കാസർകോട്: അസാധാരണ സാഹചര്യത്തിലേക്കാണ് കാസർകോട് ജില്ല എത്തിച്ചേർന്നിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ഒരു വ്യക്തി നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് നിലവിലെ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. മാർച്ച് 11ന് രാവിലെയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. ദുബായിൽ നിന്നാണ് എത്തിയത്. 

എത്തിയ ദിവസം കോഴിക്കോട് നഗരത്തിൽ ഒരു ഹോട്ടലിൽ തങ്ങിയ ഇയാൾ അടുത്ത ദിവസം (മാർച്ച് 12ന്) മാവേലി എക്സ്പ്രസിന്‍റെ എസ് 9 കോച്ചിലാണ് കാസർകോട്ടേക്ക് പോയത്. അത് വരെ ഇയാൾ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നു. 

കാസർകോട്ടെത്തിയ ശേഷം ഇയാൾ ബന്ധുവീട്ടുകളും, മറ്റും സന്ദർശിച്ചു. കല്യാണ വീട്ടിൽ എത്തി. അവിടെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചു. 
ഇതിന് ശേഷം ഗ്രൗണ്ടിൽ പോയി ഫുട്ബോൾ കളിച്ചു. മൂന്ന് കല്യാണങ്ങൾക്ക് ഇയാൾ പങ്കെടുത്തുവെന്നാണ് വിവരം. ഒരു മരണ വീട്ടിലും ഇയാൾ പോയിട്ടുണ്ട്. ഇതിന് പുറമേ പല പൊതു പരിപാടികളിലും ഇയാൾ പങ്കെടുത്തതായും, പല ബന്ധു വീട്ടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോയതായും വിവരമുണ്ട്. 

അതായത് 12-ാം തീയതി മാവേലി എക്സ്പ്രസിൽ എസ് 9 കോച്ചിൽ സഞ്ചരിച്ചവരുടെ വിവരങ്ങൾ എടുക്കേണ്ടതായുണ്ട്. 12-ാം തീയതി മുതൽ 17-ാം തീയതി വരെ ഇദ്ദേഹം കാസർകോടുണ്ടായിരുന്നു. ഇതിനിടെ പല പൊതുപരിപാടികളിലും രോഗി പങ്കെടുത്തിട്ടുണ്ട്. മൂന്ന് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു, ഒരു ഫുട്ബോൾ മത്സരത്തിൽ കളിക്കാനിറങ്ങി, മറ്റൊരു പൊതുപരിപാടിയിലുമെത്തി. ഇദ്ദേഹത്തിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് തീർത്തും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് തന്നെയാണ് കാസർകോട് ജില്ലാ ഭരണകൂടം വ്യക്തമാകുന്നത്. 

ഇയാളുടെ ഉറ്റ ബന്ധുക്കളായ രണ്ട് സ്ത്രീകളും രണ്ടര വയസുള്ള കുഞ്ഞും ഇപ്പോൾ കൊവിഡ് പോസിറ്റീവാണ്. ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ശേഷിക്കുന്ന രണ്ടു പേരിൽ ഒരാൾ 52 വയസു കാരനാണ്. ഈ മാസം17ന് ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി. രണ്ടാമത്തെയാൾക്ക് 27 വയസാണ്. ഇയാൾ 17ന് ദുബൈയിൽ നിന്നും മംഗലാപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ്.