തിരുവനന്തപുരം: കൊവിഡ് 19 സംശയിക്കുന്നതിന്‍റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ നിര്‍ദേശം അവഗണിച്ച് പുറത്തിറങ്ങി അപകടത്തില്‍പെട്ടു. ഗുരുതരമായി അപകടത്തില്‍പെട്ട് കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും നിരീക്ഷണത്തിലായിരുന്ന വിവരം ആദ്യം അറിയിച്ചില്ല. ഇതോടെ ഇയാളെ പരിചരിച്ച രണ്ട് ആശുപത്രികളിലേയും ഡോക്ടര്‍മാരുൾപ്പെടെ 50ലേറെപ്പേരെ വീടുകളിലും ആശുപത്രികളിലും നീരീക്ഷണത്തിലാക്കി . അപകടത്തില്‍പെട്ട ആളുടെ സ്രവ പരിശോധനഫലം വൈകിട്ടോടെ ലഭിക്കും.

പത്ത് ദിവസം മുമ്പ് സൗദിയില്‍ നിന്നെത്തിയ ആളാണ് ഭാര്യക്കും കുട്ടിക്കുമൊപ്പം സഞ്ചരിക്കവെ പുനലൂരില്‍ വച്ച് വാഹനാപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആംബുലൻസില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു . ഇവിടെ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്കയച്ചു. അര്‍ധരാത്രി 12 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ അത്യാഹിത വിഭാഗത്തിലെത്തിയ ഇയാള്‍ക്ക് ശ്വാസകോശത്തില്‍ ട്യൂബിടുന്നതടക്കം ചികിത്സ നല്‍കി. 

Also Read: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രതിസന്ധി; 30 ഡോക്ടര്‍മാര്‍ കൊവിഡ് നിരീക്ഷണത്തിൽ

ശസ്ത്രക്രിയ, ഇഎൻടി, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം സിടി സ്കാനിനും ഇയാള്‍ക്ക് വിധേയനാക്കി. വാര്‍ഡിലും ഓപറേഷൻ തിയേറ്ററിലും കൊണ്ടുപോയി. ഇതിനെല്ലാം ശേഷമാണ് നിരീക്ഷണത്തിലായിരുന്ന ആളാണ് രോഗി എന്നറിയുന്നത്. ഇതോടെ രോഗിയെ കോവിഡ് 19ന്‍റെ ഭാഗമായി തയാറാക്കിയ ഐ സിയുവിലേക്ക് മാറ്റി. 

തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരേയും നഴ്സുമാരേയും സെക്യൂരിറ്റി അടക്കം മറ്റ് ജീവനക്കാരേയും നിരീക്ഷണത്തിലാക്കി. ഇയാളെ ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ച പൊലീസുകാരും ആംബുലൻസ് ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇന്ന് വൈകിട്ടോടെ കിട്ടുന്ന പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ ഇപ്പോൾ നിരീക്ഷണത്തിലുള്ളവര്‍ക്ക് അത് അവസാനിപ്പിക്കാം. പോസിറ്റീവ് ആയാല്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ഇത്രയധികം ജീവനക്കാര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പോലും ഇത് സാരമായി ബാധിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക