തിരുവനന്തപുരം: രാജ്യത്തെ ഉയർന്ന കൊവിഡ് പ്രതിദിന വർധനവിലേക്കെത്തിയ കേരളത്തിൽ രോഗ വ്യാപനം സംബന്ധിച്ച കണക്കുകൂട്ടലുകളും മാറുകയാണ്. ഒക്ടോബറിൽ കേസുകൾ താഴ്ന്നു തുടങ്ങുമെന്നായിരുന്നു വിദഗ്ദ സമിതി തന്നെ കണക്കാക്കിയിരുന്നതെങ്കിലും ഇത് വൈകുമെന്നാണ് നിലവിലെ വിലയിരുത്തൽ. 

സെപ്തംബറിൽ കേസുകൾ പാരമ്യത്തിലെത്തുമെങ്കിലും ഒക്ടോബറിൽ താഴ്ന്നു തുടങ്ങുമെന്ന് പ്രതീക്ഷിക്കാം എന്നായിരുന്നു സർക്കാരിന്റെ വിദഗ്ദ സമിതിയിലുള്ളവരുടെ വിലയിരുത്തിയത്. എന്നാൽ സെപ്തംബറിൽ കൂടിയ വ്യാപനം, ഒക്ടോബർ പകുതിയാകുമ്പോഴും മുകളിലേക്ക് തന്നെ. പ്രതിദിന വർധനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്ത് ഒന്നാമതെന്ന നിലയിലാണ്. ഈ രണ്ട് മാസങ്ങൾ നിർണായകമെന്നാണ് സർക്കാരിന്റെ തന്നെ മുന്നറിയിപ്പ്.  

നിലവിൽ ഇതുവരെ 2,79,855 പേരിലാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇത് 5 ലക്ഷം പേരെങ്കിലുമാകാതെ കൊവിഡ് പാരമ്യത്തിലെത്തുന്നത് പൂർത്തിയാകില്ലെന്ന വിലയിരുത്തലും പൊതുജനാരോഗ്യ വിദഗ്ദർക്കിടയിലുണ്ട്. ഇതിന് ശേഷമേ കുറയാൻ തുടങ്ങൂ. ഇപ്പോൾ തന്നെ ചികിത്സാ സംവിധാനങ്ങൾ ഞെരുങ്ങിയിരിക്കെ മരണസംഖ്യയും കൂടുമെന്നാണ് കണക്കു കൂട്ടൽ. സർക്കാർ കണക്കിൽ ഇപ്പോൾ 978 ആണ് മരണം. എന്നാൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മരണങ്ങൾ കൂടി ചേർത്ത് സമാന്തരമായി ഡോക്ടർമാർ രൂപീകരിച്ച പട്ടികയിൽ ഈ മരണസംഖ്യം 1830 ആയി.