ആലപ്പുഴ: കൊവിഡ് നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

അതേസമയം കൊവിഡ് 19 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കാൻ നേരത്തെ തിരുവനന്തപുരം ഡിഐജി സഞ്ജയ് കുമാർ ഉത്തരവിട്ടിരുന്നു.

സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവറും ഗൺമാനും എതിരെ കേസെടുത്തിട്ടില്ല. ഇരുവരും നിർദ്ദേശം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം താൻ കാൺപൂരിലാണെന്ന് സബ് കളക്ടർ നുണ പറഞ്ഞതാണെന്നാണ് വിവരം. ഇദ്ദേഹം ബെംഗളൂരുവിലാണ് ഉള്ളതെന്ന് സൂചന പൊലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചു.

സിങ്കപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോൾ ഇവിടെ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് സബ് കളക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ കാൺപൂരിലാണെന്ന് മറുപടി ലഭിച്ചു.

യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് ഇന്നലെ തന്നെ വിമർശനം ഉയർന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തർപ്രദേശ് സ്വദേശിയാണ്.