Asianet News Malayalam

'കുടുംബത്തെ പറയരുത്', സ്പ്രിംക്ളറിൽ മുഖ്യമന്ത്രിയെ പ്രതിരോധിച്ച് കേന്ദ്ര, സംസ്ഥാന ഇടത് നേതൃത്വം

അതേസമയം, ഡാറ്റാ വിവാദത്തിൽ സിപിഐയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭ ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ സിപിഐയ്ക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ തൽക്കാലം പരസ്യ പ്രതികരണമുണ്ടാകില്ല.

covid 19 sprinkler controversy do not defame family of chief minister on a political controversy says left central state leadership
Author
Thiruvananthapuram, First Published Apr 19, 2020, 2:09 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഎം കേന്ദ്ര, സംസ്ഥാന ഘടകങ്ങൾ. പാർട്ടി നയമല്ല ജനങ്ങളുടെ ജീവനാണ് വലുതെന്ന് വ്യക്തമാക്കി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള കരാറിനെ ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കണ്‍വീന‌ർ ജി വിജയരാഘവൻ കുറ്റപ്പെടുത്തി. അതേസമയം ഡാറ്റാ വിവാദത്തിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ.

മുഖ്യമന്ത്രി പിണറായി വിജയൻ പൊളിറ്റ് ബ്യൂറോയെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നാണ് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കിയത്. എല്ലാ പിന്തുണയും സംസ്ഥാനസർക്കാരിന് പിബി നൽകുന്നു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അടിസ്ഥാന വിവരശേഖരണ നയത്തിൽ മാറ്റങ്ങളാകാം.

''അസാധാരണസ്ഥിതിവിശേഷം ലോകത്ത് പരക്കുമ്പോൾ അസാധാരണ തീരുമാനങ്ങളിലേക്ക് പോകുന്നതിൽ തെറ്റില്ല. കേരളം കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ഉത്തമവിശ്വാസത്തോടെ സർക്കാർ എടുത്ത നടപടികളെ പിന്തുണയ്ക്കുകയാണ് വേണ്ടത്. അതിവിടെ ഉണ്ടാകുന്നില്ലല്ലോ. ക്വാറന്‍റൈനിലുള്ള ലക്ഷക്കണക്കിന് പേർ, ചികിത്സ വേണ്ട പതിനായിരക്കണക്കിന് പേർ, ഭക്ഷണം വേണ്ട ലക്ഷക്കണക്കിന് പേർ, ഇവർക്കൊക്കെ വേണ്ട സഹായമെത്തിക്കാനുള്ള വ്യക്തമായ പദ്ധതിക്ക് രൂപം നൽകാൻ സഹായിക്കാൻ കഴിയുന്ന സ്ഥാപനത്തെ ഉത്തമവിശ്വാസത്തോടെ സർക്കാർ ഏൽപിച്ചതാണ്. ഈ അടിയന്തരസ്ഥിതി കഴിയട്ടെ, എന്നിട്ട് വിശദമായി പരിശോധിക്കാം. എല്ലാ വിവരങ്ങളും ഒറ്റ നമ്പറിലേക്ക് ചുരുക്കുന്ന ഒരു പദ്ധതിയും അസാധാരണ സ്ഥിതിയിൽ അവശ്യം വേണ്ട വിവരശേഖരണവും രണ്ടും രണ്ടാണ്'', എന്ന് എസ്ആർപി.

ഇത് മുഖ്യമന്ത്രിയുടെ കുടുംബത്തെത്തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് എൽഡിഎഫ് കൺവീനർ ജി വിജയരാഘവൻ പറഞ്ഞു.

''രാഷ്ട്രീയമായ വിവാദത്തെ ആ രീതിയിൽ സമീപിക്കണം. ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിലെ അംഗങ്ങളുടെ നേർക്ക് തന്നെ ആരോപണം വഴിതിരിച്ച് വിടുന്ന പരിപാടി ശരിയല്ല. അത്തരം ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതമാണ്'', എന്ന് എൽഡിഎഫ് കൺവീനർ. 

വിവാദ നാളുകളിൽ നയം ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന സിപിഎം താൽക്കാലിക നിലപാട് മാറ്റത്തിലാണ്. ആധാർ വിവാദ കാലം മുതൽ ദേശീയ തലത്തിൽ സിപിഎം ഉയർത്തിപ്പിടിച്ച ഡാറ്റാ നയമാണ് കേരളത്തിൽ അട്ടിമറിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ പരിശോധനയില്ല. എല്ലാം ഇതു പോലെ തുടരട്ടെയെന്നാണ് കേന്ദ്ര തീരുമാനം. സംസ്ഥാനതലത്തിലും മുഖ്യമന്ത്രിക്ക് പിന്തുണയുമായി നിയമമന്ത്രി അടക്കം കൂടുതൽ നേതാക്കൾ രംഗത്തെത്തുകയാണ്. ഉദ്യോഗസ്ഥർ അതിന്‍റെ റിസ്ക് എടുക്കട്ടെ, അതല്ലാതെ മുഖ്യമന്ത്രിക്ക് ഇതിന്‍റെ ഉത്തരവാദിത്തമില്ലെന്നാണ് നിയമമന്ത്രി എ കെ ബാലൻ വ്യക്തമാക്കിയത്. ഐടി സെക്രട്ടറി എം ശിവശങ്കർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡാറ്റാ സുരക്ഷയിൽ എന്തെങ്കിലും ഒരു സംശയമുണ്ടായിരുന്നെങ്കിൽ നിയമവകുപ്പിനെ സമീപിച്ചേനെ എന്നും, അത് വേണ്ട എന്നത് തന്‍റെ മാത്രം തീരുമാനമായിരുന്നുവെന്നുമാണ് പറഞ്ഞത്. അതായത്, എല്ലാ ഉത്തരവാദിത്തവും അദ്ദേഹം സ്വയമേറ്റെടുക്കുന്നുവെന്നർത്ഥം.

Read more at: സ്പ്രിംക്ളർ വിവാദം: പിണറായിയോ നിലപാടോ വലുത്? സിപിഎം കേന്ദ്ര നേതൃത്വം കുരുക്കിൽ

കൊവിഡ് കാലത്തെ സർക്കാർ നേടിയെടുത്ത പ്രതിച്ഛായക്ക് സ്പ്രിംക്ളർ കരടായതോടെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ചൊവ്വാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. എൽഡിഎഫ് കണ്‍വീനർ അടക്കം രംഗത്തെത്തിയെങ്കിലും മുന്നണിയിൽ സ്ഥിതി വ്യത്യസ്തമാണ്. മന്ത്രിസഭാ ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ സിപിഐക്ക് അതൃപ്തിയുണ്ട്. എന്നാൽ തത്കാലം പ്രതിപക്ഷത്തിന് ഊർജം നൽകുമെന്നതിനാൽ പരസ്യപ്രതികരണം വേണ്ട എന്നാണ് സിപിഐ തീരുമാനം.

Follow Us:
Download App:
  • android
  • ios