തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാൻ പരിശോധനകളിൽ ഇനി പൊലീസ് പങ്കാളിത്തവും. ആരോഗ്യ വകുപ്പ് അധികൃതരുടെ സംഘത്തിനൊപ്പം പൊലീസ് സംഘവും പരിശോധനക്ക് ഇറങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. അതീവ ജാഗ്രതയോടെ രോഗ പ്രതിരോധ മുൻകരുതൽ പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകണമെന്നാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം. 

വിമാനത്താവളങ്ങളിൽ എസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനക്ക് ഉണ്ടാകും. റയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഡിവൈഎസ്പിമാരുടെയും നേതൃത്തിൽ പരിശോധന സംഘങ്ങൾ പ്രവര്‍ത്തിക്കും. ഇന്ന് രാത്രി മുതൽ തന്നെ പരിശോധന തുടങ്ങാനാണ് തീരുമാനം.  അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാൻ സംവിധാനം ഒരുക്കും.ഉത്സവങ്ങളും പ്രാർത്ഥന യോഗങ്ങളും നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് ഇടപെടണമെന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം നിര്‍ദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിൽ ജൂനിയർ ഐ പി എസ് ഉദ്യോഗ്രന്ഥരുടെ നേത്യത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. പളളികളിലെ പ്രാർത്ഥനകൾ ഓൺലൈൻ വഴിയാക്കാനുള്ള നിർദ്ദേശം എസ് പി മാർ ചർച്ച ചെയ്യും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക