മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ചൊവ്വാഴ്ച (25-08-20) ഉച്ചയ്ക്ക് മൂന്ന് മണി വരെ മൂന്ന് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം കടന്നമണ്ണ സ്വദേശി മാധവിയുടെ മരണംമാണ് എറ്റവും ഒടുവിലത്തേത്. എഴുപത്തിയേഴ് വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. 

ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനൻ, പുന്നപ്ര തെക്ക് സ്വദേശി അഷ്റഫ് എന്നിവരും ഇന്ന് മരിച്ചു. നെഞ്ച് വേദനയും ശ്വാസമുട്ടലുമായി കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹനന് മരണശേഷമുള്ള സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിന് വണ്ടാനം മെഡിക്കൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അഷ്റഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇത് വരെ 234 മരണം സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 59504 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ ഇന്നലെ വൈകിട്ടത്തെ കണക്ക്. 38,883 പേർ ഇത് വരെ രോഗമുക്തി നേടി.