കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ലെന്നും നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയിൽ നിന്നുള്ള മോചനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ​ഗുരുവിനേയും പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം. പ്രസം​ഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയിൽ വരാനായത് സൗഭാഗ്യമാണെന്നും പറഞ്ഞു.

87 ന് മുമ്പ് ഗുജറാത്തിൽ ബിജെപി ഒന്നും അല്ലായിരുന്നു. 87 ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി പിടിച്ചു. പിന്നെ ഗുജറാത്ത്‌ പിടിച്ചടക്കി. ഇപ്പോൾ തിരുവനന്തപുരം കോർപറേഷൻ. ഇനി കേരളം ബിജെപിയുടെ കയ്യിൽ വരുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ എല്ലാ പിന്തുണയും നൽകും. കേരളത്തെ മാറ്റാനുള്ള സമയമാണ് അടുത്ത തിരഞ്ഞെടുപ്പ്. നിങ്ങൾ ഇതുവരെ കണ്ടത് രണ്ട് പക്ഷം മാത്രമാണ്. എൽഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതൽ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്. 

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അജണ്ട ഒന്നാണ്. ഇരു മുന്നണികകളുടെ ചിന്നങ്ങൾ രണ്ടാണ്. പക്ഷേ അജണ്ട ഒന്നാണ്. അഴിമതിയും പ്രീണനവും മാത്രം. സർക്കാർ മാറിയാലും ഇവിടെ സിസ്റ്റം മാറുന്നില്ല. ഇത് ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാർ ഉണ്ടാകേണ്ട സമയമാണ്. ആ ദൗത്യം ബിജെപി നിറവേറ്റും. അഞ്ച് വർഷം കൂടുമ്പോൾ ഇവിടെ എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുകയാണ്. ത്രിപുരയിൽ സിപിഎമ്മിന്റെ അടയാളം പോലും അവശേഷിക്കുന്നില്ല. ഇനി കേരളത്തെ മോചിപ്പിക്കണമെങ്കിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തൂത്തെറിയണമെന്നും അഡ്ജസ്റ്റ്മെന്റ് ഭരണം അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

എൽഡിഎഫ് വികസനത്തിന്റെ ശത്രുവാണ്. കേന്ദ്രപദ്ധതികളുടെ നേട്ടം ജനങ്ങൾക്ക് നിഷേധിക്കുന്നു. പിഎം ആവാസ് യോജനയും പിഎം ശ്രീയും നടപ്പാക്കിയില്ല. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പിഎംശ്രീയുടെ ഗുണം നിഷേധിച്ചു. എൽഡിഎഫിനെ മര്യാദ പഠിപ്പിക്കേണ്ട സമയമാണ്. 2014 ന് മുമ്പ് ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാരും ഒന്നും ചെയ്തില്ല. കർഷകർക്കുള്ള പണം പോയത് അവരുടെ പോക്കറ്റുകളിലേക്കാണ്. ഇടത് പിന്തുണയുള്ള കോൺഗ്രസ് സർക്കാർ. കോൺഗ്രസ് യുവാക്കളോട് എല്ലായ്പ്പോഴും ചെയ്തത് ചതിയാണ്. കേരളത്തിലും ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അനിവാര്യമാണ്. അടിസ്ഥാന സൗകര്യ മേഖലയെ ഇരു മുന്നണികളും അവഗണിച്ചു. അഴിമതിയായിരുന്നു അവർക്കു മുഖ്യം. കേരള വികസനത്തിന്‌ തടസ്സം അഴിമതിയാണ്. സഹകരണ ബാങ്കുകളെയും കൊള്ളയടിച്ചുവെന്നും മോദി പറഞ്ഞു.

ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സ്വർണ്ണകൊള്ള പ്രതികളെ ജയിലിൽ അടയ്ക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. കോൺഗ്രസിൽ ഇപ്പോൾ മുസ്ലീം ലീഗിലേക്കാൾ വർഗീയവാദികൾ. കോൺ​ഗ്രസ് രാജ്യത്തെ വർഗ്ഗീയതയുടെ പരീക്ഷണ ശാലയാക്കി. കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് -മാവോ കോൺഗ്രസ്. മുസ്ലിം ലീഗിന്റെ അജണ്ട ആണ് കോൺഗ്രസ് നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു. ഇതാണ് ശരിയായ സമയം. ഇതാണ് എൻഡിഎ സർക്കാരിനുള്ള സമയം. 25 വർഷത്തേക്കുള്ള വികസന പദ്ധതി വേണം. വരൂ ബിജെപി ക്കൊപ്പം വികസനം തുടങ്ങാമെന്നും മോദി പറഞ്ഞു.

വമ്പൻ പ്രഖ്യാപനങ്ങൾ നടത്താതെ മോദി

പാർട്ടി വേദിയിലും വമ്പൻ പ്രഖ്യാപനങ്ങൾ നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന ന​ഗരം കാത്തിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. നേരത്തെ, അതിവേഗ റെയിൽ പാത മോദി പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചെയ്ത മോദി ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റേയും ശ്രീചിത്ര റേഡിയോ ചികിത്സാ സെന്ററിൻ്റേയും തറക്കല്ലിടലും മാത്രമാണ് നിർവ്വഹിച്ചത്. പുത്തരിക്കണ്ടത്തെ പരിപാടിയിൽ പാർട്ടി വേദിയിൽ കൂടുതൽ സംസാരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ വിമർശനമല്ലാതെ കേരളത്തിന് പുതുതായി ഒന്നും പ്രഖ്യാപിച്ചില്ല. യുഡിഎഫിനേയും എൽഡിഎഫിനേയും തൂത്തെറിയണമെന്നും വികസനത്തിലൂന്നിയ സർക്കാർ വരണമെങ്കിൽ ബിജെപി വിജയിക്കണമെന്നുമായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ ചുരുക്കം. 

YouTube video player