എംഎം മണി പങ്കെടുത്ത യോഗത്തിന് ശേഷമാണ് കളക്ടർ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അവ്യക്തത മാറ്റാൻ കളക്ടറെ നിയോഗിച്ചിട്ടില്ലെന്നും ആരോപണം 

ഇടുക്കി: ഇടുക്കിയിൽ മൂന്ന് പേരുടെ കൊവിഡ് പരിശോധന ഫലത്തിൽ ഉണ്ടായ അവ്യക്തതയിൽ സര്‍ക്കാരിനെതിരെ ആരോപണവുമായി ഡീൻ കുരിയാക്കോസ് എംപി. എംഎം മണി പങ്കെടുത്ത യോഗത്തിന് ശേഷമാണ് കളക്ടർ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അവ്യക്തത മാറ്റാൻ ഇത് വരെ കളക്ടറെ നിയോഗിച്ചിട്ടില്ലെന്നും ഡീൻ കുരിയാക്കോസ് ആരോപിച്ചു. 

റെഡ് സോണിൽ കൂടുതൽ പരിശോധന നടത്താൻ ഇടുക്കിയിൽ ലാബ് തുടങ്ങണം. കോട്ടയത്തെ ലാബിനെ ആശ്രയിച്ച് മാത്രം മുന്നോട്ട് പോകാനാവില്ലെന്നും ഡീൻ കുരിയാക്കോസ് പറഞ്ഞു. 

ജില്ലാ കളക്ടര്‍ പരിശോധന ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ തിരുത്താണ് വിവാദമായത്. തൊടുപുഴ നഗരസഭാ കൗൺസിലര്‍ അടക്കം മൂന്ന് പേരുടെ സാമ്പിളുകൾ വീണ്ടും പരിശോധന നടത്തണമെന്നായിരിന്നു മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാരിന്റെ വീഴ്ച മറച്ചു വക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണെന്നാണ് ഡീൻ കുരിയാക്കോസ് എംപി ആരോപിച്ചു