ചെന്നൈ: നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് സ്വദേശികൾ ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി ആരോഗ്യ വകുപ്പ്. മാർച്ച് 18 നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായി  മദ്രാസ് ഹൈക്കോടതിയിലേക്കുള്ള പ്രതിഷേധ റാലി. പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരിൽ രോഗ ലക്ഷണം ഉള്ളവർ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 

ഈറോഡ് , സേലം കൊയമ്പത്തൂര്‍ എന്നിവിടങ്ങിളിൽ നിന്നുള്ളവര്‍ക്ക് നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുമായി ബന്ധമുണ്ടെന്നാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് കണ്ടെത്തുന്നത്. ഈറോഡിലെ മൂന്ന് പള്ളികളിൽ മലേഷ്യൻ സ്വദേശികൾ പ്രാര്‍ത്ഥന ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഇവിടത്തെ ഒമ്പത് തെരുവുകൾ ബഫര്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് ആയിരത്തി അഞ്ഞൂറോളം പേരെ നിരീക്ഷണത്തിൽ കഴിയാനായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കും തരത്തിലുള്ള കൊവിഡ് ലക്ഷണം ഉള്ളവരെല്ലാം ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന കര്‍ശന നിര്‍ദ്ദേശവും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. 

ദില്ലിയിലെ ഹസ്‍രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ മാർച്ച് 13 -നും 15-നും ഇടയിൽ നടന്ന തബ്‍ലീഹ് ജമാ അത്ത് എന്ന ചടങ്ങിൽ തായ്‍ലൻഡിൽ നിന്നും, ഫിലിപ്പീൻസിൽ നിന്നും, മലേഷ്യയിൽ നിന്നുമെത്തിയ പ്രതിനിധികളടക്കം പങ്കെടുത്തിരുന്നു. ഇവിടെ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തിരുന്നു. വാർഷികപരിപാടിയായ തബ്‍ലീഹ് ജമാ അത്തിലേക്ക് എല്ലാ വർഷവും നിരവധിപ്പേരാണ് ഒഴുകിയെത്താറുള്ളത്. ഇതിൽ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ്, ചടങ്ങ് ശ്രദ്ധാകേന്ദ്രമായത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക