കാസർഗോഡ്: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ കാസർഗോഡ് നഗരസഭയിലും അഞ്ച് പഞ്ചായത്തിലും പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിൽ 27 പേർക്ക് കൊവിഡ് പടർന്നത് സമ്പർക്കത്തിലൂടെയാണ്. കാഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർഗോഡ് മുൻസിപ്പാലിറ്റി, പള്ളിക്കര, ഉദുമ, ചെമ്മനാട്, മധൂർ, മൊഗ്രാൽപുത്തൂർ, പഞ്ചായത്തുകളിലുമാണ് കൂടുതൽ നിയന്ത്രണം. ഈ പ്രദേശങ്ങളിലെ നിരീക്ഷണത്തിനും ക്രമീകരണങ്ങൾക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ലോക്ക് ഡൗൺ നിയന്ത്രങ്ങൾക്ക് പുറമെയാണിത്. 

ഭക്ഷണം അടക്കം അത്യാവശ്യ വസ്തുക്കൾ ആവശ്യമുള്ളവർ പൊലീസുമായി നേരിട്ട് ബന്ധപ്പെടണം. ഇതിനായി പ്രത്യേക ഫോൺ നമ്പർ ലഭ്യമാക്കിയിട്ടുണ്ട്.  9497935780 ആണ് അവശ്യ സേവനങ്ങൾക്ക് വിളിക്കേണ്ട നമ്പർ. ജില്ലയിൽ നിന്നുള്ള 106 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 27 പേരിലേക്ക് രോഗമെത്തിയത് സമ്പർക്കത്തിലൂടെയാണ്. അടുത്ത ബന്ധുക്കളിലാണ് രോഗം പടർന്നിട്ടുള്ളതെന്നും ആശങ്കവേണ്ടെന്നുമാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക