തിരുവവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് സൂപ്പര്‍ സ്പ്രെഡ് പൂന്തുറയിൽ . ഒരാളിൽ നിന്ന് ഒരുപാട് പേരിലേക്ക് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് പൂന്തുറയിലെന്നും അത് സമൂഹ വ്യാപനം ആണെന്ന് പറയാനാകില്ലെന്നുമാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും വിശദീകരിക്കുന്നത്. ഇന്ന് മാത്രം 54 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായത്. അതിൽ നാല് മാസം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. 

അത്യന്തം ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് പൂന്തുറ തീരദേശ മേഖലയിൽ നിലനിൽക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും വിശദീകരിച്ചു. 25 കമാന്റോകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ മത നേതാക്കളുടെ പിന്തുണയും തേടിയിട്ടുണ്ട് .പൂന്തുറയിലേക്ക് ആരേയും പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം .കരയിലും കടലിലും ലോക്ക് ഡൗൺ ശക്തമാക്കും. 

ആരോഗ്യ പ്രവര്‍ത്തകരുടെ ആറ് സംഘങ്ങളെ പൂന്തുറയിലേക്ക് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇവരെല്ലാം തീരദേശ മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്. അണുനശീകരണം നാളെയും മറ്റന്നാളും വ്യാപകമാക്കും.10 ന് പൂന്തുറയിലെ മുഴുവൻ വീടുകളിലും അണുനശീകരണം നടത്തും. പരിസരത്തെ വാർഡുകളിലും അണുനശീകരണം നടത്തും. ജനങ്ങൾ അണുനശീകരണത്തിന് മുൻ കൈ എടുക്കണമെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികൾ ആഹ്വാനം ചെയ്തു. 

ടെലി ഡോക്ടർ സേവനം 24 മണിക്കൂറും ലഭ്യമാക്കും. തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള വള്ളങ്ങളും ബോട്ടുകളും പുന്തുറയിലേക്ക് പ്രവേശിപ്പിക്കില്ല. അടുത്ത 3 ദിവസം പൂന്തുറയിൽ റേഷൻ വിതരണം
റേഷൻ കട ഏഴ് മുതൽ പതിനൊന്ന് മണിവരെ പ്രവര്‍ത്തിക്കും.