Asianet News MalayalamAsianet News Malayalam

കുറഞ്ഞ നിരക്കിൽ ആർടിപിസിആർ ടെസ്റ്റ്; സംസ്ഥാനത്ത് ഇനി മൊബൈൽ ആർടിപിസിആർ ലാബുകളും, സ്വകാര്യ കമ്പനിക്ക് ടെൻഡർ

സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം നൽകി. സർക്കാർ സംവിധാനങ്ങൾക്ക് പുറമേ പരിശോധന ഔട്ട് സോഴ്സ് ചെയ്യാൻ അനുമതി നൽകി

Covid 19 rtpcr test kerala
Author
Thiruvananthapuram, First Published Feb 26, 2021, 8:58 AM IST

തിരുവനന്തപുരം: കൊവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിൽ, സംസ്ഥാനത്തെ കൊവിഡ് പരിശോധന കൂടുതൽ കർശനമാക്കി. മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കി. ഇതിനായി സ്വകാര്യ കമ്പനിയായ സാൻഡോർ മെഡിക്കല്‍സിന് ടെൻഡർ നൽകി. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറിൽ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കന്പനികളെ കൂടി ഉൾപ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുക‍ൾ തുടങ്ങാനും ആലോചനയുണ്ട്. 

448 രൂപ മാത്രമായിരിക്കും ഇവിടെ പരിശോധന നിരക്ക്. ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോൾ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമെന്നത് കൂടുതൽ പേർക്ക് സൌകര്യമായിരിക്കും. മൊബൈൽ ആർടിപിസിആർ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. 

ഇതോടൊപ്പം ആർടിപിസിആർ പരിശോധനയ്ക്ക് പുതിയ മാർഗ നിർദേശവും സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാനാണ് പുതിയ മാർഗ നിർദേശം .സർക്കാർ സംവിധാനങ്ങൾക്ക് പുറമേ പരിശോധന ഔട്ട് സോഴ്സ് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് പരിശോധന ഫലത്തിൽ വീഴ്ച്ച ഉണ്ടായാൽ ലാബിന്റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം നൽകണം. അതിന് കഴിഞ്ഞില്ലെങ്കിൽ ലാബിന്റെ ലൈസൻസ് റദ്ദാക്കുവാനും നിർദ്ദേശമുണ്ട്. 

കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മണിപ്പൂർ, ഉത്തരാഖണ്ധ്. ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കടുപ്പിച്ചത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽനിന്നുളളവർക്ക് പ്രവേശനം നൽകൂവെന്ന്  മഹാരാഷ്ട്ര, കർണാടക മണിപ്പൂർ, ഉത്തരാഖണ്ഡ്, ഒഡീഷ പശ്ചിമ ബംഗാൾ അടക്കമുളള സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ ആർടിപിസിആർ ടെസ്റ്റ് ചെയ്യാൻ സൌകര്യം ലഭിക്കുന്നത് യാത്രക്കാർക്കും ആശ്വാസകരമായിരിക്കും. 

 

Follow Us:
Download App:
  • android
  • ios