തിരുവനന്തപുരം:  ഏത് പ്രതികൂല സാഹചര്യത്തെയും നേരിട്ട് അവർ പ്രവർത്തിക്കുന്നുവെന്നും. നഴ്സിംഗ് ദിനത്തിൽ സിസ്റ്റർ ലിനിയെയും കൊവിഡുമായി പോരാടിയ നഴ്സുമാരെയും ഓർക്കുന്നുവെന്നും കോട്ടയത്തെ വൃദ്ധ ദമ്പതിമാർക്ക് പാട്ടുപാടിക്കൊടുത്ത നഴ്സുമാരുടെ സ്നേഹത്തിന് നന്ദി പറയേണ്ടതെങ്ങനെ എന്നറിയില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് ആരോഗ്യവകുപ്പ് മന്ത്രി എന്ന നിലയിൽ തല കുനിക്കുന്നുവെന്നും കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക ചർച്ചയിൽ പറഞ്ഞു. 

അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ട മലയാളി നഴ്സുമാർ വിളിച്ച് ബുദ്ധിമുട്ടുകളും വിഷമങ്ങളും പറയാറുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.  നഴ്സുമാർ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട് പലയിടത്തും പിപിഇ കിറ്റുകളുടെ ലഭ്യതക്കുറവുള്ളതായി പരാതിയുണ്ട്.  ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളി നഴ്സുമാരും സമാന രീതിയിൽ പരാതിയുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കുടിക്കഴിയുമ്പോഴാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്.

ഈ സാഹചര്യം ഒഴിവാക്കാനാണ് കേരളത്തിന്‍റെ ശ്രമം. നേരത്തെ തന്നെ രോഗം കണ്ടെത്തിയ കേരളത്തിൽ രോഗം ഇപ്പോഴും നിയന്ത്രണ വിധേയമാണ്. അങ്ങനെ തന്നെ നിലനിർത്താനാണ് ശ്രമം.  പിപിഇ കിറ്റിന് കടുത്ത ക്ഷാമമുള്ള ആദ്യ നാളുകളിൽ പോലും കേരളത്തിൽ ഒരു ആരോഗ്യപ്രവർത്തകരെയും കൊവിഡ് പോസിറ്റീവായ രോഗിയുടെ അടുത്തേക്ക് വിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

"

എല്ലാ നഴ്സുമാർക്കും സുരക്ഷ കിട്ടട്ടേയെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യാ ഗവൺമെന്‍റും ഇങ്ങനെ ചെയ്യട്ടേയെന്നാണ് അഭ്യർത്ഥിക്കുന്നതെന്നും കെ കെ ശൈലജ ടീച്ചർ ചർച്ചയിൽ പറഞ്ഞു. 

എല്ലാ ആശുപത്രിയുടെയും നട്ടെല്ലാണ് നഴ്സുമാർ. അവർക്ക് മാന്യമായ ശമ്പളം ലഭ്യമാക്കണം. 20,000 രൂപയിൽ കുറഞ്ഞ ശമ്പളം പാടില്ലെന്ന് തീരുമാനമെടുത്തതാണെങ്കിലും എല്ലായിടത്തും നടപ്പായിട്ടില്ല. ഇത് കേന്ദ്ര നയത്തിൽ തന്നെ മാറ്റം വന്നാലെ പൂർണ്ണമായും നടപ്പാക്കുവാൻ സാധിക്കുകയുള്ളൂ. സ്വകാര്യ മേഖലക്കെതിരെ നടപടിയെടുക്കുന്നതിൽ നിയമപരമായ പരിമിതികളുണ്ടെങ്കിലും പരമാവധി സമ്മർദം ഇതിനായി ചെലുത്തുന്നുണ്ട്. 

കേരളത്തിൽ രണ്ട് ഘട്ടങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്തെങ്കിലും ഇനി വരാനിരിക്കുന്ന ആളുകൾ ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവരാണ്. ഇത് വരെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഇനിയും പോസിറ്റീവ് കേസുകൾ ഉണ്ടാകാം.  ഹോ ക്വാറന്‍റീനും ഐസൊലേഷനും എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഇതിൽ പാളിച്ച വന്നാൽ ആരോഗ്യപ്രവർത്തകർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യമാകും. നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യം പ്രധാനമാണ് ഇവർക്ക് കൈകാര്യം ചെയ്യാനാകാത്ത സ്ഥിതിയിലേക്ക് സാഹചര്യങ്ങൾ നീങ്ങാതെ നോക്കണം. 

എന്തും നേരിടാൻ ആരോഗ്യ വകുപ്പ് നേരിടാൻ സുസസജ്ജമാണെന്നും എല്ലാവരും നിയന്ത്രണങ്ങൾ അനുസരിച്ച് കൃത്യമായി സഹകരിക്കണമെന്നും പറഞ്ഞാണ് ആരോഗ്യമന്ത്രി വാക്കുകൾ അവസാനിപ്പിച്ചത്.