പാലക്കാട്: നിരീക്ഷണത്തിൽ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിന് മണ്ണാര്‍ക്കാട് കാരാക്കുറുശ്ശിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ആൾക്കെതിരെ കേസെടുത്തു. പാലക്കാട് ജില്ലാ ഭരണകൂടത്തിന്‍റെതാണ് നടപടി. വിദേശത്ത് നിന്ന് എത്തി വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ച് കറങ്ങി നടന്നതിനാണ് കേസെടുത്തത്. കെഎസ്ആര്‍ടിസി കണ്ടക്ടറായ മകൻ ഉൾപ്പെടെ വീട്ടുകാരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. 

പതിമൂന്നിന് ദുബൈയിൽ നിന്ന് ഉംമ്ര കഴിഞ്ഞ് എത്തിയ ഇയാൾ നിരീക്ഷണത്തിലാകുന്നത് ഇരുപത്തി ഒന്നിനാണ്. അത് വരെ നാട്ടിലും ബന്ധു വീടുകളിലും അയൽ ജില്ലയായ മലപ്പുറത്ത് വരെ ഇയാൾ കറങ്ങി നടന്നിട്ടുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വലിയ സമ്പര്‍ക്ക പട്ടിക തന്നെ ഉണ്ടാക്കി.  രണ്ട് തവണ ജുമാ നമസ്കാരത്തിന് പള്ളിയിലും എത്തി. രണ്ട് അനാഥാലയങ്ങളിൽ പോയി. നാല് തവണ ആശുപത്രിയിലും പോയിട്ടുണ്ട്. രണ്ട് സര്‍ക്കാര്‍ ആശുപത്രിയും രണ്ട് സ്വകാര്യ ആശുപത്രിയും ഇതോടെ റൂട്ട് മാപ്പിൽ ഇടം പിടിച്ചു.  റൂട്ട് മാപ്പും സമ്പര്‍ക്കപ്പട്ടികയും വലിയ വെല്ലുവിളിയായി മുന്നിൽ നിൽക്കെയാണ് പ്രാഥമിക സമ്പര്‍ത്തിലുള്ള മകൻ കെഎസ്ആര്‍ടിസി ബസ്സിൽ ഡ്യൂട്ടിയെടുത്ത വിവരം കൂടി പുറത്ത് വരുന്നത്. 

തുടര്‍ന്ന് വായിക്കാം: കാരാകുറുശ്ശിയിൽ കൊവിഡ് രോഗിയുടെ മകൻ കെഎസ്ആർടിസി കണ്ടക്ടർ, യാത്രക്കാരെ തപ്പി ആരോഗ്യവകുപ്പ്...
കൊവിഡ് ബാധിതന്‍റെ മകൻ അടക്കം ഇപ്പോൾ നിരീക്ഷണത്തിലാണ്. കണ്ടക്ടറായി ഇയാൾ ജോലി ചെയ്ത ദിവസം ബസ്സിന്‍റെ റൂട്ടും സമയവും അടക്കമുള്ള വിവരങ്ങൾ കെഎസ്ആര്‍ടിസിയും പുറത്ത് വിട്ടിട്ടുണ്ട്.