്രമിക് ട്രെയിനുകളാണ് കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടത്. ഇതിൽ ഏറ്റവും കൂടുതൽ ബിഹാർ സ്വദേശികളാണ്. 23,561 പേരാണ് ബിഹാറിലേക്ക് പോയത്. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തിയേക്കും.

കേരളത്തിൽ നിന്നുള്ള ആദ്യത്തെ ട്രെയിൻ ഭുവനേശ്വറിലേക്കായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 1148 യാത്രക്കാരാണ് ആ ട്രെയിനിൽ യാത്ര തിരിച്ചത്. മേയ് ഒന്നിനായിരുന്നു ഇത്. 

കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമിക് ട്രെയിനുകൾക്ക് പുറമേ നാളെ മുതൽ സംസ്ഥാനത്ത് ഇരൂനൂറ് യാത്ര ട്രെയിനുകൾ ഓടി തുടങ്ങും.. കഴിഞ്ഞ മാസം ദില്ലിയിൽ നിന്ന് 15 സ്ഥലങ്ങളിലേക്ക് തുടങ്ങിയ എസി ട്രെയിനുകളുടെ സർവ്വീസും തുടരും.  മുംബൈയിലേക്കുള്ള നേത്രാവതി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി ,ദില്ലിയിലേക്കുള്ള മംഗളാ എക്സ്പ്രസ് , നിസാമുദ്ദീൻ എറണാകുളം തുരന്തോ എന്നിവയാണ്  കേരളത്തിൽ സർവീസ് നടത്തുന്നത്. ഇതിൽ തുരന്തോ ഒഴികെയുള്ള ട്രെയിനുകളുടെ ഒട്ടേറെ സ്റ്റോപ്പുകൾ സംസ്ഥാന സർക്കാരിൻ്റെ ആവശ്യപ്രകാരം ഒഴിവാക്കിയിട്ടുണ്ട്. എല്ലായിടത്തും സ്റ്റോപ്പുകൾ അനുവദിച്ചാൽ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സർക്കാർ റെയിൽവേയ്ക്ക് കത്ത് നല്കിയിരുന്നു.