തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തിൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ''നമ്മളിപ്പോൾ വൈറസിനെതിരെ പോരാടുകയാണ്. അതിനെ എങ്ങനെ ഒതുക്കാമെന്ന് നോക്കുകയാണ് നല്ലത്'', എന്ന് മുഖ്യമന്ത്രി. സ്പ്രിംക്ളർ വിവാദം ശുദ്ധനുണയാണ്. അതിൽ മറുപടി പറയാൻ സൗകര്യമില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം പഴയ 'മാധ്യമസിൻഡിക്കേറ്റ്' വിവാദവും പിണറായി പരോക്ഷമായി സൂചിപ്പിച്ചു. രൂക്ഷവിമർശനമുയർത്തുകയും ചെയ്തു. ശരിയെന്തെന്ന് ചരിത്രം വിലയിരുത്തുമെന്നും മുഖ്യമന്ത്രി.

''ശുദ്ധമായ നുണ കെട്ടിച്ചമച്ചുണ്ടാക്കുണ്ടാക്കുമ്പോൾ ഞാനിതിന് എന്ത് മറുപടി പറയാൻ? നിങ്ങളുന്നയിച്ചവരോട് പോയി ചോദിക്ക്'', എന്ന് മുഖ്യമന്ത്രി. 

''എനിക്കിപ്പോൾ ഇതിനല്ല നേരം. കുടുംബാംഗങ്ങളെ പറഞ്ഞതിലൊന്നും എനിക്കൊന്നും പറയാനില്ല. നോക്കാൻ സമയമില്ല'', എന്ന് മുഖ്യമന്ത്രി.

പിണറായിയുടെ മകൾ വീണ വിജയന്‍റെ പേരിലുള്ള കമ്പനിയും സ്പ്രിംക്ളറുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് രൂക്ഷമായ പരിഹാസമുയർത്തി അദ്ദേഹം. ''ഈ ആരോപണമൊക്കെ ഭയങ്കര ഗുരുതരമായ കാര്യല്ലേ. അതൊന്നും ഇവിടെ പറയാൻ നിക്കണ്ട. അതൊക്കെ നാട്ടുകാർക്ക് മനസ്സിലായിക്കോളും'', എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പിബിയ്ക്ക് കേരളഘടകം നൽകിയ റിപ്പോർട്ട് കേന്ദ്രം തള്ളി എന്ന റിപ്പോർട്ടിനെയും പിണറായി പരിഹസിച്ചു. ''ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്. ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന് ഓരോ വിവാദങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്‍റെ ചരിത്രം ഒക്കെ എല്ലാവർക്കും ഓർമയുണ്ടല്ലോ. 'സേവ് സിപിഎം' ഫോറത്തിന്‍റെ നുണക്കഥ എല്ലാവർക്കും അറിയാമല്ലോ. അന്ന് ഞ‌ാനീ കസേരയിലല്ല. മറ്റൊരു കസേരയിലാണ്. അവരിൽ ചിലർ പിന്നൊരു കാലത്ത് ചില ശീലങ്ങൾക്കൊക്കെ ഇടയിലിരുന്ന് പറയുകയാണ് ''ഹ!, അതൊക്കെ ഞങ്ങള് കെട്ടിച്ചമച്ചതല്ലേ'', എന്ന്. അതൊക്കെ അറിയാമല്ലോ എല്ലാവർക്കും. ഇതൊക്കെ ചരിത്രത്തിന്‍റെ ഭാഗമാണ് കേട്ടോ. അതൊക്കെ കടന്നാണ് ഞാനിവിടെ വന്നിരുന്നത്. അതുകൊണ്ട് ഇതെന്നെ തളർത്തുമെന്ന് നിങ്ങൾ കരുതണ്ട. എനിക്ക് വേറെ പണിയുണ്ട്'', എന്ന് മുഖ്യമന്ത്രി.

''നിങ്ങള് നേരായ വഴിക്ക് ചിന്തിക്കണം. ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തകരാണ് നിങ്ങൾ. വിവാദങ്ങളിലേക്ക് നിങ്ങൾ പോയി. അത് വേണ്ട'', എന്ന് മുഖ്യമന്ത്രി. 

''കഴിഞ്ഞ ദിവസം വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിവസങ്ങളിൽ കാണാമെന്ന് പറഞ്ഞായിരുന്നു. അതത് ദിവസത്തെ പ്രധാന കാര്യങ്ങളാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്താസമ്മേളനത്തിൽ ഉദ്ദേശിച്ചിട്ടില്ല'', എന്ന് പറഞ്ഞ മുഖ്യമന്ത്രി, ആദ്യത്തെ കൊവിഡ് കേസ് മുതലുള്ള എല്ലാ കാര്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു. മുൾമുനയിൽ നിന്ന സംസ്ഥാനം അഭിമാനകരമായ രീതിയിലാണ് കൊവിഡ് ഭീഷണി നിയന്ത്രണവിധേയമാക്കിയത്. എന്നാൽ, ആശ്വസിക്കാനുള്ള സമയമായിട്ടില്ല, ഓർക്കണം - മുഖ്യമന്ത്രി പറഞ്ഞു. 

Read more at: "ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും"; സ്പ്രിംക്ലർ വിവാദത്തിൽ മുഖ്യമന്ത്രി

''ഇത്ര വിശദീകരിച്ചത് നമ്മൾ സുരക്ഷിതരാണെന്ന് ചിലർ ധരിച്ചതുകൊണ്ടാണ്. അതല്ല അവസ്ഥ. നമ്മൾ ജാഗ്രത തുടരേണ്ട കാലമാണ്. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിരവധിപ്പേർ നിരത്തിലിറങ്ങി. വലിയ തിരക്കുണ്ടായെന്ന് പല കേന്ദ്രങ്ങളിലും റിപ്പോർട്ട് വന്നു. കർശനമായി നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം'', മുഖ്യമന്ത്രി വ്യക്തമാക്കി. 

തത്സമയസംപ്രേഷണം: