Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയെ പരിയാരം മെഡി. കോളേജിലേക്ക് മാറ്റി; കണ്ണൂരില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

കൊവിഡ് പരിശോധന ഫലം വരും മുൻപേ രോഗിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ അപാകത ഉണ്ടായിട്ടില്ലെന്ന് ജില്ല കളക്ടർ ടിവി സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

covid 19 patient transferred pariyaram medical college in kannur
Author
Kannur, First Published Mar 13, 2020, 10:23 AM IST

കണ്ണൂർ: പെരിങ്ങോമിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് 19 സ്ഥിരീകരിച്ച നാല്പത്തിനാലുകാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അമ്മയും ഭാര്യയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 

അതേസമയം, കൊവിഡ് പരിശോധന ഫലം വരും മുൻപേ രോഗിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ അപാകത ഉണ്ടായിട്ടില്ലെന്ന് ജില്ല കളക്ടർ ടിവി സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാലാണ് നാലുദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തത്. ഇയാളുമായി നേരിട്ട് ഇടപഴകിയവരുടെ പട്ടിക ഇന്നുതന്നെ തയ്യാറാക്കുമെന്നും കളക്ടർ പറഞ്ഞു.

ദുബായിൽ ടാക്സി ഡ്രൈവറായിരുന്ന നാല്പത്തിനാലുകാരൻ മാർച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മാർച്ച് അഞ്ചിന് രാത്രി ഒമ്പത് മണിക്ക് സ്പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് എത്തിയത്. ടാക്സി വാഹനത്തിൽ കുടുംബത്തോടൊപ്പം കണ്ണൂരിലേക്ക് വരുന്ന വഴിയിൽ കൊണ്ടോട്ടിയിൽ ഒരു ഹോട്ടലിൽ നിന്ന് ഇവർ ഭക്ഷണം കഴിച്ചിരുന്നു. പ്രദേശത്തെ ഒരു ക്ലിനിക്കിൽ പരിശോധനയ്ക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കൽ കോളേജിൽ ഇയാൾ അഡ്മിറ്റായത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇയാളെ ഡിസ്ചാർജ് ചെയ്തു.

പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ഇന്നലെ വൈകിട്ടാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി അടുത്ത് ഇടപഴകിയ ആളുകളെ കേന്ദ്രീകരിച്ച് പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ്.

അതേസമയം, കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂരിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇതിൽ  19 പേർ പരിയാരം മെഡിക്കൽ കോളേജിലും 6 പേർ ജില്ലാ ആശുപത്രിയിലും ഒരാൾ തലശേരി താലൂക്ക് ആശുപത്രിയിലുമാണ്. 200ലേറെ പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പരിയാരം മെഡിക്കൽ കോളേജിൽ കൂടുതൽ വാർഡുകൾ തയ്യാറാക്കുകയും  സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios