കോഴിക്കോട്: കേരളത്തില്‍ നിന്നും പാല്‍ വാങ്ങുന്നത് പൂര്‍ണ്ണമായും നിര്‍ത്തി തമിഴ്നാട്. കൊവിഡ് ഭീഷണിയെ തുടര്‍ന്നാണ് നീക്കം എന്നാണ് തമിഴ്നാട് പറയുന്നത്. ഇതോടെ മിൽമ മലബാർ മേഖല യൂണിയനിൽ പാൽ സംഭരണം  പ്രതിസന്ധിയിലായി. നാളെ മുതൽ കർഷകരിൽ നിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സാഹചര്യമെന്ന് മിൽമ മലബാർ മേഖല യൂണിയൻ അറിയിച്ചു. പാൽപൊടി നിർമാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലീറ്റർ പാലായിരുന്നു കേരളം തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്, ഇതാണ് തമിഴ്നാട് നിർത്തലാക്കിയത്.

അതേ സമയം പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്നാട് സര്‍ക്കാരുമായി കേരളം ധാരണയിലെത്തിയിരുന്നു. കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട്ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ അതിര്‍ത്തികൾ തമിഴ്നാട് അടച്ചിട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ചരക്ക് നീക്കം സുഗമമാക്കാനുള്ള ധാരണയിലേക്ക് കേരളവും തമിഴ്നാടും എത്തുന്നത്. 

പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ ശേഖരിക്കാൻ തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അതിര്‍ത്തിയിൽ അണുവിമുക്തമാക്കും. കേരളത്തിലേക്ക് തിരിച്ചെത്തുന്ന വാഹനങ്ങളും ഇത് പോലെ തന്നെ ചെയ്യും. നടുപ്പുണി ചെക്പോസ്റ്റിൽ മന്ത്രി കെ കൃഷ്ണൻകുട്ടി, തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ പൊളളാച്ചി ജയരാമൻ, ഇരുസംസ്ഥാനങ്ങളിലെയും ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരാണ് ചര്‍ച്ച നടത്തിയത്.