Asianet News MalayalamAsianet News Malayalam

റെഡ് സോണുകളിൽ നിന്ന് വരുന്നവർ 14 ദിവസം സർക്കാർ നിർദേശിച്ച ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ തന്നെ

ഒടുവിൽ വ്യക്തതയായി. കേരളവും കേന്ദ്രവും നിർദേശിച്ച ക്വാറന്‍റീൻ കാലയളവ് രണ്ടും രണ്ടായിരുന്നു. കേരളം ഏഴ് ദിവസം ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് ആദ്യം ഉത്തരവിറക്കിയപ്പോൾ കേന്ദ്ര ഉത്തരവിൽ ഇത് 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈനായിരുന്നു.

covid 19 quarantine instructions in kerala for people coming from outside kerala or abroad
Author
Thiruvananthapuram, First Published May 6, 2020, 7:57 PM IST

തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ റെഡ് സോണുകളിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കും പോകുന്നവർക്കുള്ള ക്വാറന്‍റീൻ നിർദേശങ്ങളിൽ വ്യക്തത വരുത്തി സംസ്ഥാനസർക്കാരിന്‍റെ പുതിയ ഉത്തരവ്. റെഡ് സോണുകളിൽ നിന്ന് വരുന്നവർ നിർബന്ധമായും സർക്കാർ നിർദേശിക്കുന്ന ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ (Institutional Quarantine Centres) 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. കേരളസർക്കാരിന്‍റെ ഉത്തരവിൽ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്‍റീൻ മതി എന്ന് ആദ്യം പറഞ്ഞത് വലിയ ആശയക്കുഴപ്പത്തിന് വഴി വച്ചിരുന്നു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗരേഖയിൽ റെഡ് സോണിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ കഴിയണമെന്ന് പ്രത്യേകം പറയുന്നുണ്ട്.

സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് പുതിയ ഉത്തരവ് സംസ്ഥാനസർക്കാർ പുറത്തിറക്കിയത്. ഇത് പ്രകാരം മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്ന് വരുന്നവ‍ർ നിർബന്ധമായും 14 ദിവസം ക്വാറന്‍റീനിൽ കഴിയണം. അതും സർക്കാർ നിർദേശിച്ച ക്വാറന്‍റീൻ കേന്ദ്രങ്ങളിൽത്തന്നെ വേണം. ഇതിൽ ഗർഭിണികൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 14 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് മാത്രമാണ് ഇളവുണ്ടാകുക. പക്ഷേ ഇവരെല്ലാം വീട്ടിലെത്തിയാലും റൂം ക്വാറന്‍റീൻ, അഥവാ ഒരു മുറിയിൽ പ്രത്യേകം വസ്ത്രങ്ങളും പാത്രങ്ങളും ഉപയോഗിച്ച് മറ്റ് കുടുംബാംഗങ്ങളുമായി വേറിട്ട് കഴിയണം.

അതല്ല, നിലവിലുള്ള ക്വാറന്‍റീൻ കേന്ദ്രങ്ങളിലല്ലാതെ അധിക സൗകര്യം വേണ്ടവർക്ക് പണം ഈടാക്കി കൂടുതൽ സൗകര്യമുള്ള മുറികൾ നൽകാം. 

ഏത് ജില്ലകളിലേക്കാണോ വന്നത് ആ ജില്ലയിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽത്തന്നെയാകും ഇവർക്ക് നിരീക്ഷണത്തിനുള്ള ഇടമൊരുക്കുക. അതിർത്തിയിൽ ഇവർ എത്തിയാൽ പരിശോധനകൾക്ക് ശേഷം, ഏത് ക്വാറന്‍റീൻ കേന്ദ്രത്തിലേക്കാണ് പോകേണ്ടതെന്ന കൃത്യം അഡ്രസ്സടക്കം നൽകും. അവിടേക്ക് സ്വന്തം വാഹനത്തിൽത്തന്നെ ഇവർ പോകണം. അതല്ല, സർക്കാർ ചെലവിൽ ഇവരെ എത്തിക്കണോ വേണ്ടയോ എന്നതിൽ വിവേചനാധികാരം അതാത് ജില്ലാ കളക്ടർമാർക്കാണ്. അതിർത്തി കടന്ന് പോയ റെഡ് സോണിൽ നിന്ന് വന്ന എല്ലാവരും അതാത് ജില്ലകളിലെ ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് തന്നെ നേരിട്ടെത്തി എന്ന് ഉറപ്പാക്കേണ്ടത് അതാത് ഇടങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളും പൊലീസും ചേർന്നാണ്. ഇവരെല്ലാം ആ വിവരങ്ങൾ തത്സമയം ഇ-ജാഗ്രത ഡാറ്റാബേസിലേക്ക് നൽകുകയും വേണം. അതല്ല, ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് പോകാതെ കടന്നുകളഞ്ഞാൽ ആ വ്യക്തിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസിനാകും. സംസ്ഥാനത്തേക്ക് പ്രവേശനം അനുവദനീയമായ ആറ് അതിർത്തികളിലേക്ക് പാസ്സുകളില്ലാതെ എത്തുന്ന ആരായാലും അവരെ നിർബന്ധിത ക്വാറന്‍റീനിലാക്കുകയും ചെയ്യും. 

മറ്റ് നിർദേശങ്ങളെല്ലാം നേരത്തേ പറഞ്ഞ ഉത്തരവിന് സമാനമാണെന്നും, റെഡ് സോണുകളിൽ നിന്ന് വന്നവർക്ക് ഉള്ള പ്രത്യേക ക്വാറന്‍റീൻ കാലാവധി നീട്ടിക്കൊണ്ടുള്ള പ്രത്യേക ഉത്തരവിൽ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ വ്യക്തമാക്കുന്നു.

കേന്ദ്രസർക്കാരിന്‍റെയും സംസ്ഥാനസർക്കാരിന്‍റെയും ഉത്തരവിൽ സർക്കാർ കേന്ദ്രങ്ങളിലെ നി‍ർബന്ധിത ക്വാറന്‍റീൻ കാലാവധി രണ്ടും രണ്ടാണെന്ന തരത്തിൽത്തന്നെയാണ് വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞത്. ''പുറത്ത് നിന്ന് വരുന്നവർ എല്ലാവരും ക്വാറന്‍റീനിൽ പോകുന്നവരാണ്. ഏഴ് ദിവസം അവർ സർക്കാർ നിർദേശിക്കുന്ന ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് പോകണം. അവിടെ ഏഴാം ദിവസം ഇവർക്ക് പിസിആർ ടെസ്റ്റ് നടത്തും. അതിൽ കൊവിഡ് പോസിറ്റീവായവരെ ആശുപത്രിയിലാക്കും. ബാക്കിയുള്ളവർ ഹോം ക്വാറന്‍റീനിൽ പോകണം. രണ്ടായാലും പതിനാല് ദിവസത്തെ ക്വാറന്‍റീൻ നി‍ർബന്ധമാണ്. ക്വാറന്‍റീൻ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാണ്. ചെറിയ കുട്ടികളാണെങ്കിൽ അവരെ വീട്ടിലേക്ക് വിടും. രോഗികളായവരെ പരിശോധിച്ച ശേഷം തീരുമാനിക്കും'', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ ഇതിൽ സംസ്ഥാനം തിരുത്ത് വരുത്തുകയാണ്. കേന്ദ്രനിർദേശം അനുസരിച്ച് തന്നെ റെഡ് സോണുകളിൽ നിന്ന് വരുന്ന എല്ലാവരും 14 ദിവസത്തെ സർക്കാർ കേന്ദ്രങ്ങളിലെ നിർബന്ധിത ക്വാറന്‍റീനിൽ പോയേ തീരൂ.

കേരളത്തിനകത്ത് നിന്നുള്ളവർക്കും ക്വാറന്‍റീൻ നിർബന്ധം

കേരളത്തിനകത്തെ കൊവിഡ് തീവ്രബാധിത മേഖലകളിൽ നിന്നെത്തുന്നവരും സര്‍ക്കാര്‍ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർ​ദ്ദേശിച്ച്  സർക്കാർ. കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്നവർക്കാണ് നിർദ്ദേശം ബാധകമാവുക. 

129 പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറണം എന്നാണ് സർക്കാർ നിർദ്ദേശം. ആന്‍റമാൻ നിക്കോബാര്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും നിർദ്ദേശം ബാധകമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തി സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണം എന്നാണ് നിര്‍ദ്ദേശം. ആംബുലന്‍സിൽ കയറ്റി വേണം ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റേണ്ടതെന്നാണ് നിർദേശം. 

Follow Us:
Download App:
  • android
  • ios