Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 6 കൊവിഡ് മരണം; രണ്ടെണ്ണം കാസർകോട് ജില്ലയിൽ നിന്ന് മാത്രം

കാസർകോഡ് ജില്ലയിലെ ആകെ കൊവിഡ് മരണം പതിനൊന്ന് ആയി. 78 കാരനായ കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.

covid 19 six deaths confirmed today in kerala as per hospital information
Author
Trivandrum, First Published Aug 2, 2020, 1:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 കൊവിഡ് മരണം കൂടി. കാസർകോഡ് ജില്ലയിൽ മാത്രം ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ കാസർകോഡ് ജില്ലയിലെ ആകെ കൊവിഡ് മരണം പതിനൊന്ന് ആയി. 78 കാരനായ കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഒരാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കാസർകോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഉപ്പള സ്വദേശി ഷെഹർബാനുവിന് കഴിഞ്ഞ മാസം 28നാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ ചക്കരക്കൽ സ്വദേശി സജിത്ത് കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ  സമയത്ത് നടത്തിയ പരിശോധനയിൽ സജിത്തിന് രോഗ ബാധ ഉണ്ടായിരുന്നില്ല. ചികിത്സയിലിരിക്കെ രോഗം ബാധിച്ചെന്നാണ് സംശയം.

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയും ഇന്നാണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനായിരുന്ന ഗോപിയുടെ രോഗ ഉറവിടം വ്യക്തമല്ല. നേരത്തെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ഗോപി. ഇദ്ദോഹത്തിന്‍റെ മൂന്ന് കുടുംബാംഗങ്ങൾക്ക് രോഗം ബാധിച്ചെങ്കിലും രോഗമുക്തി നേടിയിരുന്നു.

ഇടുക്കി നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി ദേവസ്യക്ക് കൊവിഡ് സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിശോധനയിലാണ്. ഇവർ പനി ബാധിച്ച് ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിൻ്റെ മകൾ ആസ്യ അമാനയാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. അസുഖം സ്ഥിരീകരിച്ച കുഞ്ഞിൻ്റെ ആറ് ബന്ധുക്കളെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ കെവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios