എറണാകുളം: എറണാകുളം ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്നും തിരികെ വന്ന രണ്ടു പേരും,  ജില്ലയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവ് ആയ 22 വയസ്സുള്ള, എറണാകുളം സ്വദേശിയായ യുവാവ്, 15 ന് ഫ്രാൻസിൽ നിന്നും ദില്ലി വരെയും, തുടർന്ന് മാർച്ച് 16 ന്  വിമാനമാർഗം തന്നെ കൊച്ചിയിലേക്കും എത്തി. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശത്തെത്തുടർന്ന് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.  

ഇദ്ദേഹത്തോടൊപ്പം ഒരേ ഫ്ളൈറ്റിൽ, ഫ്രാൻസിൽ നിന്നും തിരികെ വന്ന 23 വയസ്സുള്ള എറണാകുളം സ്വദേശിയായ യുവാവാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. മാനദണ്ഡ പ്രകാരമുള്ള നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും, ചെറിയ തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ പരിശോധനയ്ക്കയക്കുകയായിരുന്നു. 

മാർച്ച് 22 ന് കോവിഡ് സ്ഥിരീകരിച്ച  61 വയസ്സുകാരനുമായി അടുത്തിടപഴകിയ 37 വയസ്സുള്ള യുവാവാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയ എല്ലാവരുടെയും വിശദ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.  61 പേരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3274. ആണ്. അതേ സമയം നേരത്തെ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 1134 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.