Asianet News MalayalamAsianet News Malayalam

സ്പ്രിംക്ളർ വിവാദം: പിണറായിയോ നിലപാടോ വലുത്? സിപിഎം കേന്ദ്ര നേതൃത്വം കുരുക്കിൽ

ആധാ‍ർ ചോർച്ച വിവാദം ആളിപ്പടർന്നപ്പോൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം, വ്യക്തി വിവരങ്ങളുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച് സുവ്യക്തമായ നിലപാടായിരുന്നു. പക്ഷേ ഇപ്പോൾ?

covid 19 will cpim central committee and polit bureau approve sprinkler data transfer
Author
Thiruvananthapuram, First Published Apr 19, 2020, 10:40 AM IST

തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദം പിണറായി സർക്കാരിനെതിരെ തിരിയുമ്പോൾ സിപിഎം നയം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. വ്യക്തികളുടെ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിനെതിരെ ശക്തമായ എതിർപ്പാണ് ദേശീയ തലത്തിൽ സിപിഎം കൈകൊള്ളുന്നത്. 2019 ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രകടന പത്രികയിലും വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുമെന്ന് സിപിഎം ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു

''എൻഡിഎ സർക്കാർ പല സേവനങ്ങളും സ്വകാര്യ കമ്പനികൾക്ക് നൽകിയിരിക്കുകയാണ്.ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികളുടെ കൈവശമാണ്. സ്വകാര്യതയെ ബാധിക്കുമ്പോൾ ഇത് മൗലിക അവകാശങ്ങളുടെ ലംഘനമാണ്'', ആധാ‍ർ ചോർച്ച വിവാദം ആളിപ്പടർന്നപ്പോൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇതായിരുന്നു. വ്യക്തി വിവരങ്ങളുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച് സുവ്യക്തമായ നിലപാട്. ഡാറ്റാ വിവാദങ്ങളിൽ പാർലമെന്‍റിനകത്തും പുറത്തും മുന്നണിയിൽ നിന്നത് സിപിഎമ്മാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിൽ 2018 മാർച്ച് 24ന് സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്, ജനങ്ങളുടെ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമം വേണമെന്നായിരുന്നു. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ ഡാറ്റാ സ്വകാര്യത ഉറപ്പാക്കുമെന്ന് പ്രകടനപത്രികയിൽ എഴുതിയ ഒരേ ഒരു പാർട്ടി സിപിഎമ്മായിരുന്നു. ഈ തെര‍ഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് സിപിഎം ഉറപ്പുനൽകി. എന്നാൽ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ എല്ലാം അട്ടിമറിക്കപ്പെട്ടു. സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ കൈമാറരുതെന്ന സിപിഎം നയത്തിൽ നിന്നും ഒരു പടികൂടി കടന്നായിരുന്നു കേരളത്തിലെ നടപടി. കൊവിഡ് നീരീക്ഷണത്തിലുള്ളവരുടെ വിവരം കൈമാറിയത് അമേരിക്കൻ കമ്പനിക്ക്.

''ലോകത്ത് ഒരു കാര്യവും ഇന്ന് രഹസ്യമല്ല. എല്ലാം പരസ്യമാണ്. എന്താണിത് നിധി കിട്ടിയതാണോ? സ്പ്രിംക്ളർ, സ്പ്രിംക്ളർ എന്ന് പറഞ്ഞ്? ഒരു കാര്യവുമില്ലാത്ത കാര്യമാണ്'', എന്നാണ് വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജൻ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. 

ദേശീയ നയം ചോദ്യചെയ്യപ്പെടുമ്പോഴും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. സർക്കാരിന് പിന്തുണയുമായി എൽഡിഎഫ് കണ്‍വീനർ അടക്കം ഉടൻ രംഗത്തെത്തും. പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാൻ എപ്രിൽ 21-ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 

ഡാറ്റാസുരക്ഷാനയത്തിൽ കേരളത്തിലെ ഈ വ്യതിയാനത്തിൽ സിപിഎം കേന്ദ്രഘടകത്തിന്‍റെ നിലപാടാണ് ഇനി അറിയേണ്ടത്. പിണറായി ആണോ നിലപാടാണോ വലുത്? യുഎപിഎ വിവാദത്തിന് പിന്നാലെ കേന്ദ്ര നേതൃത്തെ കുഴക്കി ഡാറ്റാ രാഷ്ട്രീയവും ആളിക്കത്തുകയാണ്.

Follow Us:
Download App:
  • android
  • ios