ബെംഗളൂരു: രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം നടന്ന കൽബുർഗിയിൽ ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ മകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ബന്ധു മരിച്ച വ്യക്തിയെ ആശുപത്രിയിൽ പരിചരിച്ചിരുന്നു. ഇതോടെ കർണ്ണാടകത്തിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം ഏഴായി.

അതിനിടെ കൽബുർഗിയിൽ നിന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ തീരുമാനം. കർണാടക ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിൽ വിദ്യാർത്ഥികളെ ബെംഗളൂരുവിൽ എത്തിക്കും. ഇവിടെ നിന്നും കെഎസ്ആർടിസി ബസിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം.

കൽബുർഗിയിലെ കൊവിഡ് ബാധിതൻ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളാണ് ഇവർ. ഇവിടെ വിദ്യാർത്ഥികളെല്ലാം ആശങ്കയിലാണ്. കൽബുർഗിയിൽ സ്ഥിതി ഗുരുതരമാണെന്ന് വിദ്യാര്‍ത്ഥികൾ പറയുന്നു. 76 കാരൻ മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം മലയാളി വിദ്യാര്‍ത്ഥികളിൽ പലരും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്.

കൊവിഡ് ബാധിതനെ ആശുപത്രിയിലെ ജനറൽ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. മൂന്ന് ദിവസം ഈ ആശുപത്രിയിൽ രോഗി ഉണ്ടായിരുന്നു. ഈ സമയങ്ങളിലാണ് ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയിരുന്നതെന്ന് വിദ്യാര്‍ത്ഥികൾ വിശദീകരിക്കുന്നുണ്ട്. 

രോഗി ചികിത്സയിലുണ്ടായിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പോലും ഇതുവരെ നിരീക്ഷണത്തിലാക്കിയില്ല. സ്വകാര്യ സ്ഥാപനമായ ജിംസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് പത്തോളം മലയാളി വിദ്യാർത്ഥികളാണ്. കർണാടകത്തിലെ നടപടികളിൽ വിശ്വാസമില്ലെന്ന് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഐസൊലേഷന് തയ്യാറാണെന്നും നാട്ടിലെത്തിക്കണമെന്നും  വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക