തിരുവനന്തപുരം: സംസ്ഥാനം ​ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ 161 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. 666 പേർക്ക് ഇതുവരെ രോ​ഗം ബാധിച്ചുവെന്നും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൗണിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. എന്നാൽ, തുടർന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്. മെയ് ഏഴിനാണ് വിമാനസർവ്വീസ് ആരംഭിച്ചത്. പുറത്ത് നിന്ന് വരുന്നവരിൽ ചിലർക്ക് രോ​ഗബാധ ഉണ്ടാവാം. ഇത് കണക്കിലെടുത്ത് കരുതൽ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

കണക്കുകൾ പരിശോധിച്ചാൽ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാൾക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന്  പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16-  11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 25ഈ രീതിയിലാണ് പുതിയ പോസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോൾ 161 ആയി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില മേഖലകളിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടത്തേണ്ടി വരുമെന്നും പിണറായി വിജയൻ പറഞ്ഞു. അതിർത്തിയിൽ പരിശോധന വേണം. പഞ്ചായത്ത് തല സമിതികളുടെ പ്രവ‍ർത്തനം നല്ല രീതിയിലാണോ എന്ന് ജില്ലാ തല സമിതികൾ പരിശോധിക്കണം. ആവശ്യമായ സഹായവും സേവനവും ജില്ലാ തലാസമിതി ഉറപ്പാക്കണം. ആരെങ്കിലും കുറച്ചു പേരുടെയല്ല നമ്മുടെ നാടിൻ്റെയാകെ ലക്ഷ്യമാകണം കൊവിഡ് പ്രതിരോധം. എല്ലാ ജില്ലാ പഞ്ചായത്തുകളും തങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവ‍ർത്തനം വിലയിരുത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടി പൊലീസ് വഴി മാസ്ക് ധരിക്കാനായി പ്രത്യേക ക്യാംപെയ്ൻ ആരംഭിക്കും. ഐജിമാരായ ശ്രീജിത്തും പി.വിജയനും സംസ്ഥാന തലത്തിൽ പദ്ധതി ഏകോപിപ്പിക്കും. കൊവിഡ് രോ​ഗം ഭേദമായവരെ ചിലയിടത്തെങ്കിലും സമൂഹം ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്താൻ എസ്പിസി പ്രത്യേക പദ്ധതി നടപ്പാക്കും. 3996 പേ‍ർക്കെതിരെ മാസ്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തു. ക്വാറൻ്റൈൻ ലംഘിച്ചതിന് 12 പേ‍‍ർക്കെതിരെയും കേസെടുത്തു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.