ദില്ലി: സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ യുവ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കടുത്ത പ്രതിസന്ധി. ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 43 ഡോക്ടർമാർ അടക്കം 76 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. രോഗികളുടെ തുടർ പരിശോധന നിർത്തി. അടിയന്തിര ശസ്ത്രക്രികൾ അടക്കമുള്ളവ തടസ്സപ്പെടാതെ ബാക്കിയെല്ലാ സേവനങ്ങളും വെട്ടിച്ചുരുക്കും. ആശുപത്രി അണുവിമുക്തമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.

സ്പെയിനിൽ നിന്നെത്തിയ മാർച്ച് 1 മുതൽ 11 ദിവസം ഡോക്ടർ നിരീക്ഷണത്തിലിരിക്കാതെ ആശുപത്രിയിലെ സുപ്രധാന യോഗങ്ങളിൽ വരെ പങ്കെടുത്തു. 10-നും 11-നും രോഗികളെ പരിശോധിച്ചു. ഇതോടെയാണ് സമ്പർക്ക പട്ടിക വലുതായത്. 5 വകുപ്പ് മേധാവികളടക്കം 43 ഡോക്ടർമാർ. ഇതിൽ 26 പേരുടേതും ഹൈ റിസ്ക് സമ്പർക്കം.  നിലവിൽ പുറത്തുവിട്ട പട്ടികയിൽ രോഗികളില്ല. രണ്ട് ദിവസം ഡോക്ടർ ഒപിയിൽ രോഗികളെ പരിശോധിച്ചിരുന്നുവെന്നാണ് വിവരം.

നിലവിൽ 18 നഴ്സുമാരും 13 ടെക്നിക്കൽ സ്റ്റാഫും പട്ടികയിലുണ്ട്. ഇവരുടെ കുടുംബങ്ങൾ കൂടി രണ്ടാംഘട്ട സമ്പർക്ക പട്ടികയിൽ വരുന്നതോടെ എണ്ണം ഇനിയും കൂടും. ഇത്തരത്തിൽ വിശദമായ സമ്പർക്ക പട്ടിക ഇനിയും പുറത്തിറക്കേണ്ടതുണ്ട്. 

വിദഗ്ധ ഡോക്ടർമാരടക്കം ജീവനക്കാർ ഒറ്റയടിക്ക് പോവുന്നതോടെ വലിയ പ്രതിസന്ധിയാണുണ്ടാകുക. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമേ നടക്കൂ. തുടർ പരിശോധനകൾ നിർത്തി. ഒപിയിൽ അടിയന്തിര പരിശോധനകൾ മാത്രമേ നടക്കൂ. തുടർ പരിശോധനകൾ ഉണ്ടാകില്ല. അടിയന്തര സാഹചര്യമില്ലാത്ത രോഗികളെ ഡിസ്ചാർജ് ചെയ്ത് തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.  

Read more at: ശ്രീചിത്രയിലെ വകുപ്പ് മേധാവികളടക്കമുള്ള ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍; ശസ്ത്രക്രിയകൾ മാറ്റി

ഇദ്ദേഹത്തിന് രോഗികളുമായി സമ്പർക്കമുണ്ടാകാനുള്ള സാധ്യത പരിശോധിക്കുകയാണ്. രോഗലക്ഷണം കണ്ട എട്ടാം തീയതിക്ക് ശേഷവും സാഹചര്യം മുൻകൂട്ടിക്കണ്ട് ഡോക്ടറെ നിരീക്ഷണത്തിലേക്ക് മാറ്റുന്നതിൽ വലിയ വീഴ്ചയുണ്ടായോ എന്നാണ് പരിശോധിക്കുക. ഇക്കാര്യത്തിൽ വിശദമായ അന്വേഷണമുണ്ടാകും. 

സ്പെയിനിനെ ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസവും ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർ പിന്നീടാണ് നിരീക്ഷണത്തിലേക്ക് മാറിയത്. പോകുന്നതിന് മുൻപ് ഇദ്ദേഹം മെഡിക്കൽ സൂപ്രണ്ടിനെ കണ്ടാണ് മടങ്ങിയത്. അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുത്ത പരിപാടിയിൽ ഡോക്ടറുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനും സംസ്ഥാനസർക്കാരിനും ആശുപത്രി റിപ്പോർട്ട് നൽകിയിട്ടുണ്ട്.